കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും 1.92 ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആലക്കോട് സ്വദേശി പിടിയിലായി.

ജൂവലറി കവർച്ചയുമായി ബന്ധപ്പെട്ട് ആലക്കോട് സ്വദേശി തങ്കച്ചനാണ് മംഗ്‌ളൂരിൽ കഴിഞ്ഞ ദിവസം കർണാടക പൊലിസിന്റെ പിടിയിലായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിൽ നടത്തിയ മോഷണം വ്യക്തമായത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം നടന്നത്. ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ ടൗൺ പൊലീസ്. പുത്തൂർ- സുള്ള്യ ഭാഗത്തെ ജൂവലറി മോഷണ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ദക്ഷിണ കന്നഡ ജില്ലാ പൊലിസാണ് ഇയാളെ പിടികൂടിയത്.

ഒരു ലോഡ്ജിൽ ഒളിച്ചു താമസിക്കുന്നതിനെടയാണ് തങ്കച്ചൻ പിടിയിലായത്. കുറച്ച് വെള്ളിയാഭരണങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്നു. കദ്രി സ്റ്റേഷനിലെത്തിച്ച പ്രതിയെ വീഡിയോ കോൺഫറൻസ് വഴി കണ്ണൂർ പൊലിസ് ചോദ്യം ചെയ്തു. എന്നാൽ തങ്കച്ചൻ സെൻട്രൽ ജയിലിൽ നടത്തിയ മോഷണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ തയ്യാറായിട്ടില്ല. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഷിബുവെന്ന കൂട്ടാളി ആ ദിവസങ്ങളിൽ കണ്ണൂരിലുണ്ടായിരുന്നതായി സമ്മതിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തങ്കച്ചനെ കോടതി വഴി വിട്ടു കിട്ടാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് കണ്ണൂർ പൊലീസ് അറിയിച്ചു. സ്ഥിരം മോഷണ കേസിലെ പ്രതിയാണ് തങ്കച്ചൻ.ഇയാൾ സ്ഥിരം മോഷണ കേസിലെ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

ജയിലിലെ സി.സി. ടി. വിദ്യശ്യങ്ങളിൽ നിന്ന് ലഭിച്ച മോഷ്ടാവിന്റെ രൂപവുമായി തങ്കച്ചനോ ഷിബുവിനോ സാദൃശ്യമുണ്ടെന്ന അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്. മോഷ്ടാവിന്റെ ഉയരം, ശരീരത്തിന്റെ വീതി, ഉപയോഗിച്ച റെയിൻ കോട്ടിലെ എംബ്‌ളം, തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുന്നുണ്ട്. മോഷ്ടാവ് അണിഞ്ഞതെന്ന് കരുതുന്ന റെയിൻ കോട്ടും ചപ്പാത്തി കൗണ്ടറിൽ നിന്നും നഷ്ടപ്പെട്ടതെന്ന് കരുതുന്ന പണത്തിന്റെ ഒരു ഭാഗവും നേരത്തെ കണ്ടെടുത്തിരുന്നു.

സെൻട്രൽ ജയിൽ പരിസരം നന്നായി അറിയാവുത്ത അടുത്ത കാലത്ത് പുറത്തിറങ്ങിയ തടവുകാരായിരിക്കും മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു തുടക്കത്തിലെ പൊലീസ്. ഈ കേസിൽ പ്രധാനമായും മൂന്ന് പേരെയാണ് സംശയിച്ചിരുന്നത്. കോഴിക്കോട് തൊട്ടിൽ പാലം സ്വദേശി ഈ പട്ടികയിലുണ്ടായിരുന്നുവെങ്കിലും അന്വേഷണത്തിൽ സംഭവ ദിവസം കണ്ണൂരിലില്ലെന്നു തെളിയുകയായിരുന്നു. പിടിയിലായ തങ്കച്ചന്റെ മൊബൈൽ ഫോൺ സംഭവദിവസം ഏപ്രിൽ 22 ന് പള്ളിക്കുന്ന് ടവറിലുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

ജയിലിൽ നിന്നും പരിചയപ്പെട്ട പ്രതിയുടെ സഹായത്തോടെ കാസർകോട് ചെർക്കളയിലും തങ്കച്ചൻ ഒളിവിൽ കഴിഞ്ഞിരുത്തു പൊലിസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാൾ മംഗ്‌ളൂരിലേക്ക് കടക്കുകയായിരുന്നു. പലവ്യക്തികളുടെ പേരിലുള്ള സിം കാർഡാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.