- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറുപടക്കം വാങ്ങി ഉഗ്ര ശേഷിയുള്ള രാസവസ്തുക്കൾ ചേർത്ത നാടൻ ബോംബാക്കി; ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്ത് പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി; എല്ലാവർക്കും ഡ്രസ് കോഡുമുണ്ടായിരുന്നു; പ്രതികളെല്ലാം സിപിഎം പ്രവർത്തകരും; മേയറുടെ ആരോപണത്തോടെ കണ്ണൂരിലെ ബോംബ് രാഷ്ടീയം വീണ്ടും ചർച്ചകളിൽ
കണ്ണൂർ: കണ്ണൂർ തോട്ടയിൽ കല്യാണത്തിനിടെ ബോംബ് സ്ഫോടനം നടന്ന് ഒരാൾ മരിച്ച സംഭവം രാഷ്ട്രീയ വിവാദമായും മാറുന്നു. വിഷയത്തിൽ സിപിഎം നേതൃത്വത്തെയും പൊലീസിനെയും കുറ്റപ്പെടുത്തി കണ്ണൂർ മേയർ ടി ഒ മോഹനൻ രംഗത്തുവന്നു. പ്രതികൾ സിപിഎം പ്രവർത്തകരാണെന്നും ഇവർ കരുതികൂട്ടി ആക്രമണത്തിന് തയ്യാറെടത്തിരുന്നു എന്നുമാണ് മോഹനൻ ആരോപിച്ചത്. സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്ന് മേയർ ആരോപിച്ചു. ജില്ലയിൽ ബോംബ് സുലഭമാകുന്നതിനെക്കുറിച്ച് പൊലീസ് ഗൗരവ പരിശോധന നടത്തണമെന്നും മേയർ ആവശ്യപ്പെട്ടു.
ആ കല്യാണത്തിൽ ഞാൻ പങ്കെടുത്തതാണ്. രാത്രി 10മണിക്ക് ശേഷമാണ് ചെറിയൊരു തർക്കമുണ്ടായത്. ആ സമയത്ത് നാട്ടുകാർ തന്നെ ഇടപെട്ട് എല്ലാം പറഞ്ഞവസാനിപ്പിച്ച് സമാധാനത്തിൽ പറഞ്ഞയച്ചതാണ്. പക്ഷെ രാത്രി പോയവർ കാലത്തെ ബോംബുമായാണ് വന്നത്, എറിഞ്ഞ് കൊല്ലുകയാണ്. അന്വേഷിച്ചപ്പോൾ ചേലോറയിലെ മൈതാനത്ത് രാത്രി ഒരുമണിക്ക് ബോംബ് സ്ഫോടനമുണ്ടായെന്ന് അറിഞ്ഞു. ഇവിടെ കൊണ്ടുവരുന്നതിന് മുമ്പ് അവിടെ എറിഞ്ഞ് പരീക്ഷിച്ചു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.
അത്രമാത്രം ആസൂത്രണം ഉണ്ടായിട്ടുണ്ട്. ഒരു ചെറിയ തർക്കത്തെതുടർന്ന് തൊട്ടടുത്ത ദിവസം ബോംബ് കൊണ്ടുവരാൻ പാകത്തിന് ബോംബ് സുലഭമാകുന്ന സാഹചര്യമുണ്ട്, മോഹനൻ പറഞ്ഞു. സിപിഎമ്മിന്റെ സജീവപ്രവർത്തകനാണ് കൊല്ലപ്പെട്ട ജിഷ്ണുവും കേസിലെ പ്രതികളുമെന്നും മേയർ പറഞ്ഞു. ഇവർ ആസൂത്രിതമായി തന്നെയാണ് ഇത് ചെയ്തതെന്നും എല്ലാവർക്കും ഡ്രസ് കോഡുണ്ടായിരുന്നെന്നും മേയർ ചൂണ്ടിക്കാട്ടി. കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബോംബ് നിർമ്മിച്ച ആൾ അടക്കമാണ് പിടിയിലായിരിക്കുന്നത്. റിജുൽ സി കെ, സനീഷ്, അക്ഷയ് പി, ജിജിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഏറുപടക്കം വാങ്ങിച്ച് അതിനകത്ത് ഉഗ്ര സ്ഫോടക ശേഷിയുള്ള രാസവസ്തുക്കൾ ചേർത്ത് ഒരു വലിയ നാടൻ ബോംബായി പരുവപ്പെടുത്തിയെടുത്താണ് ബോംബ് ഉണ്ടാക്കിയത്.
