- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ സമയത്ത് സ്കൂട്ടറിലെത്തുന്ന അജ്ഞാതൻ; നഗ്നതാ പ്രദർശനം തുടങ്ങിയത് കാലം ഏറെയായി; പകലുള്ള കോപ്രായം കാരണം പഠിക്കാനും പുറത്തിറങ്ങാനും പോലും വയ്യാത്ത അവസഥ; പരിയാരത്ത് ഇടപെടലിന് മനുഷ്യാവകാശ കമ്മീഷൻ; പൊലീസ് ഇരുട്ടിൽ തപ്പുമ്പോൾ
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് വനിതാഹോസ്റ്റലിന് സമീപത്ത് സമൂഹവിരുദ്ധർ നടത്തുന്ന നഗ്നതാ പ്രദർശനം ആവർത്തിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു.
മെഡിക്കൽ കോളജിന്റെ വനിതാ ഹോസ്റ്റലിന് സമീപം ഒരു ഞരമ്പ് രോഗി നഗ്‌നതാ പ്രദർശനം നടത്താൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പൊലിസ് നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പല തവണയായി സംഭവം നടന്നതോടെ കോളജ് അധികൃതർക്കും പൊലീസിലും പരാതി നൽകിയിട്ടും അവഗണിക്കുന്ന സ്ഥിതിയാണെന്നും ഒരു സുരക്ഷയും ഇല്ലാതെയാണ് ഇവിടെ പഠിക്കുന്നതെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.
മെഡിക്കൽ കോളജ് ഹോസ്റ്റലിന് ചുറ്റുമതിലില്ലാത്തത് ആശങ്കയുണ്ടാക്കുന്നു റോഡിനിരുവശവും കാടാണ്. പുറത്തു നിന്ന് ആർക്ക് വേണമെങ്കിലും ഇവിടെ എന്തും ചെയ്യാമെന്ന അവസ്ഥയാണെന്ന് മെഡിക്കൽ വിദ്യാർത്ഥിനികൾ പറയുന്നു. പകൽ നേരങ്ങളിൽ സ്‌കൂട്ടറിൽ എത്തിയ ആളാണ് പല തവണയായി വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയത്. ഹോസ്റ്റൽ വാർഡൻ കോളജ് അധികൃതർക്കും പൊലീസിലും പരാതി നൽകിയെങ്കിലും ഒരു ഇടപെടലും ഉണ്ടായില്ല.
ഞരമ്പ് രോഗിയുടെ കോപ്രായത്തിനെതിരെ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് മെഡിക്കൽ വിദ്യാർത്ഥിനികൾക്ക് പരാതിയുണ്ട്. എന്തൊരു കഷ്ടമാണിത്. പുറത്തിറങ്ങിയാൽ തുണി പൊക്കി കാണിക്കും. നാണക്കേടു കൊണ്ടു ജീവിക്കാനാവുന്നില്ല .. പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിനികളുടെ പരിദേവന മാണിത്. സംഭവം എല്ലാം പകൽ സമയത്താണ് നടന്നത് എന്നതിനാൽ ഇവിടെ പഠിക്കാനും യാത്ര ചെയ്യാനും വരെ പേടി ഉണ്ടാകുന്ന അവസ്ഥയാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.
ഈ കേസിൽ എന്തുനടപടിയെടുത്തുവെന്നു വിശദീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജില്ലാപൊലിസ് മേധാവിയോട് ആവശ്യപ്പെട്ടു. ജില്ലാപൊലിസും പരിയാരം മെഡിക്കൽ കോളേജ് അധികൃതരും 15ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് കമ്മിഷന്റെ നിർദ്ദേശം.
കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ കണ്ണൂരിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും. വനിതാ കോളേജ് ഹോസ്റ്റലിനു സുരക്ഷയില്ലെന്ന പരാതി ഗൗരവകരമാണെന്ന് കമ്മിഷൻ വിലയിരുത്തി. ഇതു സംബന്ധിച്ചു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരണം നൽകണം.
എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ സ്വീകരിക്കുന്നതെന്ന് പ്രിൻസിപ്പൽ രേഖാമൂലം വിശദീകരണം നൽകണം. കോളേജ് ഹോസ്റ്റലിൽ മെഡിക്കൽ വിദ്യാർത്ഥിനികൾ അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്നും ഹോസ്റ്റലിന് ചുറ്റുമുള്ള കാടുവെട്ടിതെളിച്ച് ചുറ്റുമതിൽ നിർമണിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശകമ്മിഷന്് എ. അക്‌ബർ അലി പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്