- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ കളിയാട്ടത്തിന് ഇപ്പോൾ രൗദ്രഭാവം! പകയുള്ള മനസോടെ രാഷ്ട്രീയ പാർട്ടി അനുയായികൾ നീങ്ങുന്നത് കാവുകളിലേക്ക്; മുഖാമുഖം കാണുമ്പോൾ പക തീർക്കാനുള്ള വേദിയായി കാവിൻ പരിസരങ്ങൾ മാറുന്നു; മേലൂട്ട് മടപ്പുര തിരുവപ്പന ഉത്സവത്തിൽ കലശ ഘോഷയാത്രയിലെ സംഘർഷം രാഷ്ട്രീയ വിഷയമായി മാറിയത് അതിവേഗം; സമാധാന യോഗം വെറും പ്രഹസനം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് ജില്ലാ സമാധാന യോഗം മാത്രം കൊണ്ട് പരിഹാരമാകാറില്ല. നാളിതു വരെയുള്ള സമാധാന ചർച്ചകൾ കൊണ്ട് താഴെ തലത്തിൽ കാര്യക്ഷമമായ സമാധാന നീക്കങ്ങൾ ആരംഭിച്ചിട്ടില്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. എന്നിട്ടും ജില്ലാ ഭരണ കൂടവും പൊലീസും രാഷ്ട്രീയ പാർട്ടികളും ഗൗരവത്തോടെയുള്ള ഒരു നീക്കവും അടിത്തട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചില്ല. കഴിഞ്ഞ ദിവസം സിപിഐ.(എം). ബിജെപി. ഉഭയകക്ഷി ചർച്ച സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടും മണിക്കൂറുകൾക്കകം പാനൂർ മേഖലയിൽ അക്രമങ്ങൾ അരങ്ങേറി. പയ്യന്നൂരിലും സിപിഐ.(എം). മുസ്ലിം ലീഗ് സംഘർഷവും ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്തു. മട്ടന്നൂർ അക്രമങ്ങളുടെ പേരിലായിരുന്നു ജില്ലാ കലക്ടർ മീർ മുഹമ്മദലി പതിവു പോലെ സമാധാന ചർച്ച വിളിച്ചത്. യോഗം ചേർന്ന് സമാധാനത്തിനുള്ള സംയുക്ത പ്രസ്താവനയും നടത്തി. എന്നാൽ ഇതൊന്നും അണികളിൽ എത്തിക്കാൻ യഥാസമയം രാഷ്ട്രീയ നേതൃത്വങ്ങൾ പ്രവർത്തിച്ചില്ല. അതാണ് പാനൂരിൽ സംഭവിച്ചത്. ജില്ലാ തല യോഗം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പാനൂരിലെ സിപിഐ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് ജില്ലാ സമാധാന യോഗം മാത്രം കൊണ്ട് പരിഹാരമാകാറില്ല. നാളിതു വരെയുള്ള സമാധാന ചർച്ചകൾ കൊണ്ട് താഴെ തലത്തിൽ കാര്യക്ഷമമായ സമാധാന നീക്കങ്ങൾ ആരംഭിച്ചിട്ടില്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. എന്നിട്ടും ജില്ലാ ഭരണ കൂടവും പൊലീസും രാഷ്ട്രീയ പാർട്ടികളും ഗൗരവത്തോടെയുള്ള ഒരു നീക്കവും അടിത്തട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചില്ല.
കഴിഞ്ഞ ദിവസം സിപിഐ.(എം). ബിജെപി. ഉഭയകക്ഷി ചർച്ച സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടും മണിക്കൂറുകൾക്കകം പാനൂർ മേഖലയിൽ അക്രമങ്ങൾ അരങ്ങേറി. പയ്യന്നൂരിലും സിപിഐ.(എം). മുസ്ലിം ലീഗ് സംഘർഷവും ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്തു. മട്ടന്നൂർ അക്രമങ്ങളുടെ പേരിലായിരുന്നു ജില്ലാ കലക്ടർ മീർ മുഹമ്മദലി പതിവു പോലെ സമാധാന ചർച്ച വിളിച്ചത്. യോഗം ചേർന്ന് സമാധാനത്തിനുള്ള സംയുക്ത പ്രസ്താവനയും നടത്തി. എന്നാൽ ഇതൊന്നും അണികളിൽ എത്തിക്കാൻ യഥാസമയം രാഷ്ട്രീയ നേതൃത്വങ്ങൾ പ്രവർത്തിച്ചില്ല. അതാണ് പാനൂരിൽ സംഭവിച്ചത്.
