തലശേരി: കണ്ണൂരിനെ എക്കാലവും അശാന്തമാക്കിയതുകൊലപാതക രാഷ്ട്രീയമായിരുന്നു. സിപിഎം ഒരുവശത്തും ആർഎസ്എസ് മറുവശത്തും നിന്നും പരസ്പ്പരം കൊന്നു തള്ളിയിട്ടുള്ളത് നിരവധി പേരെയാണ്. ഭരണ സ്വാധീനം കൊണ്ട് യഥാർഥ പ്രതികൾ രക്ഷപെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഇവിടെ പതിവ്. ഇടക്കാലം കൊണ്ട് ഇരു നേതൃത്വങ്ങളും തമ്മിൽ സമാധാന ചർച്ചയിലേക്ക് കടന്നപ്പോൾ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് ശമനം ഉണ്ടായിരുന്നു. എന്നാൽ, വീണ്ടും കണ്ണൂർ കലുഷിതമാകുകയാണോ എന്ന സംശയമാണ് ഉയരുന്നത്.

തലശ്ശേരി താലൂക്കിൽ വീണ്ടും കൊലക്കത്തി രാഷ്ട്രീയം വീണ്ടും സജീവമാകുകയാണ്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് തലശേരിയിൽ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടാകുന്നത്. ഇതോടെ കണ്ണുർ ജില്ലയിൽ അക്രമ രാഷ്ട്രിയ പരമ്പരകളുണ്ടാവുമോയെന്ന ഭയത്തിലാണ് ജനങ്ങൾ 'ഒരാഴ്‌ച്ച മുൻപ് തോട്ടടയിൽ സിപിഎം പ്രവർത്തകനായ ഏച്ചുർ സ്വദേശി ജിഷ്ണു ബോംബേറിൽ കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയമില്ലെങ്കിലും കണ്ണുർ ജില്ലയെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായിരുന്നു അത്.

ഈ സംഭവവത്തിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടി കൈകൾ അറ്റുപോയ സംഭവവും ഉണ്ടായി. ഇരു പാർട്ടികളുടെ സ്റ്റോറുകളിൽ ബോംബുകൾ സുലഭമാകുന്ന അവസ്ഥ ഇപ്പോഴും കണ്ണൂരിൽ ഉണ്ടെന്നതാണ് യാഥാർഥ്യം. ഇതിനിടെയാണ് ഇന്ന് പുലർച്ചെ നടക്കുന്ന കൊലപാതകവും ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണം ഉയരുമ്പോഴും പൊലീസ് ഇനിയും ഇത് സ്ഥിരീകരിച്ചിട്ടില്ല.

കണ്ണൂരിലെ ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ദിവസങ്ങൾ പിന്നിടും മുൻപെ മറ്റൊരു കൊലപാതകം കൂടിയുണ്ടാകുന്നത്. തലശ്ശേരി നഗരസഭയുമായി അതിർത്തി പങ്കിടുന്ന ന്യൂമാഹിക്കടുത്തെ പുന്നോലിലാണ് സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചത്. പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് തിങ്കളാഴ്‌ച്ച പുലർച്ചെ ഒന്നര കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഹരിദാസനെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം തലശേരി ഏരിയാ കമ്മിറ്റി ആരോപിച്ചു.

രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് അതിക്രൂരമായ രീതിയിൽ കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളൺ കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു. വെട്ട് കൊണഅട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ,ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും. പ്രദേശത്ത് കനത്ത പൊലീസ് സേനയേയും വിന്യസിച്ചിട്ടുണ്ട്. സി. പി. എം നേതാക്കളായ എം.വി ജയരാജൻ, കാരായി രാജൻ, എം.സി പവിത്രൻ, തുടങ്ങിയവർ ആശുപത്രിയിലെത്തി. നിലവിൽ സിപിഎം-ആർ.എസ്.എസ് സംഘർഷമില്ലാത്ത പ്രദേശമായ തലശേരി താലൂക്കിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം നടന്നത് ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പുന്നോൽ തലായി കടപ്പുറത്ത് സിപിഎം പ്രവർത്തകൻ രജീഷ് കൊല്ലപ്പെട്ടിരുന്നു.