- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടവിന് കിട്ടിയാൽ ആനയെയും എടുക്കുന്നവർ! ചീട്ടുകളിയും സമാന്തര ബാറുകളും ഒക്കെയായി പാർട്ടി ഗ്രാമങ്ങളിൽ സമാന്തര സമ്പദ്ഘടനയായി പടർന്ന് പന്തലിച്ച് മാസക്കുറി സംഘങ്ങൾ; സഖാക്കളുടെ കൈക്കരുത്തിൽ മറിയുന്നത് ലക്ഷങ്ങൾ; കണ്ണൂരിലെ പണക്കളിയുടെ ഞെട്ടിക്കുന്ന കഥ
കണ്ണൂർ: വടക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിൽ സമാന്തര സമ്പദ്ഘടനയായ കുറികളും സംഘങ്ങളും കരുത്താർജ്ജിക്കുന്നു. ഗ്രാമീണ ലഘു സമ്പാദ്യ പദ്ധതികളായി തുടങ്ങിയ ഈ ചെറു സാമ്പത്തിക സമാഹരണവും വിനിമയവും ഇപ്പോൾ വൻകിട പൊതുമേഖലാ ബാങ്കുകളെ വെല്ലുന്ന രീതിയിൽ കോടികൾ കൈമറിയുന്ന സാമ്പത്തിക ഇടപാടുകളായി മാറിയിരിക്കുകയാണ്. സി. പി. എം നിയന്ത്രിത ക്ളബ്ബുകളും വായനശാലകളും സാംസ്കാരിക സംഘടനകളുമാണ് ഇതിന്റെ നടത്തിപ്പുകാർ.
ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിനും നാട്ടിലെ പൊതു ആവശ്യങ്ങൾക്കു ചെലവഴിക്കാനുമുള്ള പൊതുനന്മാ ഫണ്ടെന്ന ഓമനപേരിലാണ് ഇതു തുടങ്ങുന്നതെങ്കിലും പിന്നീട് കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ വടക്കെ മലബാറിൽ സിപിഎം മുക്കിലും മൂലയിലും കണ്ണായ സ്ഥലങ്ങളൊക്കെ വാങ്ങി കൂട്ടുകയും പാർട്ടി ഓഫിസുകൾ പണിയുകയും ചെയ്തത് ഇത്തരം സമാന്തര സാമ്പത്തിക മാർഗങ്ങളിലൂടെയാണ്.
എന്നാൽ പിന്നീട് പാർട്ടി നടത്തുന്ന ഇത്തരം സാമ്പത്തിക വ്യവഹാരങ്ങൾ കൈവിട്ട നിലയിലേക്ക് മാറുകയും സഹകരണ ബാങ്കുകളെക്കാൾ വലിയ സമാന്തര സമ്പദ്ഘടനയായി രൂപം പ്രാപിക്കുകയായിരുന്നു. ഒരു മാസത്തിൽ ലക്ഷങ്ങൾ കൈയ് മറിയുന്ന കുറികൾ കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളിൽ നടന്നുവരുന്നുണ്ട്. സർക്കാരിന്റെയോ ഇൻകം ടാക്സിന്റെയോ കണക്കിൽപ്പെടാത്ത പണമായതിനായാൽ വളരെ സുരക്ഷിതമായാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്.
സി. പി. എം പ്രാദേശിക ഘടകങ്ങളുടെ പിൻതുണയോടു കൂടി പാർട്ടി പ്രവർത്തകരും അനുഭാവികളും സാംസ്കാരിക സംഘടനകളുടെയും ക്ളബ്ബുകളുടെയും നേതൃത്വത്തിലാണ് കുറികളും സംഘങ്ങളും നടത്തി വരുന്നത്. കരുവന്നൂർ ബാങ്കിൽ ഇപ്പോൾ നടന്ന സാമ്പത്തിക തട്ടിപ്പിന് സമാനമായി അതി ഭീമൻ വെട്ടിപ്പുകൾ ഇതിൽ നടക്കാറുണ്ടെങ്കിലും പുറത്തു നിന്നും ഈച്ച പോലും പറന്നെത്താത്ത പാർട്ടി ഗ്രാമങ്ങളിൽ നിന്നും ഈ വിവരങ്ങൾ പുറത്ത് ഒരു കാരണവശാലും എത്താറില്ല.
