കണ്ണൂർ: കണ്ണൂർ നഗരത്തിലെ ട്രാവൽ ഏജൻസിയുടെ പാർസൽ ഓഫിസിൽ നിന്നും രണ്ടുകോടിയോളം രൂപയുടെ എം.ഡി.എം.എ.യും ബ്രൗൺഷുഗറുമായി ദമ്പതികൾ അറസ്റ്റിലായ കേസിൽ അന്താരാഷ്ട്ര മാഫിക്ക് ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണസംഘം വിപുലീകരിക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു.

അതിനിടെ കേസിലെ മുഖ്യപ്രതി കണ്ണുർ തെക്കി ബസാറിലെ നിസാമിനെ (35) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശമായ ഹൊസങ്കടിയിൽ നിന്നാണ് കാറിൽ സഞ്ചരിക്കവെ ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതിയെ പിടികൂടിയത്. തുടർന്നാണ് അറസ്റ്റു രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കിയത്.

ചോദ്യം ചെയ്യലിൽ നേരത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അഫ്സൽ - ബൾക്കീസ് ദമ്പതികൾക്ക് എം.ഡി എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് എത്തിച്ചു നൽകിയത് ഇയാളാണെന്ന് സമ്മതിച്ചതായി കണ്ണൂർസിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ദമ്പതികളായ ബൾക്കീസ് - അഫ്സൽ എന്നിവരെ ചോദ്യം ചെയ്യാനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ബൾക്കീസിന്റെ അടുത്ത ബന്ധുവാണ് ഇന്ന് പിടിയിലായ നിസാം. ഈ കേസിൽ മറ്റൊരു പ്രതിയായ ജനീസ് ഒളിവിലാണ് ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നിസാമിന്റെ ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ചതിൽ നിന്നും ഇയാൾ ഇടപാട് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. വാട്സ് ആപ്പ് സന്ദേശങ്ങൾ, ഗൂഗിൾ മാപ്പ് എന്നിവ ഉപയോഗിച്ചാണ് ബൾക്കിസ് നിസാമിന് മയക്കുമരുന്ന് ഇടപാടുകാർക്ക് എടുക്കുന്നതിനായി വെച്ച സ്ഥലങ്ങൾ വ്യക്തമാക്കിയിരുന്നത്.

ഓരോ ഇടപാടിനും കമ്മിഷനും ഇൻസന്റീവും ബൾക്കിസിന് ഗൂഗിൾ പേ വഴി നൽകിയിരുന്നു. ഇടപാടുകാരിൽ നിന്നും മയക്കുമരുന്നിന്റെ വില ഗുഗിൾ പേ വഴി ലഭിച്ചതിനു ശേഷം മാത്രമേ സാധനങ്ങൾ കൈമാറിയിരുന്നുള്ളു. കണ്ണുർ ജില്ലയിൽ നിന്നും പിടികൂടിയ ഏഴു മയക്കുമരുന്ന് കേസുകളിൽ എടക്കാട്, കണ്ണുർസിറ്റി പൊലിസ് സ്റ്റേഷനുകളിലെ അഞ്ചു കേസുകളിൽ നിസാമിന് പങ്കുണ്ടെന്ന് വ്യക്തമായതായും എസ്‌പി പറഞ്ഞു.

എം.ഡി.എം.എ, എൽ.എസ്.ഡി എന്നിവ കൂടാതെ കൊക്കെയ്ൻ ഇടപാടുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഈ കേസിൽ നിസാമിനെതിരെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്. ബൾകിസിൽ നിന്നും മയക്കുമരുന്ന് പിടികൂടിയതും ജനീസിന്റെ പടന്ന പാലത്തെ കടയിൽ നിന്നും എൽ.എസ്.ഡി സ്റ്റാംപ് പിടികൂടിയ കേസിലും ഇയാൾ പ്രതിയാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.

കഴിഞ്ഞമാർച്ച് ഏഴിനാണ് കണ്ണൂരിലെ പാർസൽ ഓഫീസിൽ ടെക്സ്റ്റയിൽസിന്റെ പേരിൽ ബംഗ്ലുരുവിൽ നിന്ന് 2കിലോ വരുന്ന എം.ഡി. എം.എ, ഓപിയം അടക്കമുള്ള ലഹരി വസ്തുക്കൾ കൈപ്പറ്റാൻ എത്തിയ ബൾക്കീസും അഫ്സലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിസാമിന്റെ പങ്കാളിത്തം വ്യക്തമായത്.

ബൾക്കീസ് നൽകിയ മൊഴിയെ തുടർന്ന് കണ്ണൂർ നഗരത്തിലെ വസ്ത്രകട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് ശേഖരകേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരിന്നു.

ഇവരുടെ അന്വേഷണത്തിലാണ് നിസാം പിടിയിലായത്. ഈ കേസിലെ മറ്റൊരു പ്രതിയും ബൾക്കിസിന്റെ അമ്മാവന്റെ മകനുമായ കണ്ണുർസിറ്റി മരക്കാർ കണ്ടിയിലെ ജനീസ് ഒളിവിലാണ്. അറസ്റ്റിലായ നിസാം റിമാൻഡിലായ ബൾക്കീസിന്റെ അമ്മാവന്റെ മകനാണെന്നു അന്വേഷണ സംഘം അറിയിച്ചു. ജനീസ് കർണാടകയിലോ മഹാരാഷ്ട്രയിലോ ഒളിവിലാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.