കണ്ണൂർ: സിപിഎം എംഎൽഎമാരില്ലാത്തതുകൊണ്ട് തന്നെ നിയമസഭാ അംഗങ്ങളെ ആരേയും വിളിക്കേണ്ടെന്നായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം. ഇതാണ് ഷുഹൈബ് കൊലയിലെ സമാധാന ചർച്ച അലങ്കോലമാക്കിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടരി പി ജയരാജന്റെ മറുപടിയായിരുന്നു പ്രശ്‌നം വഷളാക്കിയത്. രാഷ്ട്രീയ പാർട്ടികളുടെ ചർച്ചയിൽ രാജ്യസഭാ അംഗമായ കെകെ രാഗേഷ് ഡയസിലിരുന്നതായിരുന്നു പ്രശ്‌നത്തിന് കാരണം. തുടക്കത്തിലേ രാഗേഷിനെ ഡയസിൽ നിന്ന് മാറ്റിയുരന്നുവെങ്കിൽ പ്രശ്‌നം ഒഴിവാക്കാമായിരുന്നു. എന്നാൽ ഒരു എംഎൽഎയും വേദിയിൽ ഇല്ലാത്തതു കൊണ്ട് തന്നെ ന്യായങ്ങൾ പറഞ്ഞ് മന്ത്രി എകെ ബാലനെ വെട്ടിലാക്കാൻ കെസി ജോസഫും സണ്ണി ജോസഫും കെഎം ഷാജിയും എത്തിയതോടെ കളി കൈവിടുകയായിരുന്നു.

സമാധാന ചർച്ചയ്ക്ക് പോയി സിപിഎമ്മുമായി ചായകുടിച്ച് പിരിയുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം അതിരൂക്ഷമായി രംഗത്ത് വന്നിരുന്നു. ഷുഹൈബിന്റെ കൊലയിൽ സിപിഎം നേതൃത്വത്തിനാണ് പങ്ക്. അറസ്റ്റ് ചെയ്തത് ഡമ്മി പ്രതികൾ. ഇങ്ങനെ അന്വേഷണത്തിന്റെ പേരിൽ കണ്ണിൽ പൊടിയിടുമ്പോൾ എന്തിനാണ് സമാധാന ചർച്ചയെന്ന ചോദ്യമാണ് കോൺഗ്രസിലെ സുധാകര പക്ഷം ഉയർത്തിയത്. മുസ്ലിം ലീഗും ഇതേ നിലപാടിലായിരുന്നു. എന്നാൽ സമാധാനത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന ഗാന്ധിയൻ ആശയത്തിനൊപ്പം നിലകൊള്ളനാണ് കെപിസിസിയുടെ നിർദ്ദേശം. ഇതനുസരിച്ചായിരുന്നു കോൺഗ്രസ് സമാധാന ചർച്ചയ്ക്ക് എത്തിയത്. എന്നാൽ സിപിഎമ്മിന്റെ എടുത്തു ചാടിയുള്ള ഇടപെടൽ കാരണം സമാധാന യോഗത്തിൽ ഇരിക്കാതെ പ്രവർത്തകരുടെ വികാരം മാനിക്കാൻ കോൺഗ്രസിനാവുകയും ചെയ്തു.

സമാധാന ചർച്ചയിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് സെക്രട്ടറി പി ജയരാജനും കെസി സഹദേവനുമാണ് എത്തിയത്. കോൺഗ്രസിൽ നിന്ന് സതീശൻ പാച്ചേനിയും സുരേന്ദ്രനും. ഇതിനിടെയാണ് ഡയസിലിരിക്കാൻ രാകേഷ് എംപി എത്തിയത്. രാജ്യസഭാ അംഗമായ രാകേഷിനെ ആരാണ് ചർച്ചയ്ക്ക് വിളിച്ചതെന്ന് പാച്ചേനി ചോദിച്ചു. ജനപ്രതിനിധിയെന്ന നിലയിലാണ് എത്തിയതെന്നായിരുന്നു ഇതിന് പി ജയരാജൻ നൽകിയ മറുപടി. അങ്ങനെ എങ്കിൽ എന്തുകൊണ്ട് യുഡിഎഫ് എംഎൽഎമാരെ വിളിച്ചില്ലെന്നായി കോൺഗ്രസിന്റെ ചോദ്യം. ഇതോടെ ജനപ്രതിനിധിയെന്ന പരിഗണന നൽകി രാകേഷിനെ ഡയസിലിരിക്കാൻ അനുവദിക്കണമെന്ന് മന്ത്രി ബാലൻ ആവശ്യപ്പെട്ടു. ഇതെല്ലാം കണ്ടും കേട്ടും കടകംപള്ളി ഒന്നും പറയാതെ ഇരുന്നു. ചർച്ച കൊഴുകുമ്പോൾ കെസി ജോസഫും സണ്ണി ജോസഫും കെ എം ഷാജിയും വേദിയിലേക്ക് എത്തി.

