കണ്ണൂർ: കണ്ണൂരിൽ സമാധാന യോഗങ്ങൾ നിരവധി കഴിഞ്ഞു. ഇതു കഴിഞ്ഞ് നേതാക്കൽ തമ്മിൽ ചിരിച്ചു കൊണ്ട് കൈകോർത്തു നില്ക്കുന്ന ചിത്രങ്ങൾ ധാരാളം പുറത്തുവരാറുണ്ട്. എന്നാൽ, അവിടം കൊണ്ടും ഒന്നും സംഭവിക്കുന്നില്ല. സമാധാന യോഗങ്ങൾ കഴിഞ്ഞെങ്കിലും അണികൽ പരസ്പ്പരം വാളെടുത്ത് വെട്ടുതുടങ്ങുകയാണ്. ഇപ്പോൾ കൊലചെയ്യുന്നില്ല, പകരം ജീവച്ഛവമാക്കി കിടത്തുകയാണ് കണ്ണൂരിന്റെ പുതിയ മോഡൽ.

ജീവനെടുക്കില്ല, പകരം വെട്ടിനുറുക്കി വിടും. രാഷ്ട്രീയ പകപോക്കലിൽ ജീവനെടുത്തുകൊണ്ടാണ് പണ്ടൊക്കെ കണ്ണൂരിൽ പ്രതികാരമെങ്കിൽ ഇപ്പോൾ ഇരകളുടെ ജീവിതം നരകിപ്പിക്കുന്നതിലാണവർ രസം കണ്ടെത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ സിപിഎം, ബിജെപി- ആർ.എസ്.എസ് നേതാക്കളുടെ ഉഭയകക്ഷി സമാധാനയോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ അടച്ചിട്ടമുറിയിലെ സമാധാന യോഗം കഴിഞ്ഞ് നേതാക്കൾ പുറത്തിറങ്ങിയപ്പോഴേക്കും ജില്ലയിൽ സംഘർഷങ്ങൾ ആവർത്തിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ നേതാക്കൾ ആഹ്വാനം നല്കിയതിന്റെ വാർത്ത വായിച്ച ജനങ്ങൾ പത്രങ്ങൾ താഴെവയ്ക്കുംമുമ്പ് അക്രമവാർത്തയുമെത്തുന്ന സ്ഥിതി. കഴിഞ്ഞദിവസം രാവിലെ പത്ത് മണിക്ക് പാനൂരിൽ സിപിഎം പ്രവർത്തനെ വെട്ടി മൃതപ്രായനാക്കി. അങ്ങനെ ഡിസംബറിൽ വ്യാപകമാകുന്ന ചോരക്കളി ഇക്കുറിയും കണ്ണൂരിനെ വിറപ്പിച്ചു.

കുറഞ്ഞ കാലംകൊണ്ട് വെട്ടേറ്റത് ഇരുപത്തഞ്ചോളം പേർക്കാണ്. മൂന്നു ദിവസത്തെ കണക്കെടുത്താൻ തന്നെ മട്ടന്നൂർ, പാനൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി പതിനഞ്ച് പേർക്കു വെട്ടേറ്റു. കണ്ണൂർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കോടതി ഇടപെടലുകൾ കൂടി ഉണ്ടായ സാഹചര്യത്തിൽ നിയമപരമായും രാഷ്ട്രീയപരവുമായ പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കുമെന്നതിനാലാണ് അക്രമികൾ കൊലപ്പെടുത്താതിരിക്കാൻ ജാഗ്രത പാലിക്കുന്നത്. കണ്ണൂരിലെ അക്രമങ്ങൾ ദേശീയതലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്ന സ്ഥിതിയുമുണ്ട്. നാനൂറിലധികം കൊലപാതങ്ങൾ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം കണ്ണൂരിൽ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കണ്ണൂരിൽ രാഷ്ട്രീയ കുടിപ്പക തീർത്ത കൊല്ലാക്കൊലയിൽ കൈയും കാലും തകർന്ന് ജീവച്ഛവമായി കഴിയുന്നവർ മുന്നൂറോളം വരും. ഇതിൽ പലരും ചലനശേഷി നഷ്ടപ്പെട്ട് പരാശ്രയത്തോടെ കഴിയുന്നവരാണ്. കൃത്രിമകൈയും കാലുമായി ജീവിതത്തെ നേരിടുന്നവരുമുണ്ട്.

