കണ്ണൂർ: തില്ലങ്കേരിയിൽ ആർഎസ്എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ചതിനെ തുടർന്നുണ്ടായ സംഘർഷം തുടരുന്നു. തില്ലങ്കേരി പുള്ളിപ്പൊയിലിലെ മാവില വിനീഷ് (25) ആണ് മരിച്ചത്.ഇടവഴിയിൽ വെട്ടേറ്റു വീണ നിലയിൽ വിനീഷിനെ പൊലീസാണ് കണ്ടത്. കാലിനാണ് വെട്ടുണ്ടായിരുന്നത്.തലയ്ക്ക് അടിയേറ്റ പാടുമുണ്ട്. പൊലീസ് ഇദ്ദേഹത്തെ ഇരിട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ആറുമുതൽ വൈകിട്ട് ആറു വരെ ബിജെപി കണ്ണൂർ ജില്ലയിൽ ഹർത്താൽ ആചരിക്കും. പാൽ, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തിൽ സിപിഎമ്മും ഹർത്താൽ ആചരിക്കും. പി.പി.വാസുവിന്റെയും പി.എം.പത്മിനിയുടെയും മകനാണ് മരിച്ച ബിനീഷ്. സഹോദരങ്ങൾ: ബിജിഷ, ബിന്ദു, ബിജേഷ്.

നേരത്തേ ഡിവൈഎഫ്ഐ. പ്രവർത്തകനുനേരെ ബോംബേറുണ്ടായ സ്ഥലത്തിന് അരക്കിലോമീറ്റർ അപ്പുറത്താണ് വിനീഷിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. രാത്രി 7.30 ഓടെയാണ് തില്ലങ്കേരി ടൗണിന് സമീപത്തുള്ള ആലയാട് റോഡിനടുത്തുവച്ചാണ് ഡിവൈഎഫ്ഐ. പ്രവർത്തകനായ ജിജേഷ് (28) സഞ്ചരിച്ച കാറിനുനേരെ ബോബേറുണ്ടായത്. ഇതിൽ പരിക്കേറ്റ ജിജേഷിനെ കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിവൈഎഫ്ഐ. കുണ്ടേരിഞ്ഞാൽ യൂണിറ്റ് വൈസ് പ്രസിഡന്റാണ് ജിജേഷ്. തില്ലങ്കേരി ടൗണിൽനിന്ന് ആലയാട് റോഡ് വഴി കുണ്ടേരിഞ്ഞാലിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ജിജേഷിനുനേരെ അക്രമമുണ്ടായത്. കഴിഞ്ഞദിവസം മുഴക്കുന്ന് കടുക്കപ്പാലത്ത് ആർഎസ്എസ്. മുഴക്കുന്ന് മണ്ഡലം കാര്യവാഹക് സുജേഷിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് ജിജേഷെന്ന് പൊലീസ് പറഞ്ഞു.

ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് ഇടവഴിയിൽ ഒരാൾ വീണുകിടക്കുന്നുണ്ടെന്ന വിവരം പൊലീസ് അറിയുന്നത്. ബോംബേറ് നടന്ന സ്ഥലത്തിന് അരക്കിലോമീറ്റർ അപ്പുറമാണിത്. തില്ലങ്കേരി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഇടവഴിയിൽ ഇടതുകാലിനു വെട്ടും തലയ്ക്ക് അടിയുമേറ്റു രക്തം വാർന്ന നിലയിലാണ് ഇന്നലെ രാത്രി ബിനീഷിനെ കണ്ടെത്തിയത്. സിഐ സുരേഷ് വാഴ വളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് സംഘർഷം നടന്ന മുഴക്കുന്ന് കടുക്കാപ്പാലത്തിനു സമീപമാണ് ഇന്നലെ സംഘർഷം നടന്ന തില്ലങ്കേരി. രാത്രി പത്തരയോടെയും തില്ലങ്കേരി പ്രദേശത്തു സ്‌ഫോടനം ഉണ്ടായി.

ഡിവൈഎഫ് ഐ നേതാവിനെ നേരയുണ്ടായ ആക്രമത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് വിലയിരുത്തൽ. ജിജേഷ് ഇന്നലെ രാത്രി ഏഴരയോടെ തില്ലങ്കേരി ടൗണിൽ നിന്ന് ആലയാട് റോഡ് വഴി സ്വദേശമായ കുണ്ടേരിഞ്ഞാലിലേക്കു കാറിൽ യാത്രചെയ്യവേയായിരുന്നു ആക്രമണം. മൂന്നു തവണ ബോംബ് സ്‌ഫോടനം നടന്നതിന്റെ ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. കാറിനു സമീപം റോഡിൽ വീണ ബോംബ് പൊട്ടിയാണു പരുക്കേറ്റതെന്നാണു സൂചന. കഴുത്തിനും വയറിനും പരുക്കേറ്റിട്ടുണ്ട്. എന്നാൽ കാറിൽ ബോംബ് കൊണ്ടു പോയപ്പോൾ പൊട്ടിയതാണിതെന്ന് ബിജെപി ആരോപിക്കുന്നു. കണ്ണൂരിൽ അക്രമം അഴിച്ചുവിടാനാണ് സിപിഐ(എം) ശ്രമമെന്നാണ് ബിജെപിയുടെ പക്ഷം.

ഡിവൈഎഫ് ഐ നേതാവിന് നേരെ ആക്രമണം ഉണ്ടായിട്ടും പൊലീസ് നിഷ്‌ക്രിയരായതാണ് കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഗൗരവത്തോടെ പെട്രോളിങ്ങും മറ്റും നടത്താൻ പൊലീസ് തയ്യാറായില്ല. ഇതാണ് കൊലപാതകത്തിന് കാരണമെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മും ആർഎസ്എസും അടിക്ക് തിരിച്ചടിയുമായി കണ്ണൂരിൽ സംഘർഷത്തിന്റെ വിത്തുപാകുന്നുവെന്ന സൂചനയാണ് തില്ലങ്കേരി സംഭവവും നൽകുന്നത്. എല്ലാം അറിഞ്ഞിട്ടും പൊലീസ് നിഷ്‌ക്രിയരുമാകുന്നു. ബോംബ് രാഷ്ട്രീയം വീണ്ടും കണ്ണൂരിനെ പിടികൂടുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നതാണ് വസ്തുത.

സംഭവത്തെ തുടർന്ന് തില്ലങ്കേരിയിൽ സംഘർഷാവസ്ഥയാണുള്ളത്. വീടുകൾക്ക് നേരെ വ്യാപകമായി കല്ലേറും നടന്നു. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയിലെ മറ്റിടങ്ങളിലേക്ക് സംഘർഷം വ്യാപിപ്പിക്കാതിരിക്കാനുള്ള മുൻകരുതൽ എടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.