കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാകരനും പിന്നണിഗായകനുമായ കണ്ണൂർ സലീം (55) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ ചാല ഇറക്കത്തിൽ വച്ചാണ് അപകടം.

കണ്ണൂരിൽ നിന്നു കൂത്തുപറമ്പിലേക്കു പോകുകയായിരുന്ന സലീമിന്റെ കാറിൽ എതിർദിശയിൽ നിന്നെത്തിയ ചരക്കുലോറി ഇടിക്കുകയായിരുന്നു. ഉടൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ സലീം മാത്രമേ ഉണ്ടായിരുന്നുള്ളു. കാറിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അപകടത്തിൽപ്പെട്ടതു കണ്ണൂർ സലീമാണെന്നു തിരിച്ചറിഞ്ഞത്.

പാലം, മണിത്താലി, നായകൻ, ജഡ്ജ്‌മെന്റ്, മാസ്റ്റർ പ്ലാൻ, അശ്വതി, അന്നു മുതൽ ഇന്നു വരെ തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്. മമ്മൂട്ടി നായകനായ മണിത്താലിയിലും മോഹൻലാൽ നായകനായ നായകനിലും അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടിയിട്ടുണ്ട് സലീം. മാപ്പിളപ്പാട്ട് വേദികളിൽ ഭാര്യയും മക്കളും ഒപ്പം പാടാറുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ വേദികളിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച സലീം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യയും മക്കളുമുൾപ്പെട്ട കുടുംബഗായകസംഘവും സ്ഥാപിച്ചിരുന്നു.

എ.ടി.ഉമ്മർ സംഗീതം നൽകിയ ഓ മൈ ഡാർലിങ്ങാണ് സിനിമയിൽ പാടിയ ആദ്യ ഗാനം. ഇതിൽ ഓ മൈ ഡാർലിങ്ങും അന്നു മുതൽ ഇന്നു വരെയിലെ ആരോമലേയും സലീം തനിച്ചു പാടിയ ഗാനങ്ങളാണ്. നായകനിലെ എന്തിനാണീ കള്ളനാണംയവും മണിത്താലിയിൽ യേശുദാസ്, ജോളി അബ്രഹാം എന്നിവർക്കൊപ്പം പാടിയ യാഹബിയും നായകനിൽ ആന്റോയ്‌ക്കൊപ്പം പാടിയ ആകാശമെവിടെ കണ്ടില്ലയും പ്രശസ്തമാണ്. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടിയിട്ടുണ്ട്

മാപ്പിള പാട്ട് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സലീം പഴയകാല മാപ്പിള പാട്ടുകളെ നിലനിർത്താനായി എരഞ്ഞോളി മൂസയടക്കമുള്ള പ്രശസ്ത കലാകാരന്മാരുമായി ചേർന്ന് ഒട്ടേറെ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ചില റിയാലിറ്റി ഷോകളിൽ വിധി കർത്താവായും പ്രവർത്തിച്ചു വരികയായിരുന്നു.

വളപട്ടണത്തെ കെ.എൻ. മഹമൂദിന്റെയും കെ.വി.ബിഫാത്തുവിന്റെയും മകനാണ്. ഭാര്യ: ലൈല, മക്കൾ: സലീജ്, സജില, സജിലി, സാലിജ്, മരുമക്കൾ: ഫായിസ്, ഷബാസ്. സഹോദരങ്ങൾ: അസീസ്, നിസാർ, ഫൈസൽ, ഷക്കീൽ, സീനത്ത്, റുക്‌സാന. കബറടക്കം ഇന്ന് ഉച്ച കഴിഞ്ഞ്.