കണ്ണൂർ : കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ സിപിഎം ബന്ധം മറനീക്കി പുറത്തു വരുന്നു. കൊല്ലപ്പെട്ടയാളും പ്രതികളും ബോംബ് നിർമ്മാണത്തിൽ ഒരേ പോലെ പങ്കാളികളായെന്നും വിവാഹ വീട്ടിന്റെ പരിസരത്ത് എതിരാളികൾക്കെതിരെ അക്രമം നടത്താൻ ഇവർ ഗൂഢാലോചന നടത്തിയെന്നുമാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്.

കഴിഞ്ഞ കുറെക്കാലമായി ഏച്ചുരിലെ ട്രഞ്ചിങ് ഗ്രൗണ്ട് കേന്ദ്രീകരിച്ചു സിപിഎം പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം ബോംബ് നിർമ്മിച്ചു വരികയായിരുന്നുവെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഇതിനു സമാനമായ വസ്തുതയാണ് പൊലിസും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂർ കോർപറേഷനിലെ തോട്ടട പന്ത്രണ്ടു കണ്ടി റോഡിൽ വിവാഹഘോഷയാത്രക്കിടെ ബോംബെറിഞ്ഞ് യുവാവ് കൊലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി കണ്ണൂർ സിറ്റി പൊലിസ് അസി.കമ്മീഷണർ പി പി സദാനന്ദൻ സ്ഥിരീകരിച്ചു.

ഏച്ചൂർ സ്വദേശിയും കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്തുമായ പി അക്ഷയിനെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. ബോംബുണ്ടാക്കിയ ആൾ ഉൾപെടെ മറ്റ് മൂന്നു പേർ എടക്കാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. റിജുൽ സി കെ, സനീഷ്,, ജിജിൽ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ബോംബെറിഞ്ഞ മിഥുൻ എന്നയാളെ ഇതുവരെ കിട്ടിയില്ല. മിഥുൻനായുള്ള തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ജിഷ്ണുവിനും ഇപ്പോൾ പിടിയിലായ അക്ഷയ്ക്കും ഒളിവിലുള്ള മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നുവെന്നാണ് ലഭിച്ച വിവരം.

ഏറുപടക്കം വാങ്ങി സ്ഫോടക വസ്തുക്കൾ ചേർത്താണ് നാടൻ ബോംബുണ്ടാക്കിയത്. തന്റെ മേൽനോട്ടത്തിൽ എടക്കാട് സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് പി.പി സദാനന്ദൻ പറഞ്ഞു. ജിഷ്ണുവിന്റെ വധത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസും ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. കൊല്ലപെട്ടതും കൊന്നതും സിപിഎമ്മുകാരാണെന്നായിരുന്നു കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനന്റെ ആരോപണം.

തന്റെ വാർഡായ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. സംഭവ സ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്ന് കൊലപാതകം നടന്ന സമയത്ത് തന്നെ പൊലിസിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനു ശേഷം കണ്ണൂർ ഡി.സി സി അധ്യക്ഷൻ മാർട്ടിൻ ജോർജും പൊലിസിനെതിരെയും സിപിഎമ്മിനെതിരെയും രംഗത്തു വന്നു.

ഇതിനു ശേഷമാണ് തന്റെ വാർഡായ തോട്ടടയിൽ വിവാഹവീട്ടിലെ ബോംബെറുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ആരോപണവുമായി കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ രംഗത്തെത്തിയത്. പ്രതികൾ സംഭവ ദിവസംതലേന്ന് ബോംബേറ് പരിശീലനം നടത്തിയെന്ന് ടി.ഒ. മോഹനൻ കണ്ണൂരിൽ ആരോപിച്ചു. ചേലോറയിലെ മാലിന്യ സംസ്‌കരണ സ്ഥലത്ത് വച്ചായിരുന്നു പരിശീലനം നടത്തിയത്. ഉഗ്രശബ്ദത്തിൽ അർധരാത്രി പൊട്ടിത്തെറിയുണ്ടായെന്നും മോഹനൻ വ്യക്തമാക്കി.

കേസിലെ പ്രതികളെല്ലാം സജീവ സിപിഎം പ്രവർത്തകരാണ്. കൊല്ലപ്പെട്ട ജിഷ്ണു ഏച്ചൂരിലെ സിപിഎം പ്രവർത്തകനാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മോഹനൻ ആവശ്യപ്പെട്ടു.