രാഷ്ട്രീയ കൊലപാതങ്ങൾ കരിനിഴൽ വീഴ്‌ത്തിയ കണ്ണൂരിന്റെ മണ്ണിന്റെ പുതുതലമുറ നിസാരകാര്യങ്ങൾക്കുപോലും ആയുധം കൈയിലേന്തുന്നത് സമാധാനപ്രേമികളെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. മയക്കുമരുന്ന് കേസുകളുടെ അതിവ്യാപനത്തോടൊപ്പമാണ് അക്രമവവും കണ്ണൂരിൽ പിടിമുറുക്കുന്നത്.
കണ്ണൂരിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരിലും നിസാര തർക്കങ്ങളുടെയും പേരിൽ നടക്കുന്നത്. മാട്ടൂലിലെ ഹിഷാം, ആയിക്കരയിലെ ജസീർ, ഇപ്പോൾ ഏച്ചൂരിലെ ജിഷ്ണുവും കൊല്ലപ്പെട്ടു. ജിഷ്ണു സ്വയം ആയുധമെടുത്താണ് കൊല്ലപ്പെട്ടത്. സഹോദരന്റെ പ്രണയതർക്കം പറഞ്ഞു തീർക്കുന്നതിനിടൊണ് പെൺകുട്ടിയുടെ ബന്ധുക്കളിലൊരാൾ ഹിഷാമിനെ കുത്തിക്കൊന്നത്. ഹൃദയത്തിനേറ്റ കുത്ത് ഹിഷാമിന്റെ ജീവൻ കവരുകയായിരുന്നു. രാത്രി വൈകി പയ്യാമ്പലത്തെ ഹോട്ടൽപൂട്ടി ആയിക്കര വഴി സ്വന്തം വീടായ തായത്തെരുവിലേക്ക് വരുമ്പോഴാണ് ജസീർ കൊല്ലപ്പെട്ടത്.
ആയിക്കരയിൽ കാർ നിർത്തി കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ഇറക്കി ബൈക്കെടുക്കാൻ പോയസമയത്താണ്അവിടെയുണ്ടായിരുന്ന രണ്ടുയുവാക്കളുമായി കാർ നിർത്തിയതിനെ ചൊല്ലി ജസീറുമായി തർക്കമുണ്ടായത്. മൂർച്ചയുള്ള ആയുധം കൊണ്ടു നെഞ്ചിന് കുത്തേറ്റ ജസീർ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത്.
ഹൃദയത്തിന്റെ അറകൾക്കു മുറിവേറ്റതാണ് മരണകാരണം. ഈ സംഭവത്തിന്റെ നടുക്കംമാറുന്നതിനിടെയാണ് കണ്ണൂർ കോർപറേഷൻ പരിധിയിലെ തോട്ടടയിൽ വീണ്ടും മറ്റൊരു കൊലപാതകം കൂടിയുണ്ടാകുന്നത്. മലേഷ്യയിൽ നിന്നും അവധിക്ക് വന്ന തോട്ടടയിലെ മനോരമ ഓഫിസിനു പിൻവശത്തുള്ള ചാല പന്ത്രണ്ടുക്കണ്ടി റോഡിൽ താമസിക്കുന്ന ഷമലിന്റെ താലികെട്ടു കഴിഞ്ഞു പടന്നപ്പാലത്തെ വധുഗൃഹത്തിൽ നിന്നും മടങ്ങുകയായിരുന്ന സംഘത്തിനു നേരെയാണ് ബോംബെറുണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