നാളെ മുതൽ തൃശൂരിൽ സിപിഎം സംസ്ഥാന സമ്മേളനമാണ്. സിപിഎം എംഎൽഎമാരെല്ലാം അതിന്റെ തിരക്കിലാണ്. ഇതുകൊണ്ടാണ് എംഎൽഎമാരെ വിളിക്കേണ്ടതില്ലെന്ന് ഇടത് സർക്കാർ തീരുമാനിച്ചത്. സ്ഥലം എംപിയായ പികെ ശ്രീമതിയും പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാണ്. അതിനാൽ ശ്രീമതിയും എത്തിയില്ല. എന്നാൽ സ്ഥലത്തുണ്ടായിരുന്ന രാകേഷിനെ യോഗത്തിന് വിളിക്കുകയും ചെയ്തു. രാജ്യസഭാ അംഗമാണ് രാകേഷ്. അതുകൊണ്ട് തന്നെ രാകേഷിനെ വേദിയിലിരുത്താൽ അനുവദിക്കില്ലെന്ന് കോൺഗ്രസുകാർ പറഞ്ഞു. ഇന്ന് രാവിലെ എഡിഎമ്മിനെ ബന്ധപ്പെട്ടപ്പോഴും യോഗത്തിന് ജനപ്രതിനിധികളെ ക്ഷണിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കെസി ജോസഫ് പറഞ്ഞു. അതുകൊണ്ട് തന്നെ രാകേഷിനെ ജനപ്രതിനിധിയായി പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നിർബന്ധം പിടിക്കുകയും തർക്കങ്ങൾക്കൊടുവിൽ യോഗം ബഹിഷ്‌കരിക്കുകയുമായിരുന്നു.

ബഹളം തുടരുമ്പോൾ കലക്ടറും പൊലീസും ഉത്തരംമുട്ടി ഇരിക്കുകയായിരുന്നു. യു.ഡി.എഫ് എതിർപ്പിനൊടുവിൽ കെ.കെ രാഗേഷ് വേദിയിൽ നിന്നും മാറി സദസ്സിനൊപ്പം ഇരുന്നുവെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ യു.ഡി.എഫ് തയ്യാറായില്ല. ഈ നാടകം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് യു.ഡി.എഫ് എത്തിയതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. സമാധാന യോഗത്തിനു ശേഷം മറ്റ് കാര്യങ്ങൾ പറയാമെന്നും അദ്ദേഹം വിശദീകരിച്ചു. യു.ഡി.എഫിന്റെ ജനപ്രതിനിധികളെ ആരേയും ക്ഷണിക്കാത്ത യോഗത്തിൽ സിപിഎം എംപി കെ.കെ രാഗേഷിനെ ക്ഷണിക്കുകയും മന്ത്രിക്കും കലക്ടർക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനുമൊപ്പം വേദിയിൽ ഇരിപ്പിടം നൽകുകയും ചെയ്തതാണ് യു.ഡി.എഫിനെ പ്രകോപിപ്പിച്ചത്. രാഗേഷ് വേദിയിൽ ഇരിക്കുന്നതിനെ ന്യായീകരിച്ച മന്ത്രി എ.കെ ബാലൻ, രാഗേഷ് വേദിയിൽ തന്നെ ഇരിക്കട്ടെ എന്ന് ആദ്യം നിർദ്ദേശിച്ചതും പ്രശ്‌നം വഷളാക്കി.

എംഎ‍ൽഎമാരെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കെ.എം ഷാജി ആവശ്യപ്പെട്ടു. ആദ്യമായാണ് ജില്ലയിൽ ഇത്തരത്തിൽ എംഎ‍ൽഎമാരെ വിളിക്കാതെ സമാധാന യോഗം ചേരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. സിപിഎം സമ്മേളനം നടക്കുന്നതിനാൽ സിപിഎം എംഎ‍ൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷ എംഎ‍ൽഎമാരെയും ഒഴിവാക്കിയതെന്ന് ഇവർ ആരോപിച്ചു. എന്നാൽ ഇന്നത്തെ യോഗം സർവകക്ഷിയോഗമാണെന്നും രണ്ടു പേരെ മാത്രമാണ് ഒരു പാർട്ടിയിൽ നിന്ന് ക്ഷണിച്ചിരിക്കുന്നതെന്നും ഇതിനു ശേഷം ജനപ്രതിനിധി യോഗം വിളിക്കുമെന്നും മന്ത്രി എ.കെ ബാലൻ അറിയിച്ചു. അപ്പോഴും രാകേഷിനെ ക്ഷണിച്ചതിന് കൃത്യമായ ഉത്തരം നൽകാനായില്ല.

മന്ത്രി നിയന്ത്രിക്കേണ്ട യോഗം പി ജയരാജൻ നിയന്ത്രിക്കുന്നത് നാണക്കേടാണെന്ന് പാച്ചേനി കുറ്റപ്പെടുത്തി. പാച്ചേനിയുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയുന്നിതിന് പകരം പി.ജയരാജൻ മറുപടി പറഞ്ഞത് തർക്കം വഷളാക്കിയത്. പി.ജയരാജൻ നിയന്ത്രിക്കുന്ന ഒരു യോഗത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് യോഗം ബഹിഷ്‌കരിച്ചതെന്ന് പുറത്തെത്തിയ യു.ഡി.എഫ് എംഎ‍ൽഎമാർ പറഞ്ഞു. സമാധാനമുണ്ടാക്കാനല്ല, സമാധാനഭംഗമുണ്ടാക്കാനാണ് സിപിഎമ്മിന്റെ താത്പര്യമെന്ന് വ്യക്തമായി എന്ന് പാച്ചേനി കുറ്റപ്പെടുത്തി.

പി ജയരാജൻ നിയന്ത്രിക്കുന്ന ഒരു യോഗത്തിന് പോയി ഇരിക്കേണ്ട ഗതികേടില്ലെന്ന് കെ എ ഷാജി എംഎൽഎയും പ്രതികരിച്ചു. യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നേതാക്കൾ പ്രകടനമായി കെ. സുധാകരൻ നിരാഹാരം കിടക്കുന്ന പന്തലിലേക്ക് നീങ്ങി.