അടവിന് കിട്ടിയാൽ ആനയെയും എടുക്കുന്നവർ
ഒരു കാലത്ത് ഇന്നത്തെ സർക്കാർ ഉദ്യോഗസ്ഥരെക്കാളും അന്തസോടെ ജീവിച്ചവരായിരുന്നു കണ്ണുരിലെ ദിനേശ് ബീഡി തൊഴിലാളികൾ. 80 മുതൽ 90 വരെ അവരുടെ വസന്തകാലം തന്നെയായിരുന്നു. മാന്യമായ കുലി, സ്ഥിരം ജോലി, പി.എഫ്, ഗ്രാറ്റുവിറ്റി, മെഡിക്കൽ അലവൻസ് എന്നിവയൊക്കെ അവർക്ക് ജീവിത സുരക്ഷിത കവചം ഒരുക്കിയിരുന്നു. വീടിനടുത്തുള്ള ഫാക്ടറികളിൽ ജോലി ചെയ്തു വന്നിരുന്നതുകൊണ്ട് അവർക്ക് ചെലവ് കുറവും വരുമാനം മിച്ചവുമായിരുന്നു.
ഈ സാഹചര്യത്തിലാണ് വിവാഹം, മരണം, വീട് നിർമ്മാണം, ചികിത്സ മറ്റു ആവശ്യങ്ങൾ, എന്നിവ നിറവേറ്റുന്നതിനായി ഓരോ കമ്പനികൾ കേന്ദ്രീകരിച്ചും തൊഴിലാളികൾ അവർ മാത്രം ഉൾക്കൊള്ളുന്ന ലഘു സമ്പാദ്യ പദ്ധതിയായ കുറികളും സംഘങ്ങളും തുടങ്ങിയത്. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ പണം ലഭിക്കാനും ഉപയോഗിക്കാനും വളരെ ചുരുങ്ങിയ പലിശ നിരക്കിൽ കഴിഞ്ഞുവെന്നതാണ് ഇതിന്റെ മെച്ചം.ദിനേശ് ബീഡി സംഘവുമായി യാതൊരു ബന്ധവും ഇതിനുണ്ടായിരുന്നില്ലെങ്കിലും സൊസൈറ്റിയോ മേസ്ത്രിമാരോ ഇതിനെ എതിർത്തിരുന്നില്ല.
സ്വന്തം വീടുകളിൽ ടി.വി യും ഫ്രിഡ്ജും മറ്റു ആധുനിക ഉപകരണങ്ങൾ തൊഴിലാളികൾ വാങ്ങിയിരുന്നത് ഇത്തരം പണം ഉപയോഗിച്ചായിരുന്നു. വീട് മോടിപിടിപ്പിക്കാനും കിണർ നിർമ്മാണത്തിനുമൊക്കെ ഇത്തരം പണമായിരുന്നു ഉപയോഗിച്ചിരുന്നത്. മിക്കവാറുംഭാര്യയും ഭർത്താവും ദിനേശ് ബീഡി തൊഴിലാളികളായതിനാൽ സാമ്പത്തികമായി മിച്ചം പിടിക്കാനും ജീവിത ചെലവുകൾ കുറച്ച് ആ ഗ്രഹിച്ചതെല്ലാം നേടാനും അവർക്ക് കഴിഞ്ഞിരുന്നു. അടവിന് കിട്ടിയാൽ ആനയെയുമെടുക്കുന്നവരെന്ന് കളിയായി വിശേഷിപ്പിച്ചിരുന്നു അന്നത്തെ ദിനേശ് ബീഡി തൊഴിലാളികളെ.
