കണ്ണൂർ: സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറുണ്ടായത് തലശ്ശേരി മേഖലയിലെ ജനങ്ങളിൽ ഭീതി ഉളവാക്കി. അണ്ടലൂരിലെ ആർ.എസ്. എസ്. പ്രവർത്തകൻ സന്തോഷ് കമാറിന്റെ കൊലപാതകത്തോടെ സംഘർഷാവസ്ഥയിലായ തലശ്ശേരി മേഖലയിലെ ഗ്രാമങ്ങൾ സാധാരണ നില കൈവരിക്കുമ്പോഴാണ് പ്രസംഗവേദിക്ക് സമീപം ബോംബേറ് നടന്നത്.

ബിജെപി ക്കാർ കൊല ചെയ്ത ഡിവൈഎഫ്ഐ. പ്രവർത്തകൻ കെ.പി. ജിതേഷിന്റെ രക്തസാക്ഷി സ്മാരക മന്ദിരം ഉത്ഘാടനം ചെയ്ത് കോടിയേരി പ്രസംഗിക്കവേയാണ് ബോംബ് സ്ഫോടനം നടന്നത്. വേദിക്ക് നൂറു മീറ്ററിനുള്ളിൽ പതിച്ച ബോംബിന്റെ ചീള് തെറിച്ച് ഒരു സിപിഐ(എം). പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ ബിജെപി. ക്കാരാണ് ബോബെറിഞ്ഞതെന്നും അവരെ പിൻതുടർന്ന് ഡിവൈഎഫ്ഐ. പ്രവർത്തകർ പോയെങ്കിലും രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു.

പൊലീസും സിപിഐ.(എം.) ഉം ചേർന്നുണ്ടാക്കിയ കൃത്രിമ കഥയാണ് ബോംബേറെന്നും ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആരോപിച്ചു. സിപിഐ.(എം.) ന്റെ കേന്ദ്രമാണ് നങ്ങാരത്ത് പീടിക. അവിടെ പോയി ബോംബെറിഞ്ഞുവെന്നത് അവരുണ്ടാക്കിയ കെട്ടു കഥയാണ്. അണ്ടലൂരിലെ സന്തോഷ് കുമാറിന്റെ കൊലക്ക് പ്രതിക്കൂട്ടിലായ സിപിഐ(എം). ന്റെ മുഖം രക്ഷിക്കാൻ വേണ്ടി നടത്തിയ നാടകമാണിത്. രക്തസാക്ഷി സ്മാരകം ഉത്ഘാടനം ചെയ്യുമ്പോൾ സിപിഐ(എം). വെടിക്കെട്ട് നടത്തിയിരുന്നു. അതിനിടെ അവർ സൂക്ഷിച്ച ബോംബ് അവരുടെ കൈയിൽ നിന്ന് പൊട്ടിയതാവാമെന്നും സത്യ പ്രകാശ് ആരോപിക്കുന്നു. ഈ സംഭവത്തോടെ തലശ്ശേരി മേഖലയിലെ ജനങ്ങൾ കടുത്ത ഭീതിയിലായിരിക്കയാണ്.

റിപ്പബ്ലിക് ദിന അവധിയായതിനാൽ കുടുംബത്തോടൊപ്പം നഗരത്തിലും പാർക്കുകളിലും കടലോരത്തും എത്തിയവർ ഉടൻ തന്നെ വീടുകളിലേക്ക് മടങ്ങി. തലശ്ശേരിയിൽ നടന്ന സംഭവത്തിന്റെ അലയടികൾ വടകര മേഖലയിലും ഉടൻ ഉണ്ടായി. ബോംബേറ് സംഭവത്തിൽ പ്രതിഷേധിച്ച് വടകര കോട്ടപ്പള്ളിയിലെ ബിജെപി. ഓഫീസ് സിപിഐ.(എം.) പ്രവർത്തകർ അടിച്ചു തകർത്തു. ഇതോടെ ഈ മേഖലയിലും സംഘർഷം ഉടലെടുത്തിരിക്കയാണ്. സിപിഐ.(എം.) നങ്ങാരത്ത് പീടികയിൽ ഒരുക്കിയ പ്രചാരണ സാമഗ്രികളിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയ നിലയിലും കാണപ്പെട്ടിരിക്കയാണ്.

സംഭവത്തിനു ശേഷവും പ്രസംഗം തുടർന്ന സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തകരോട് പ്രകോപനത്തിൽ വീണു പോകരുതെന്നും സമാധാന ശ്രമങ്ങൾ നടത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. ജില്ലയിൽ സർക്കാർ തലത്തിലും മറ്റ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സമാധാന ശ്രമങ്ങൾക്കായി ശാന്തിയാത്രയും ജനകീയ സംഗമവും നടന്നു വരവേയാണ് തലശ്ശേരിയിലെ ബോംബ് സ്ഫോടനം നടന്നത്.

തലശ്ശേരി ഡി.വൈ. എസ്‌പി.യുടെ നേതൃത്വത്തിൽ ബോംബ് സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് എറിഞ്ഞതാണെന്നും സംഭവ സ്ഥലത്ത് വച്ച് പൊട്ടിയതാണെന്നുമുള്ള രണ്ട് ആരോപണങ്ങളും ഇത് സംബന്ധിച്ച് നില നിൽക്കുന്നുണ്ട്.