കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. ഏഴംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

പ്രതികൾ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന കാർ പൊലീസ് പുലർച്ചെ കസ്റ്റഡിയിൽ എടുത്തിരുന്നു. പയ്യന്നൂരിനടുത്ത് മണിയറയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇന്നോവ കാർ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ ഡ്രൈവർ വാഹനമുപേക്ഷിച്ച് കടക്കുകയായിരുന്നു.

കാറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും രക്ഷപ്പെടും മുമ്പ് ഇയാൾ കാറിൽ മുളകുപൊടി വിതറിയിരുന്നതായും പൊലീസ് പറഞ്ഞു. കാറിന്റെ ബമ്പറിൽ ഇടിച്ച പാടുമുണ്ട്. കാർ പൊലീസ് പരിശോധിച്ചു വരികയാണ്. രാമന്തളി സ്വദേശിയുടേതാണ് കാറെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ നിന്നാണ് കൊലയാളികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

വെള്ളിയാഴ്ച വൈകിട്ടാണ് ആർഎസ്എസ് മണ്ഡലം കാര്യവാഹക് ആയ ചൂരക്കാട് ബിജു(34) കൊല്ലപ്പെടുന്നത്. കാറിലെത്തിയ സംഘം ബിജുവിന്റെ ബൈക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ടെത്തി നടത്തിയ സർവകക്ഷിയോഗത്തിനു ശേഷം നടന്ന കൊലപാതകം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. എന്നാൽ കൊലപാതകത്തെ തള്ളി പറഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ രംഗത്തെത്തിയിരുന്നു.
സി.പി.എം പ്രവർത്തകൻ കൊലചെയ്യപ്പെട്ട കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആർഎസ്എസ് രാമന്തളി മണ്ഡൽ കാര്യവാഹ് ബിജു എന്നതിനാൽ സി.പി.എം ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് സംഘപരിവാർ ആരോപിക്കുന്നത്.

ജില്ലയെ സംഘർഷത്തിലേക്ക് തള്ളിവിടുന്നത് സി.പി.എം ആണെന്ന് ആരോപിച്ച ബിജെപി ശക്തമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസും വലിയ ആശങ്കയിലാണ്.

കണ്ണൂരിൽ സായുധസേനാ പ്രത്യേകാധികാര നിയമമായ അഫ്‌സ്പ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ സി.പി.എം ക്രിമിനലുകളുടെ ആക്രമണം സർക്കാരിനു പോലും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അവർ ആരോപിക്കുന്നു. കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് അഫ്‌സ്പ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഗവർണർക്ക് നിവേദനവും നൽകി.

ഇതിനിടെ കണ്ണൂരിൽ വ്യാപകമായ അക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. കണ്ണൂരിൽ സംഘപരിവാർ പ്രവർത്തകരെ സി.പി.എം കൊലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ദേശീയ തലത്തിൽ സിപിഎമ്മിന് എതിരെയും മുഖ്യമന്ത്രി പിണറായിക്കെതിരെയും ശക്തമായി പ്രതികരിക്കുന്ന ബിജെപി ആർഎസ്എസ് ദേശീയ നേതൃത്വങ്ങളും ഇപ്പോഴത്തെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കേരളത്തിന് പുറത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടും ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടതാണ് ബിജെപി ആർഎസ്എസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്.

കൊലപാതകങ്ങൾക്ക് എണ്ണം പറഞ്ഞ് കണക്ക് തീർക്കുന്ന കണ്ണൂരിൽ വീണ്ടും അശാന്തി പടരുമ്പോൾ ജനങ്ങളും വലിയ ആശങ്കയിലാണ്. എപ്പോൾ വേണമെങ്കിലും എവിടെയും എന്തും സംഭവിക്കാമെന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. പൊലീസ് മേധാവിയുടെ കസേരയിൽ തിരിച്ചു വന്ന സെൻകുമാറിനെ സംബന്ധിച്ചും ചാർജെടുത്ത് ഒരാഴ്ചക്കുള്ളിൽ നടന്ന ഈ കൊലപാതകത്തിലെ പ്രതികളെ പിടിക്കേണ്ടത് ഇപ്പോൾ അഭിമാനപ്രശ്‌നമാണ്.
സി.പി.എം ക്രിമിനലുകളാണ് പ്രതികളെന്ന് ബിജെപി ആരോപിക്കുക കൂടി ചെയ്തതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ സെൻകുമാർ ഈ കേസിൽ എന്ത് തീരുമാനമാണ് എടുക്കുകയെന്നാണ് ആകാംക്ഷയോടെ വീക്ഷിക്കുന്നത്.

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സി.പി.എം പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിക്കുന്നതായ രൂപത്തിൽവന്ന വീഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഈ ദൃശ്യം കെട്ടിച്ചമച്ചതാണെന്നാാണ് സി.പി.എം നേതൃത്ത്വത്തിന്റെ ആരോപണം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി ശിവവിക്രമിന് ആണ് നിലവിൽ അന്വേഷണച്ചുമതല.