- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഗേഷിന് ശേഷം കണ്ണൂരിൽ പുനരധിവാസം കാത്ത് നേതാക്കളുടെ വൻനിര; വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നോട്ടമിട്ട് പികെ ശ്രീമതി; പിണറായി കനിഞ്ഞാൽ പലരും അധികാരത്തിന്റെ ശീതളച്ഛായയിൽ എത്തും; പിജെയ്ക്കും ഇപിക്കും എന്തു സംഭവിക്കുമെന്നതിൽ ആകാംഷയും
കണ്ണൂർ: കെ.കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതിനു പിന്നാലെ കണ്ണുരിൽ രണ്ടാം പിണറായി സർക്കാരിൽ ഭാഗമാകാൻ നേതാക്കളുടെ നീണ്ട നിര. പാർട്ടി സംഘടനാ പ്രവർത്തനങ്ങളിൽ ഭാഗമാകാൻ ഇതിൽ ഭുരിഭാഗമാളുകൾക്കും താൽപ്പര്യമില്ലെന്നാണ് വിവരം. ദിനേശൻ പുത്തലേത്ത് മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയായി തുടരും.
സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം നടക്കുന്ന കോർപറേഷനുകളിലേക്ക് വിവിധ കമ്മിഷൻ / ബോർഡ് തലപ്പത്തും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുമുള്ള കുടിയിരുത്തലിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വലിയൊരു വിഭാഗം നേതാക്കൾ 'ഇതിനായി അണിയറയിൽ രഹസ്യമായി ചരടുവലിക്കുന്നവരുമുണ്ട്. മുൻ എംപിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ ശ്രീമതി ഇപ്പോൾ തൊഴിൽ രഹിതയാണ്. വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പി.കെ.ശ്രീമതി നോട്ടമിട്ടിട്ടുണ്ട്.
എം.സി ജോസഫൈൻ ഇരുന്ന പദവിയിലേക്ക് ഒരു കേന്ദ്ര കമ്മിറ്റിയംഗത്തെ അവരോധിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ഈക്കാര്യം പരിഗണനയിലാണ്. തളിപ്പറമ്പ് മുൻ എംഎൽഎയായിരുന്ന ജയിംസ് മാത്യു ലക്ഷ്യമിടുന്നത് ഏതെങ്കിലും കോർപറേഷനോ ബോർഡോ യാ ണ്.കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കുമെന്ന സൂചനയുണ്ട്. അഴീക്കോട് മണ്ഡലം മുൻ എംഎൽഎ കെ.പ്രകാശൻ കേരള ബാങ്ക് നയിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിപിഎം സംസ്ഥാന സമിതിയംഗമായ കെ.പി സഹദേവൻ ഹാൻവീവ് ചെയർമാനായി തുടർന്നേക്കും. കല്യാശേരി മുൻ എംഎൽഎ ടി .വി രാജേഷ് മന്ത്രി എം.വി ഗോവിന്ദന്റെ ഓഫിസിലെ മുഖ്യ ചുമതലക്കാരനാകുമെന്നും സൂചനയുണ്ട്. കെ.കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പോയ സാഹചര്യത്തിൽ എം.വി ജയരാജൻ പാർട്ടി ജില്ലാ സെക്രട്ടറിയായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ പാർട്ടിയുടെ സംഘടനാപരമായി ഏറ്റവും പ്രാധാന്യമുള്ള സമ്മേളനങ്ങൾ നടക്കാൻ പോകുന്ന സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ താൽപ്പര്യമുള്ള മുൻനിര നേതാക്കൾ കണ്ണുരിൽ വളരെ കുറവാണ്. സി. പി. എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജനും സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജനുമാണ് പാർട്ടി പ്രവർത്തനത്തിൽ മുഴുകാൻ താൽപ്പര്യം പ്രകടിപ്പിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനുമായി അകന്നു കഴിയുന്ന ഇരുനേതാക്കളും ഇപ്പോൾ സംഘടനയിൽ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുകയാണ്.
ഭരണത്തിൽ മാത്രമല്ല പാർട്ടിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സമഗ്രാധിപത്യമാണ് നടപ്പിലാക്കാൻ സാധ്യത തനിക്ക് വിധേയരായി നിൽക്കുന്ന നേതാക്കൾ മാത്രമേ പാർട്ടി സംഘടനാ ചുമതലയിലേക്ക് വരേണ്ടതുള്ളുവെന്ന നിർബന്ധം മുഖ്യമന്ത്രി സ്വീകരിച്ചാൽ പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് നിലവിൽ പാർട്ടിയിലുണ്ടായിരുന്ന സ്ഥാനവും നഷ്ടപ്പെട്ടെക്കാം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്