തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാൻ നിയമസഭ പാസാക്കിയ ബിൽ ഗവർണ്ണർക്ക് അയച്ചത് 'നിയമപരമായി നിലനിൽക്കുമോ എന്നകാര്യത്തിൽ സംശയമുണ്ട്' എന്ന, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ വിയോജനക്കുറിപ്പോടെ. അതുകൊണ്ട് തന്നെ ഈ ബിൽ ഗവർണ്ണർ അംഗീകരിക്കില്ലെന്നും ഉറപ്പായി. ഓർഡിനൻസ് തള്ളിയ സുപ്രീംകോടതി നിലപാടും ഗവർണ്ണറെ സ്വാധീനിച്ചിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന ഗവർണ്ണർ പി സദാശിവം ഓർഡിനൻസും ആദ്യം ഒപ്പിട്ടിരുന്നില്ല. അത് തിരിച്ചയച്ചു. വീണ്ടും മന്ത്രിസഭ നൽകിയപ്പോൾ നിവൃത്തിയില്ലാതെ അംഗീകരിക്കുകയായിരുന്നു. ബില്ലിനോടും എതിരായ സമീപനമാണ് ഗവർണ്ണർക്കുള്ളത്. അതുകൊണ്ട് തന്നെ കരുണയേയും കണ്ണൂരിനേയും രക്ഷിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം പൊളിയും.

പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിൽ ഗവർണർ തിരിച്ചയയ്ക്കുകയാണെങ്കിൽ അപ്പോൾ ആലോചിച്ച് നിലപാടെടുക്കാമെന്ന ധാരണയിലാണ് സർക്കാർ. ഇതേ നിലപാടാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിലുമുണ്ടായിരിക്കുന്നത്. വേണമെങ്കിൽ അക്കാര്യം പറഞ്ഞ് ബിൽ ഉപേക്ഷിക്കാനുമാവും. ആരോഗ്യ സെക്രട്ടറിയുടെ കുറിപ്പുള്ള ബിൽ ഗവർണ്ണർ അംഗീകരിക്കില്ലെന്നും വ്യക്തമാണ്. ഈ വിഷയത്തിലെ ഓർഡിനൻസിലും രാജീവ് സദാനന്ദൻ തുടക്കത്തിൽ വിയോജനക്കുറിപ്പെഴുതിയിരുന്നു. മികച്ച റാങ്കുള്ളവർക്കുമാത്രം പ്രവേശനം നൽകാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. ബിൽ നിയമപരമായി നിലനിൽക്കുമോ എന്നാണ് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഉന്നയിക്കുന്ന ചോദ്യമെന്നു സൂചന. ഈ സംശയം സഹിതമാണ് അദ്ദേഹം ബിൽ നിയമവകുപ്പിനു നൽകിയത്.

മുൻപ് ഇതു സംബന്ധിച്ച ഓർഡിനൻസ് ഗവർണർക്ക് അയച്ചപ്പോഴും അദ്ദേഹം വിയോജനക്കുറിപ്പു രേഖപ്പെടുത്തിയിരുന്നു. അതുകൂടി പരിഗണിച്ച ഗവർണർ, ഓർഡിനൻസ് തിരിച്ചയയ്ക്കുകയും സർക്കാർ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഒപ്പുവയ്ക്കുകയുമായിരുന്നു. ഇത്തവണ പക്ഷേ ബിൽ തിരിച്ചയച്ചാൽ സർക്കാർ വീണ്ടും ഒപ്പിടാൻ നിർബന്ധിക്കില്ല. ഗവർണർക്ക് അയയ്ക്കുന്നതുവരെയുള്ള നടപടിക്രമം പൂർത്തിയാക്കിയില്ലെങ്കിൽ നിയമസഭയെ അവഹേളിച്ചുവെന്ന് ആക്ഷേപം ഉയരാനിടയുണ്ട്. ഇത് ഒഴിവാക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്കുവേണ്ടി സർക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് പുറത്ത് വിശദീകരിക്കാനും വേണ്ടി മാത്രമാണ് ബിൽ ഗവർണ്ണർക്ക് നൽകുന്നത്. .

ചട്ടപ്രകാരം നിയമസഭ പാസാക്കിയ ബിൽ ഗവർണർക്കു വിടണം. സഭ ഏകകണ്ഠമായി പാസാക്കിയ ബിൽ ഗവർണർക്കു വിടാതെ തടഞ്ഞുവെയ്ക്കാൻ സർക്കാരിനാവില്ല. ഗവർണർക്ക് ബിൽ അപ്പാടെ അംഗീകരിക്കുകയോ സർക്കാരിനോട് വിശദീകരണം തേടുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാം. വിശദീകരണം ആരായുകയാണെങ്കിൽ അതുസഹിതം ബിൽ വീണ്ടും ഗവർണർക്ക് സമർപ്പിക്കും. വീണ്ടും സമർപ്പിച്ചാൽ സാധാരണഗതിയിൽ ബിൽ ഗവർണർ അംഗീകരിക്കുകയാണ് പതിവ്. ഇവിടെ അതുണ്ടാകില്ല. ബിൽ ഗവർണ്ണർ അംഗീകരിച്ചാൽ സുപ്രീംകോടതിയുടെ പരിഗണനയിൽ വിഷയമെത്തും. വീണ്ടും സർക്കാരിന് തിരിച്ചടിയുണ്ടാകുന്ന വിധി പുറത്തുവരാനും സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ നീങ്ങൂ. നേരത്തേ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളെ നിയന്ത്രിക്കാൻ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ കൊണ്ടുവന്ന ബിൽ കോടതി റദ്ദാക്കിയ ചരിത്രമുണ്ട്.

രണ്ടു തവണ സുപ്രീം കോടതി പുറത്താക്കിയ വിദ്യാർത്ഥികളെ വീണ്ടും നിലനിർത്താനുള്ള ശ്രമം കോടതിയലക്ഷ്യമായി കണ്ടാൽ ചീഫ് സെക്രട്ടറിയോ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോ ആയിരിക്കും കോടതിയിൽ സമാധാനം ബോധിപ്പിക്കേണ്ടി വരിക. എൽഡിഎഫിൽ ധാരണയിലെത്താതെയാണ് ഇത്തരമൊരു ഓർഡിനൻസും തുടർന്നു ബില്ലും കൊണ്ടുവന്നത്. ഈ സാഹചര്യത്തിൽ സർക്കാർ നടപടികളോടു സിപിഎം മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കു വിയോജിപ്പുണ്ട്. അടുത്ത ഇടത് യോഗത്തിൽ ഈ വിഷയം ഉയരാനും സാധ്യത ഏറെയാണ്.

ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെത്തുടർന്നുണ്ടായിരിക്കുന്ന പ്രശ്നം സിപിഎം. സംസ്ഥാനസെക്രട്ടേറിയറ്റ് ചർച്ചചെയ്തു. ഓർഡിനൻസും തുടർന്ന് നിയമസഭയിൽ ബില്ലും പാസാക്കാനിടയായ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചു. നേരത്തേ ഓർഡിനൻസ് ഇറക്കാനുള്ള നീക്കത്തെ മെഡിക്കൽ വിദ്യാഭ്യാസ ചുമതലയുണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ് എതിർത്തിരുന്നു. ശ്രീനിവാസ് പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി.