കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 16 നിയമസഭാമണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞാൽ യു.ഡി.എഫിന് ക്ഷീണമാകും. മഞ്ചേശ്വരം മണ്ഡലത്തിൽ പോളിങ് 75 ശതമാനത്തിലെത്തിയാൽ വിജയം ഉറപ്പിക്കാമെന്നാണ് യു.ഡി.എഫിന്റെ കണക്കു കൂട്ടൽ. സിറ്റിങ് എംഎ‍ൽഎ. യായ പി.സി. അബ്ദുൾ റസാക്കാണ് ഇവിടെ വീണ്ടും ജനവിധി തേടുന്നത്. ബിജെപി. അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെടുന്ന ഈ മണ്ഡലത്തിൽ കെ.സുരേന്ദ്രന് പുതിയ വോട്ടർമാരിലാണ് പ്രതീക്ഷ. എന്നാൽ 32,000 ൽ പരം വരുന്ന പുതിയ വോട്ടർമാരിൽ പകുതിയോളം പേരെങ്കിലും തുണച്ചാൽ മാത്രമേ ഇവിടെ ചിത്രം മാറുകയുള്ളൂ. വർദ്ധിച്ച വോട്ടിൽ 20,000 ലേറെയും യു.ഡി.എഫിന്റേതാണെന്ന് അബ്ദുൾ റസാക്ക് അവകാശപ്പെടുന്നു. ബാക്കിയുള്ള 12,000 വോട്ടുകൾ എൽ.ഡി.എഫിനും ബിജെപിക്കും അവകാശപ്പെടാം. എന്നാണ് കണക്കുകൂട്ടൽ. സിപിഐ.(എം). സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പുവും ഇവിടെ പ്രതീക്ഷ കൈവിടുന്നില്ല.

കാസർഗോഡ് മണ്ഡലത്തിൽ ശതമാനം 73 ലെത്തിയാൽ യു.ഡി.എഫിനു വിജയക്കൊടി പാറിക്കാനാവുമെന്നാണ് വിലയിരുത്തൽ. മസ്ലീം ലീഗിലെ എൻ.എ. നെല്ലിക്കുന്നാണ് ഇവിടെ വീണ്ടും മത്സരിക്കുന്നത്. ബിജെപി.യിലെ രവീശ തന്ത്രി കണ്ടാർ കനത്ത ഭീഷണിയുമായി രംഗത്തുണ്ട്. എന്നാൽ ഉദ്ദേശിച്ച പോളിങ് നടന്നാൽ ലീഡ്് 13,000 കടക്കുമെന്നാണ് നെല്ലിക്കുന്ന് കണക്കാക്കുന്നത്. ഉദുമ മണ്ഡലമാണ് കാസർഗോഡ് ജില്ലയിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം. കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ച് ഉദുമയിലെത്തുകയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കാൽ നൂറ്റാണ്ടിനിപ്പുറം 835 വോട്ടിന് ലീഡ് ചെയ്യാൻ യു.ഡി.എഫിന് സാധിച്ചതാണ് സുധാകരന് ഈ മണ്ഡലത്തിൽ നോട്ടം വന്നത്. സിപിഐ.(എം). ലെ കെ.കുഞ്ഞിരാമനുമായി നടക്കുന്ന പോരാട്ടം പ്രവചനാതീതമാക്കി മാറ്റിയാണ് സുധാകരൻ തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഉദുമയിൽ 78 ശതമാനം പോളിങ് നടന്നാൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്സ്. എന്നാൽ പോളിങ് കൂടിയാൽ അത് എൽ.ഡി.എഫിനെ തുണക്കുമെന്ന് അവരും കരുതുന്നു.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ പോളിങ് വർദ്ധിച്ചാലും യു.ഡി.എഫിന് വലിയ കണക്കു കൂട്ടലുകളില്ല. സിറ്റിങ് എംഎ‍ൽഎ.യായ ഇ. ചന്ദ്രശേഖരൻ വീണ്ടും ജനവിധി തേടുന്ന ഇവിടെ അത്ഭുതങ്ങൾ സംഭവിക്കില്ലെന്നാണ് യു.ഡി.എഫ് കരുതുന്നത്. ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നതെങ്കിലും എൽ.ഡി.എഫിനെ കൈവിടില്ല എന്ന വിശ്വാസത്തിലാണ് സ്ഥാനാർത്ഥി രാജഗോപാലൻ. പോളിങ് കൂടിയാലും അത് യു.ഡി.എഫിന് മേൽക്കൊയ്മ നേടാനാകില്ല എന്നതാണ് വസ്തുത.

