കണ്ണുർ: പാർട്ടി മൂലയ്ക്കിരുത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിന് വഴങ്ങാതെ കണ്ണൂരിൽ സജീവമാണ് സിപിഎം നേതാവ് പി ജയരാജൻ. കോവിഡ് പിടിമുറുക്കിയ കണ്ണൂരിൽ ജനകീയ പ്രതിരോധത്തിന്റെ മുൻ നിരയിൽ ജയരാജനുണ്ട്. ഐ.ആർ.പി.സി.യെന്ന ജീവകാരുണ്യ - സാന്ത്വന സംഘടനയുടെ കടിഞ്ഞാണേന്തി ജയരാജൻ നടത്തുന്ന പ്രവർത്തനങ്ങൾ കണ്ണൂരിനെ ഇളക്കിമറിക്കുകയാണ്. കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നും ആംബുലൻസ് യാത്രാസൗകര്യവും ഡോക്ടർമാരുടെ സൗജന്യ സേവനവും ഐ.ആർ.പി.സി യിലൂടെ ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ കോവിഡ് രോഗികൾ മരണമടഞ്ഞാൽ സംസ്‌കരിക്കുന്നതും ഐ.ആർ.പി.സി സന്നദ്ധ പ്രവർത്തകൻ മാർ തന്നെയാണ്.

ഇതിനിടെ ഐ.ആർ.പി.സിക്ക് പൂർണ്ണമായും പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ കണ്ണൂർകോർപ്പറേഷൻ തയ്യാറായിരുന്നില്ല. എന്നാൽ, കോർപ്പറേഷന് വരുതിയിൽ നിർത്താൻ ജയരാജൻ നടത്തുന്ന ശ്രമങ്ങളിൽ കടുത്ത അമർഷത്തിലാണ് മേയർ ടി ഒ മോഹനൻ. കണ്ണൂർ കോർപറേഷനെ പ്രവർത്തിക്കാൻ അനുവദിക്കാതെ നിരന്തരം കരിവാരി തേയ്ക്കാൻ ശ്രമിക്കുന്ന പി.ജയരാജനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കോർപറേഷനെതിരേ നിരന്തരം തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പുറമേ തദ്ദേശസ്വയംഭരണ മന്ത്രിക്കും ജില്ലാകളക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്ന് മോഹനൻ പറഞ്ഞു. മികച്ചരീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന കണ്ണൂർ കോർപറേഷനെ ഇകഴ്‌ത്തിക്കാണിക്കുന്നതിനും കോവിഡ് പ്രതിരോധ പ്രവർത്തനം തകർക്കുന്നതിനുംവേണ്ടി ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി. ജയരാജനെ പോലുള്ള മുതിർന്ന നേതാക്കൾ കുറേക്കാലമായി രാഷ്ട്രീയ വൈരാഗ്യത്താൽ വേട്ടയാടുകയാണെന്ന് മേയർ പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇതിന്റെ ഭാഗമായിട്ടാണ്. പയ്യാമ്പലത്ത് മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന ചാനൽ വാർത്തയും ഇതിന് തൊട്ടുപിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജൻ നടത്തിയ പ്രസ്താവനയുമെന്ന് മോഹനൻ. ആരോപിച്ചു. പയ്യാമ്പലത്ത് സംസ്‌കാര പ്രവൃത്തികൾ നടത്തുന്നത് ആരോഗ്യ വിഭാഗത്തിൽനിന്നു പരിശീലനം ലഭിച്ച കോർപറേഷൻ തൊഴിലാളികളാണ്. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇതു നടത്തിവരുന്നത്. ഇതുവരെയായി യാതൊരു പരാതിയും ഉണ്ടായിട്ടില്ല.

ഇത്തരം സാഹചര്യത്തിലാണ് കോർപറേഷൻ ഭരണത്തെ അവഹേളിക്കുന്നതിനും സമാന്തര പ്രവർത്തനങ്ങൾ നടത്തി അധികാരവികേന്ദ്രീകരണത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമായ രീതിയിൽ ചില പ്രവർത്തനങ്ങൾ നടത്താൻ ചിലർ ശ്രമിക്കുന്നത്. മഹാമാരിയുടെ കാലത്ത് ജനങ്ങളിൽ കൂടുതൽ ഭീതി പരത്തുന്ന തരത്തിൽ പ്രചാരണം നൽകുന്ന പി. ജയരാജനെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കണമെന്നും മേയർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു' പയ്യാമ്പലത്തുകൊമ്പിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവ് കാണിച്ചുവെന്ന ആരോപണമുയർത്തി കലക്ടറേറ്റിന് മുൻപിൽ ബിജെപി ഇന്ന് നിൽപ്പ് സമരം നടത്തും.

ഐ.ആർ.പി.സിയെ സഹായിക്കാനായി കണ്ണൂരിലെ രണ്ടാം നിര നേതാക്കളുടെ വൻ തിര തന്നെ പി ജെയ്ക്കു പിന്നിൽ അണിനിരയ്ക്കുന്നുണ്ട്. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ദിവ്യ, കണ്ണൂർ കോർപറേഷൻ കൗൺസിലർ എൻ. സുകന്യ തുടങ്ങി ഡി.വൈ.എഫ് ഐ നേതാക്കൾ വരെ ഐ.ആർ.പി.സി പ്രവർത്തനങ്ങളൊടൊപ്പം മുൻ നിരയിൽ നിൽക്കുന്നുണ്ട്. നാട്ടുമ്പുറങ്ങളിൽ ഡിവൈഎഫ്‌ഐ യുടെ ബാനറിൽ ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ സൗജന്യ ടാക്സി സംവിധാനം ഉദ്ഘാടനം ചെയ്യാൻ വിളിക്കുന്നത് പി.ജയരാജനെയാണ്.

ഐ.ആർ.പി.സി യേർപ്പെടുത്തിയ സമൂഹ കിച്ചൺ ഉദ്ഘാടനം ചെയ്തതും തെരുവ് യാചകരെ പുനരധിവസിപ്പിക്കാൻ കണ്ണൂർ ടൗൺ സ്‌കൂളിൽ ക്യാംപ്തുടങ്ങിയതും ഉപദേശക സമിതി ചെയർമാൻ കൂടിയായ പി.ജയരാജന്റെ നിർദ്ദേശപ്രകാരമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജയരാജന് മത്സരിക്കാൻ സീറ്റ് നൽകാത്തത് പി.ജെ ആർമിയെയും ജയരാജനെ സ്നേഹിക്കുന്ന പാർട്ടി പ്രവർത്തകരെയും ഏറെ നിരാശപെടുത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ കമ്യൂണിസ്റ്റ് മൂല്യം ഉയർത്തി പിടിച്ച് പരാതിയോ പരിഭവമോ പ്രകടിപിക്കാതെ പാർട്ടിയോടൊപ്പം നിൽക്കുകയാണ് ജയരാജൻ ചെയ്തത്. പാർട്ടി ഏൽപ്പിച്ച അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കുകയും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷിനെ വിജയിപ്പിക്കാനും ജയരാജന് കഴിഞ്ഞു.