ജില്ലാ തല യോഗം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പാനൂരിലെ സിപിഐ.(എം). പ്രവർത്തകൻ കാട്ടിന്റവിടെ ചന്ദ്രന് വെട്ടേറ്റത്. പാൽ വിതരണത്തിനിടയാണ് ചന്ദ്രൻ അക്രമിക്കപ്പെട്ടത്. പാൽക്കാരനും മത്സ്യ വിൽപ്പനക്കാരനും പത്ര വിതരണക്കാരനും കൊല്ലപ്പെട്ടതും ആക്രമിക്കപ്പെട്ടതുമായ സംഭവങ്ങൾ ഇതിനു മുമ്പ് കണ്ണൂരിൽ ഒട്ടേറെ നടന്നിട്ടുണ്ട്. ഓരോ കുടുംബത്തിന്റേയും പ്രതീക്ഷകളാണ് ഇങ്ങിനെ അസ്തമിച്ചു പോകുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും കുറേക്കൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾ സംബന്ധിച്ച്. തങ്ങൾ ആഹ്വാനം ചെയ്യുന്ന സമാധാനം അണികളെക്കൊണ്ട് അനുസരിപ്പിച്ചെങ്കിൽ മാത്രമേ കണ്ണൂരിലെ കലാപത്തിന് ശമനമാകൂ.
കണ്ണൂർ ഇപ്പോൾ കളിയാട്ടക്കാലത്തിന്റെ ക്ലൈമാക്സിലാണ്. കണ്ണൂരും മാഹിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 300 ലേറെ കാവുകളിൽ ഇനിയും കളിയാട്ടങ്ങൾ അരങ്ങേറാനുണ്ട്. രൗദ്ര തെയ്യങ്ങളും ഭഗവതിമാരും തിരുമുറ്റത്ത് തെയ്യാട്ടം നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടി അനുയായികളും പകയുള്ള മനസ്സുമായി അവിടങ്ങളിലെത്തും. പലപ്പോഴും ഇവർ മുഖാമുഖം കാണുമ്പോൾ പക തീർക്കാനുള്ള വേദിയായി കാവിൻ പരിസരങ്ങൾ മാറും. അതിന്റെ തുടക്കമാണ് തലശ്ശേരിയിൽ നിന്നും ആരംഭിച്ചത്. മേലൂട്ട് മടപ്പുര തിരുവപ്പന ഉത്സവത്തിൽ കലശം ഘോഷയാത്രയിലാണ് സംഘർഷമുണ്ടായത്. സംഘം ചേർന്ന് വന്നവർ ഏറ്റുമുട്ടുകയായിരുന്നു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്സവ കാലത്ത് നടക്കുന്ന സംഘർഷങ്ങൾ പലതും രാഷ്ടീയമല്ലെങ്കിലും പിന്നീട് രാഷ്ട്രീയമായി ഭവിക്കുകയാണ് പതിവ്.
ആയുധങ്ങളുടെ ഉപയോഗമാണ് അക്രമങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നത്. വടിവാൾ മുതൽ മാരക ശേഷിയുള്ള ബോംബുകൾ വരെ കണ്ണൂരിലെ അക്രമങ്ങൾക്ക് ഉപയോഗിച്ചു വരുന്നുണ്ട്. ആൾപ്പാർപ്പില്ലാത്ത പറമ്പുകളും പാറയിടുക്കുകളും ഓവുചാലുകളുമാണ് ആയുധ സംഭരണ കേന്ദ്രങ്ങൾ. അക്രമം ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന പൊലീസ് കൃത്യമായ പരിശോധന നടത്തിയാൽ തന്നെ അക്രമത്തിന്റെ തീക്ഷ്ണത കുറക്കാനാകും.
തങ്ങൾ സ്വന്തമാക്കിയ രാഷ്ട്രീയ ഗ്രാമങ്ങളാണ് ആയുധ സംഭരണ കേന്ദ്രങ്ങൾ. അവിടങ്ങളിൽ എത്തി ആയുധങ്ങൾ പിടിച്ചെടുക്കാൻ പൊലീസിന് ആവുന്നില്ല. സമാധാന യോഗങ്ങൾ ഗ്രാമ തലത്തിൽ നടത്തിയാൽ ഒരു പരിധി വരെ ആയുധ സംഭരണ കേന്ദ്രങ്ങൾ കുറയുകയും അതോടൊപ്പം പൊലീസിന് ആയുധങ്ങൾ പിടിച്ചെടുക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഇപ്പോൾ തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാണ് ജില്ലാ തല സമാധാന യോഗം കൊണ്ട് നടന്നത്. ഗ്രാമതലത്തിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമം കൊണ്ടേ അക്രമങ്ങളെ അമർച്ച ചെയ്യാൻ ആകൂ എന്നതാണ് കണ്ണൂരിലെ മുൻകാല അനുഭവം.