നാളായി കണ്ണൂരിന്റെ പലഭാഗങ്ങളിലായി വെട്ടും കുത്തും ബോംബേറുമൊക്കെ നടന്നുവരുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിലെ ചില സംഭവങ്ങളാണ് ഇപ്പോഴിതിനെ ചർച്ചകളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ 19ന് വൈകിട്ട് ആറിന് തലശ്ശേരി പുല്ല്യോട്ട് ആർ.എസ്.എസ് പൊന്ന്യം മണ്ഡൽ കാര്യവാഹ് പ്രവീണിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കൈകാലുകൾക്കും തലയ്ക്കും വെട്ടേറ്റു. ഇടതുകൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. അന്നു തന്നെ പയ്യന്നൂർ മാത്തിലിൽ കാങ്കോൽ -ആലപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.വി നാരായണനെ കമ്പിപ്പാരകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു. മോട്ടോർ ബൈക്കിൽ യാത്ര ചെയ്യവെ തടഞ്ഞുനിർത്തിയായിരുന്നു അക്രമം. കണ്ണവം പൊലീസ് പരിധിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അപ്പുക്കുട്ടന് നേരെയും അക്രമമുണ്ടായി.

മാലൂർ ശിവപുരം ലക്ഷംവീട് കോളനിക്ക് സമീപം അഞ്ച് ബിജെപി നേതാക്കളാണ് ആക്രമിക്കപ്പെട്ടത്. മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി, വൈസ് പ്രസിഡന്റ് സുനിൽ പെരിഞ്ചേരി, മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ്, ഗംഗാധരൻ മാലൂർ, മോഹനൻ എന്നിവർക്കാണ് വെട്ടേറ്റത്. രാവിലെയുണ്ടായ രാഷ്ട്രീയ പ്രശ്‌നം ചർച്ച ചെയ്യാൻ മാലൂർ പൊലീസ് സ്റ്റേഷനിലേക്ക് കാറിൽ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അക്രമം. കാർ തടഞ്ഞുനിർത്തിയ സംഘം ഇവരെ വലിച്ചിറക്കി ആക്രമിച്ചു. ഇതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കണ്ണൂരിലെത്തി ഗവർണർക്ക് നേരെ രൂക്ഷവിമർശനമുയർത്തി. തുടർന്ന് നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നല്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

മട്ടന്നൂർ അയ്യല്ലൂരിൽ ശിവപുരം അക്രമത്തിന്റെ പ്രതികാരമെന്ന നിലയിൽ രണ്ട് സിപിഎം പ്രവർത്തകർ ആക്രമിക്കപ്പെട്ടു. മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ.ടി ചന്ദ്രന്റെ മകൻ കെ.ടി സുധീർകുമാർ, ശ്രീജിത്ത് എന്നിവർക്കാണ് ഗുരുതരമായി വെട്ടേറ്റത്. ബസ് സ്റ്റോപ്പിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇവർക്ക് നേരെ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. ഇരുപതോളം വെട്ടുകളാണ് ഹോമിയോ ഡോക്ടറായ സുധീറിന്റെ ദേഹത്തുണ്ടായത്. കുമ്മനം രാജശേഖരന്റെ അറിവോടെയാണ് അക്രമമെന്ന ആരോപണവുമായി ഇതോടെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ രംഗത്തെത്തി. അദ്ദേഹത്തിനും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കുമെതിരെ ഗൂഢാലോചനാ കുറ്റംചുമത്തി കേസെടുക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളെ തുടർന്ന് പ്രാദേശിക ഹർത്താലുകളും അരങ്ങേറി.

ജില്ലയിലാകെ പടരാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് ജില്ലാ ഭരണകൂടം ഉണർന്ന് ഇരുവിഭാഗങ്ങളെയുമിരുത്തി സമാധാന ചർച്ച നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഉൾപ്പെടെ പ്രകോപനപരമായ സന്ദേശങ്ങൾ നല്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, വൈകിട്ട് സമാധാന ചർച്ച നടന്നു രാത്രിയായപ്പോഴേക്കും പയ്യന്നൂർ കവ്വായി മേഖലയിൽ വ്യാപകമായി അക്രമങ്ങൾ നടന്നു. സിപിഎം- മുസ്ലിംലീഗ് സംഘർഷത്തിൽ പത്തോളം വീടുകളും നിരവധി വാഹനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. മണിക്കൂറുകൾ കഴിയും മുമ്പേ പാനൂർ കൂറ്റേരിയിൽ സിപിഎം പ്രവർത്തകൻ ചന്ദ്രന് ക്രൂരമായി വെട്ടേൽക്കുകയും ചെയ്തു. മഴു ഉപയോഗിച്ചാണ് വെട്ടിയതെന്നായിരുന്നു പ്രാഥമികമായി ലഭിച്ച വിവരം.