എന്നാൽ കേന്ദ്ര സർക്കാർ ബീഡി സിഗാർ നിയമം കർശനമാക്കുകയും പുതുതലമുറ ബീഡി വലിയിൽ നിന്നും അകലുകയും ചെയ്തതോടെ ദിനേശ് രണ്ടായിരം പിന്നിടുമ്പോഴെക്കും ക്ഷയിക്കാൻ തുടങ്ങി. തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചതോടെ കമ്പിനിയിൽ ആളനക്കം കുറയാൻ തുടങ്ങി. അതിജീവനത്തിനായി ദിനേശ് ഐ.ടി പാർക്കിലേക്കും അച്ചാർ നിർമ്മാണത്തിനും കുടയുണ്ടാക്കാനും ഇറങ്ങിയതോടെ നിവർന്ന് നിൽക്കാൻ ശേഷിയുള്ള തൊഴിലാളികളൊക്കെ അങ്ങോട്ട് മാറാൻ തുടങ്ങി.
ഇതോടെ ഇത്തരം ലഘു സമ്പാദ്യ പദ്ധതികളും പേരിന് മാത്രമായി മാറി. ഈ സാഹചര്യത്തിലാണ് കുറികളും ചിട്ടികളും സിപിഎം പ്രവർത്തകരും ബ്രാഞ്ചുകളും ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്
പണം കൊണ്ട് പാർട്ടിക്കളികൾ
തുടക്കത്തിൽ പാർട്ടിക്കായി ഓഫിസുകളും വായനശാലകളും നിർമ്മിക്കാനും പ്രവർത്തിക്കാൻ ഫണ്ടിനായും വാർഷികാഘോഷ പരിപാടികൾ നടത്താനുമാണ് ഇതിൽ നിന്നുമുള്ള ലാഭം ഉപയോഗിച്ചിരുന്നത്. എന്നാൽ കുറിയും സംഘവുമൊക്കെ ചേരാനെത്തിയവർ സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ്സുകാരും ഗൾഫ് - കള്ളപ്പണക്കാരുമൊക്കെയായതോടെ ഗ്രാമീണ സമ്പാദ്യ പദ്ധതിയെന്നത് പേരിന് മാത്രമായി മാറി.
ലക്ഷങ്ങളുടെ ഇടപാടുകളുടെ ഒരു വിഹിതം പാർട്ടിക്ക് ലഭിക്കുന്നതിനാൽ കച്ചവടം കൊഴുത്തു. പാർട്ടി ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റിക്ക് വരെ ഇത്തരം ഇടപാടുകളിൽ നിന്നും ഒരു വിഹിതമെത്താൻ തുടങ്ങിയതോടെ കച്ചവടം കൊഴുത്തു. രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്കായി കേസ് നടത്താനും രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനുമൊക്കെ ഇത്തരം വരുമാനം ഉപയോഗിക്കാൻ തുടങ്ങി.
തലശേരി താലുക്കിലെ പാർട്ടി ഗ്രാമങ്ങൾ ഇത്തരം ഇടപാടുകളുടെ ഹബ്ബായി തന്നെ മാറി. കൈയും കണക്കുമില്ലാതെ പല ഭാഗത്തു നിന്നായെത്തുന്ന പണം ഗുണത്തെക്കാളേറെ ദോഷവും ചെയ്തു. ഇതു കൈകാര്യം ചെയ്യുന്നപാർട്ടി പ്രവർത്തകർ സാമ്പത്തിക ക്രമക്കേടുകളിൽ കുടുങ്ങി. പലയിടത്തും കുറികളും സംഘങ്ങളും പൊട്ടി നടത്തിപ്പുകാർ നാടുവിട്ടു.പണം നഷ്ടപ്പെട്ടവരുടെ ആവലാതികൾ പറഞ്ഞു തീർക്കാനാവാതെ പാർട്ടി നേതൃത്വം കുഴങ്ങി.