കണ്ണൂർ ജില്ലയിൽ എത്തിയാൽ പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ, മട്ടന്നൂർ എന്നീ മണ്ഡലങ്ങൾ 25,000ത്തിലപ്പുറമോ 30,000 മോ ലീഡ് നേടി എൽ.ഡി.എഫ് വിജയിക്കുന്ന മണ്ഡലങ്ങളാണ്. ഇവിടെ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നും യു.ഡി.എഫ് തന്നെ വിശ്വസിക്കുന്നു. എന്നാൽ ധർമ്മടത്ത് പിണറായി വിജയന്റെ ലീഡ് വർദ്ധിക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തെഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.കെ. നാരായണൻ 15,000 ൽ പരം വോട്ടിനാണ് ഇവിടെ ജയിച്ചത്. അത് തിരുത്തി പിണറായി 20,000 കടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലശ്ശേരിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് യു.ഡി.എഫ്. കാൽ ലക്ഷത്തിലേറെ വോട്ടിന് കോടിയേരി ബാലകൃഷ്ണൻ ജയിച്ച മണ്ഡലത്തിൽ എൽ.ഡി. എഫിലെ എ.എൻ ഷംസീറിനെ നേരിടുന്നത് എ.പി. അബ്ദുള്ളക്കുട്ടിയാണ്. പോളിങ് 80 ശതമാനം കഴിഞ്ഞാൽ യു.ഡി.എഫ് ചരിത്രവിജയം നേടുമെന്നാണ് അവരുടെ കണക്ക്. കൂത്തുപറമ്പിൽ ബലാബല മത്സരം അരങ്ങേറിയിരിക്കയാണ്. പ്രവചനം അസാധ്യം. മന്ത്രി കെ.പി. മോഹനൻ ജയം ഉറപ്പെന്ന് അവകാശപ്പെടുമ്പോഴും എൽ.ഡി.എഫിലെ കെ.കെ. ശൈലജക്കും വിജയം ഉറപ്പാണ്. ഇവിടെ പോളിങ് 82 ശതമാനം കവിഞ്ഞാൽ യു.ഡി.എഫിന് പ്രതീക്ഷക്ക് വക നൽകും.

അഴീക്കോട് മണ്ഡലത്തിൽ എം വി നികേഷ് കുമാറും കെ.എം. ഷാജിയും തമ്മിൽ തുല്യപോരാട്ടമാണ് കുറിച്ചത്. ഇവിടേയും പ്രവചനം അസാധ്യം. പോളിങ് ശതമാനം 85 ൽ എത്തിയാൽ യു.ഡി.എഫിന് നേരിയ മേൽക്കൈ ലഭിക്കും. എന്നാൽ വിമത ഭീഷണി ശക്തമായ ഇവിടെ പ്രവചനം അസാധ്യമാണ്. ഇരിക്കൂറിൽ വിമത ഭീഷണി ശക്തമെങ്കിലും കെ.സി.ജോസഫ് വിജയിക്കുമെന്ന് യു.ഡി.എഫ് കരുതുന്നു. പക്ഷെ പോളിങ് ശതമാനം 80 എങ്കിലും എത്തണം. പേരാവൂരിൽ സണ്ണി ജോസഫിനും വിമത ഭീഷണി ഉണ്ട്. 80 ശതമാനം പേർ വോട്ട് ചെയ്താൽ സണ്ണി ജയിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.

പോളിങ് ശതമാനം വർദ്ധിപ്പിക്കാൻ ഈ രണ്ട് ജില്ലകളിലും യു.ഡി.എഫിന്റെ പ്രാദേശിക ഘടകങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. യുഡി.എഫ് അനുകൂല വോട്ടുകൾ പോൾ ചെയ്യാതെ പോകരുതെന്ന് നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഗ്രാമങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഉച്ചക്കു മുമ്പ് തന്നെ എൽ.ഡി.എഫ് അനുകൂല വോട്ടുകൾ പോൾ ചെയ്യിക്കാൻ ശക്തമായ പ്രവർത്തനത്തിലാണ് പാർട്ടി ബ്രാഞ്ച് കമ്മിറ്റികൾ. ഒരു വോട്ട് പോലും പാഴാകരുതെന്ന് എൽ.ഡി.എഫ് നിർദ്ദേശം നൽകിയിട്ടുണ്ട്.