കണ്ണൂർ : കതിരൂർ മനോജ് വധക്കേസിൽ പ്രതിചേർക്കപ്പെട്ട സിപിഐ.(എം) നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ചെറുക്കാൻ പാർട്ടി നടപടികൾ തുടങ്ങി. പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനെ സിബിഐ ഉടൻ അറസ്റ്റ് ചെയ്യുമെന്ന സൂചനകൾ ശക്തമായ സാഹചര്യത്തിലാണ്. സിബിഐ രാഷ്ട്രീയ ചട്ടുകമായി മാറുന്നുവെന്ന വാദവുമായി സിപിഐ(എം) വൻ പ്രതിഷേധവും ഉയർത്തും.

മധുസൂധനന്റെ അറസ്റ്റിനെ പ്രതിരോധിക്കാൻ പാർട്ടി പയ്യന്നൂർ മേഖലയിൽ പ്രതിഷേധസംഗമം നടത്തും. കേസിൽ പ്രതിചേർക്കപ്പെട്ട മധുസൂദനന് പാർട്ടി നേതൃത്വസ്ഥാനത്തു നിന്നും അവധി നൽകി. മനോജ് വധക്കേസിൽ പ്രതിപ്പട്ടികയിലുള്ള ഉന്നതനേതാവാണ് മധുസൂദനൻ. പാർട്ടി ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതല ഏരിയാ കമ്മിറ്റി അംഗം ജി.ഡി. നായർക്ക് നൽകിയിട്ടുണ്ട്. പ്രതിഷേധവും ശക്തിയും കാണിച്ചില്ലെങ്കിൽ കൂടുതൽ പേരെ സിബിഐ അറസ്റ്റ് ചെയ്യുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. പി ജയരാജൻ അടക്കമുള്ളവരെ

മനോജ് വധക്കേസിൽ സിപിഐ(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. എന്നാൽ ജയരാജൻ ഈ കേസിൽ പ്രതിപ്പട്ടികയിൽ ആയിട്ടില്ല. ഗൂഢാലോചനക്കേസിൽ ഉൾപ്പെടാനാണ് സാധൃത. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് ജയരാജനുള്ളത്. ഡോക്ടർമാർ ഒരുമാസത്തെ വിശ്രമത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാലാണ് ജയരാജന് പാർട്ടിനേതൃത്വത്തിൽനിന്നും അവധി അനുവദിച്ചത്.

എന്നാൽ മധുസൂദനന് അവധി നൽകിയതിന്റെ കാരണം പാർട്ടി വിശദീകരിച്ചിട്ടില്ല. മനോജ് വധക്കേസിൽ മുൻകൂർ ജാമ്യം തേടിയ മധുസൂദനന്റെ ഹർജി വാദം കേൾക്കാനായി ഇരുപതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്. സി.പി. ഐ (എം). നേതാക്കളെ കേസിൽ കുടുക്കാനാണ് സിബിഐ. ശ്രമിക്കുന്നതെന്നാരോപിച്ച് പാർട്ടി പ്രതിഷേധസംഗമങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കടുത്ത പ്രതിഷേധത്തിലായ സിപിഐ.(എം) അണികളെ സിബിഐ.ക്കെതിരെ ഇളക്കിവിടാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സിബിഐ. അന്വേഷിച്ച വിവിധ കേസുകളുടെ വിവരങ്ങൾ നിരത്തിയുള്ള പ്രാദേശിക നേതാക്കളുടെ പ്രചാരണപ്രവർത്തനമാണ് ഈ മേഖലയിൽ നടക്കുക. അതിന്റെ ഭാഗമായി പയ്യന്നൂർ ഏരിയയിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളും യോഗം ചേർന്നു കഴിഞ്ഞു.

കൊലപാതകക്കേസിൽ ഒരു ഏരിയാ സെക്രട്ടറി പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടതിൽ സിപിഐ(എം) ക്ക് കനത്ത ക്ഷീണമാണ് സംഭവിച്ചിട്ടുള്ളത്. കേസിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘം ഗൂഢാലോചനക്കേസിൽ പ്രത്യേക അന്വേഷണം നടത്തി നാലു സിപി.ഐ.(എം) പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് പയ്യന്നൂർ ഏരിയാ സെക്രട്ടറിയായ മധുസൂദനനെ പ്രതിചേർത്തത്. പി.ജയരാജനെ മനോജ് വധക്കേസിലെ ഗൂഢാലോചനപ്പട്ടികയിലാണ് സിബിഐ.ഉൾപ്പെടുത്തിയത്. തലശേരി കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കൊലപാതകക്കേസ് മാത്രമാണുള്ളത്. ഗൂഢാലോചനക്കേസ് പിന്നീട് അന്വേഷിക്കുമെന്നാണ് കോടതിയെ ബോധിപ്പിച്ചത്.

ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ജൂൺ 2 ന് സി.ബി.െഎ സംഘം ജയരാജനെ ചോദ്യം ചെയ്തത്. മനോജ് വധക്കേസിൽ ആദൃം പ്രതിചേർക്കപ്പെട്ടവരിൽനിന്നും ഗൂഢാലോചനയിൽ പങ്കാളികളായവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നുവെന്നാണ് അറിയുന്നത്. അതോടെയാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയവർ പിടിയിലാകുമെന്ന സൂചന ലഭിച്ചത്. മുമ്പ് പി.ജയരാജൻ ആക്രമിക്കപ്പെട്ടതിലുള്ള പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് സിബിഐ.തലശേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

സിബിഐ യുടെ ഈ വെളിപ്പെടുത്തലാണ് മുൻകൂർ ജാമ്യഹർജി നൽകാൻ പി.ജയരാജനേയുയും ടി.ഐ മധുസൂദനനേയും പ്രേരിപ്പിച്ചത്. പി.ജയരാജൻ സമർപ്പിച്ച ജാമ്യഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നാളെ വാദം കേൾക്കും.