കണ്ണൂർ: കശുവണ്ടി കഴിക്കാൻ ഒക്കെ രസമാണെങ്കിലും, കശുവണ്ടി വ്യവസായത്തിന്റെ പോക്ക്‌
കേരളത്തിൽ അത്ര പന്തിയല്ല. കാരണങ്ങൾ പലതാണ്. ഉയർന്ന ഇറക്കുമതി നിരക്ക്, കുറഞ്ഞ ഉത്പാദന തോത്, അങ്ങനെ വിദഗ്ദ്ധർക്ക് നിരത്താൻ കാരണങ്ങൾ ഏറെ. ഒന്നും നടക്കാത്ത സ്ഥിതിക്ക് പുതിയ ഒരു ആശയം കൊണ്ടുവന്നിരിക്കുകയാണ് കണ്ണൂർ ആംഡ് പൊലീസ് നാലാം ബറ്റാലിയൻ. ആരും കശുവണ്ടി പെറുക്കാൻ ഇല്ലാത്തതുകൊണ്ട് പൊലീസുകാരെ കൊണ്ട് കശുവണ്ടി പെറുക്കിക്കുക. ഡ്യൂട്ടിക്ക് ആളെ ഇട്ട് ഉത്തരവും ഇറക്കി. അങ്ങനെ പൊലീസിന്റെ തലയിൽ ഒരു പണി കൂടിയായി. കശുവണ്ടി പെറുക്കൽ.

ദോഷം പറയരുതല്ലോ. വ്യക്തമായ കാരണങ്ങൾ, ഉത്തരവിൽ കെഎപി നാലാം ബറ്റാലിയൻ നിരത്തിയിട്ടുണ്ട്. കെ എപി ബറ്റാലിയന്റെ അധീനതയിൽ ഉള്ള സ്ഥലങ്ങളിലെ കശുമാവുകളിൽ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനായി നാലുതവണ ലേലം നടത്തി. കാര്യങ്ങൾ വിചാരിച്ച പോലെ ഓടിയില്ല. ആരും തന്നെ ലേലം കൊള്ളാൻ എത്തിയില്ല. എന്താണ് കാരണങ്ങൾ?

കാലാവസ്ഥാ വ്യതിയാനം കാരണം കശുവണ്ടി ഉത്പാദനം കുറഞ്ഞു. വിപണിയിൽ വില കുറവ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞു. പാകമായ കശുവണ്ടികൾ താഴെ വീണ് നശിച്ച് പോകുന്നതിലാണ് ഇപ്പോൾ വിഷമം. താഴെ വീഴുന്ന കശുവണ്ടി നശിച്ചുപോകുന്നതിന് മുമ്പ് ശേഖരിക്കാനും, കേടുപാടുകൾ കൂടാതെ സൂക്ഷിക്കാനും സേനാംഗങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. റാങ്കനുസരിച്ച് മൂന്നുപേരെ ചുമതലപ്പെടുത്തുകയും ചെയ്തു.

വെറുതെ ശേഖരിച്ചാൽ മാത്രം പോരാ, കമ്മിറ്റി ശേഖരിക്കുന്ന കശുവണ്ടിയുടെ അളവ് മുടക്കം കൂടാതെ കൃത്യമായി രേഖപ്പെടുത്തി അസി.കമാണ്ടന്റ് വഴി, കമാണ്ടന്റിനെ അറിയിക്കുകയും വേണം. പുതിയ ഉത്തരവിൽ പൊലീസുകാർ സന്തുഷ്ടരാണോ എന്ന് വ്യക്തമല്ല. കശുവണ്ടി ശേഖരണം മോശം കാര്യമാണ് എന്നൊന്നും ആരും പറയില്ല. അത് പൊലീസുകാരെ കൊണ്ടാണോ ചെയ്യിക്കേണ്ടത് എന്ന കാര്യത്തിലേ തർക്കമുള്ളു.

എന്തായാലും കെഎപി ഉത്തരവിൽ പറഞ്ഞ കാരണങ്ങളിൽ തർക്കമില്ല. കോവിഡിന്റെ അടിയിൽ കശുവണ്ടി വ്യവസായം പാടേ തകർന്നിരിക്കുകയാണ്. ഉത്പ്പാദനവും നന്നേ കുറവ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ഉത്പാദന ചെലവ്. വ്യവസായത്തിന്റെ ആധുനികവത്കരണത്തിന് വേഗത്തിലുള്ള നടപടികളുമില്ല. മാർക്കറ്റിങ്ങും ശരിയല്ല. ഉത്പ്പന്ന വൈവിധ്യവത്കരണവും ഇല്ല.

സ്ത്രീകൾ കൂടുതലായി പണിയെടുക്കുന്ന കശുവണ്ടി വ്യവസായത്തിന് കേന്ദ്ര ബജറ്റിൽ നിന്നും കാര്യമായി ഒന്നും കിട്ടിയുമില്ല. റബർ ബോർഡും, കോക്കനട്ട് ഡവലപ്‌മെന്റ് ബോർഡും പോലെ, കാഷ്യുബോർഡ് വേണമെന്ന ആവശ്യത്തിനും അംഗീകാരമായില്ല. കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാനും തോട്ടണ്ടി ഉത്പ്പാദനം കൂട്ടാനും ഒക്കെ സർക്കാരുകൾക്ക് ഉത്സാഹം പോരാ. ഏന്തായാലും, ഇതൊന്നും കെഎപി നാലാം ബറ്റാലിയന്റെ കശുവണ്ടി പെറുക്കൽ ഉത്തരവിന് ന്യായീകരണം ആകുന്നുമില്ല. ലേലം കൊള്ളാൻ ആളില്ലെങ്കിൽ, ബദൽ സംവിധാനം ഏർപ്പെടുത്താൻ പരിശ്രമിക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്യേണ്ടത്. അതല്ലാതെ പൊലീസിന് മറ്റൊരു പണി കൂടി തലയിൽ വച്ചുകൊടുക്കയല്ല വേണ്ടത്.