ആരോപണ വിധേയരെ പുറത്താക്കി ശുദ്ധികലശം നടത്തിയെങ്കിലും പലയിടത്തും പാർട്ടിയുടെ സൽപേരിന് മേൽ ചെളി തെറിച്ചു.പാർട്ടിയിൽ നിന്നും പുറത്തായ പാർട്ടിയുടെ ഉശിരന്മാരായ സഖാക്കളിൽ ചിലർ ചതിയിൽപ്പെട്ട് ആത്മഹത്യ ചെയ്തത് പ്രശ്നങ്ങൾ വഷളാക്കി.ഇതോടെ ഇത്തരം പരിപാടികളിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കരുതെന്ന തീരുമാനമെടുക്കാൻ സംസ്ഥാ ന നേ തൃ ത്വ ത്തിന് തുനിഞ്ഞിറങ്ങേണ്ടി വന്നു.
പാഴായിപ്പോയ തെറ്റുതിരുത്തൽ രേഖ
സിപിഎം സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ശ്രമിച്ച തെറ്റുതിരുത്തൽ രേഖയിൽ അടിവരയിട്ടു പറയുന്നുണ്ട്. പാർട്ടി ഘടകങ്ങളോ നിയന്ത്രിത സ്ഥാപനങ്ങളോ പ്രവർത്തകരോ ഭാരവാഹികളോ യാതൊരു വിധ സാമ്പത്തിക ഇടപാടുകളിലും പങ്കാളികളാ നടത്തിപ്പുകാരായായി മാറരുതെന്ന്. എന്നാൽ ഈ തീരുമാനം വെറും റിപ്പോർട്ടിങ്ങിൽ മാത്രമായി ഒതുക്കി.
കല്ലേ പിളർക്കുന്ന പാർട്ടി ശാസന അനുസരിക്കാൻ ആരും തയ്യാറായില്ലെന്നു മാത്രമല്ല കീഴ്ഘടകങ്ങളിൽ നിന്നും ശക്തമായ എതിർപ്പും ഉയർന്നു. പാർട്ടി തീരുമാനത്തിന് ലുപ് ഹോളിട്ട് ഇപ്പോൾ ഇത്തരം സംരഭങ്ങളുടെ ചുക്കാൻ പിടിക്കുന്നത് പാർട്ടി സഹയാത്രികരായ വിരമിച്ച ചില ഉദ്യോഗസ്ഥരും സഹകരണ ബാങ്ക് ജീവനക്കാരുമാണ്. സ്വന്തമായി കെട്ടിടം വാടകയ്ക്കെടുത്താണ് പലയിടത്തും കുറി നടത്തിവ്.
വ്യാജചാരായം വിൽക്കുന്നവർ മുതൽ ബ്ളേഡുകാർ വരെ ഇതു നിയന്ത്രിക്കുന്നുണ്ട്. ഇതിൽ നിന്നുള്ള കൃത്യമായ വിഹിതം പ്രാദേശിക നേതൃത്വത്തിന് ലഭിക്കുന്നതിനാൽ അവരുടെ പിൻതുണയുമുണ്ട്. ഇത്തരം വാടക കെട്ടിടങ്ങളിലും സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന് തോന്നിക്കുന്ന പേരുള്ള ക്ളബ്ബുകളോ സാംസ്കാരിക കേന്ദ്രങ്ങളോ രുപീകരിച്ചാണ് പണമിടപാടുകൾ നടത്തുന്നത്.
ഇതിനൊപ്പം ചീട്ടുകളിയും സമാന്തര ബാറുകളും മിക്കയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. പാർട്ടി ഗ്രാമങ്ങളിൽ പരിപൂർണ സംരക്ഷണയുള്ളതിനാൽ പരാതി ലഭിച്ചാൽ പോലും പൊലിസിന് ഇവിടേക്ക് എത്തിനോക്കാൻ പോലും കഴിയില്ല. നോട്ടു നിരോധനത്തോടെ അൽപ്പം ചില പ്രതിസന്ധിയുണ്ടായെങ്കിലും യാതൊരു കണക്കിലും ഉൾപ്പെടാത്ത ലക്ഷങ്ങൾ പൂഴ്ത്തിവയ്ക്കാൻ ഇത്തരം സംഘങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ പുർവ്വാധികം ശക്തിയോടെ ഇവ പ്രവർത്തിച്ചു വരുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്