- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ ബന്ധുവിനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് സിപിഎം പ്രവർത്തക; ഏറ്റെടുത്തത് ബിജെപിക്കാരും; നൽകിയ നിർദ്ദേശം ആറു മാസം കിടത്തണം എന്ന്; ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയമില്ലെന്ന ജയരാജന്റെ വാക്കുകൾ അച്ചട്ടായി; കണ്ണൂരിൽ പെൺ ക്വട്ടേഷനിൽ സോഷ്യൽ മീഡിയാ പോര് മുറുകുന്നു
പയ്യന്നൂർ: ഭർത്താവിന്റെ ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താൻ ജില്ലാ ബാങ്ക് ജീവനക്കാരി നൽകിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സിപിഎം-ബിജെപി സൈബർ പോരാളികൾ തമ്മിൽ പോര് മുറുകുന്നു. കരാറുകാരനെ അപായപ്പെടുത്താൻ കേരള ബാങ്ക് ജീവനക്കാരി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ മുഖ്യ പ്രതിക്കായി പൊലീസ് വലയൊരുക്കുമ്പോഴാണ് ക്വട്ടേഷൻ സംഘാംഗങ്ങളേയും നൽകിയയാളെയും ചൊല്ലി സോഷ്യൽ മീഡിയയിൽ പോര് മുറുകുന്നത്.
ക്വട്ടേഷൻ സംഘാംഗങ്ങൾ ബിജെപിക്കാരും, നൽകിയ കേരള ബാങ്ക് ജീവനക്കാരി സിപിഎം അനുഭാവിയായതുമാണ് ഇരു പാർട്ടിക്കാരും തമ്മിൽ രാഷ്ട്രീയ പോരിന് വകവെച്ചത്.നേരത്തെ അർജുൻ ആയങ്കി സ്വർണക്കടത്ത് സംഘത്തിൽ ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞിരുന്നു. ഈ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകരും ട്രോളുന്നുണ്ട്.
പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട അതിയടം ശ്രീസ്ഥയിലെ സിവിൽ കോൺട്രാക്ടർ സുരേഷ് ബാബുവിനെ അപായപ്പെടുത്താൻ കണ്ണൂർ കേരള ബാങ്ക് ജീവനക്കാരിയായ സീമ ക്വട്ടേഷൻ നൽകിയ സംഭവത്തിലാണ് രാഷ്ട്രീയ വിവാദം. ഈ കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. ഏപ്രിൽ 18 ന് രാത്രി വീട്ടുമുറ്റത്തു വച്ചാണ് സുരേഷ് ബാബുവിന് നേരെ ആക്രമണമുണ്ടായത്. ഈ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ പയ്യന്നൂർ കാനായി സ്വദേശിനിയും കണ്ണൂരിൽ താമസക്കാരിയുമായ സീമ ഒളിവിലാണ്. ഇവർക്കായി സൈബർ സേനയുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കയാണ്.
പിടിയിലായ പ്രതികളിൽ മൂന്നു പേർ സിപിഎം പാർട്ടി ഗ്രാമമായ നെരുവമ്പ്രം സ്വദേശികളാണെങ്കിലും ബിജെപി അനുഭാവികളാണ്. ഇവരുടെ ഫോട്ടോയും പത്രവാർത്തയുടെ കട്ടിംഗും അടക്കമുള്ള ഫോട്ടോ വച്ചാണ്, ആർഎസ്എസ് ക്വട്ടേഷൻ സംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന പേരിൽ സിപിഎം അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പ്രചരണം നടക്കുന്നത്. ഇതിന് എതിരായി ഒന്നാം പ്രതി സീമയുടെ ഫോട്ടോ വെച്ച് കോൺട്രാക്ടറെ വധിക്കാൻ ക്വട്ടേഷൻ നൽകിയ സിപിഎം പ്രവർത്തകയെ ഉടൻ അറസ്റ്റു ചെയ്യുക എന്ന പേരിലാണ് മറുവിഭാഗത്തിന്റെ പ്രചാരണം.
അതിനിടെ, മുഖ്യ പ്രതി സീമയെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമ്പോഴും, പിടിയിലായ ക്വട്ടേഷൻ സംഘങ്ങളെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതികളിൽ രണ്ട് പേർ മലപ്പുറത്തെ പി.വി.അൻവർ എംഎൽഎയെ വധിക്കാൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന വിവരമാണിതിൽ പ്രധാനം. പ്രതികളിൽ ജീഷ്ണുവും അഭിലാഷും നിലമ്പൂരിൽ പോയി മടങ്ങി വരുന്നതിനിടെ പഴയങ്ങാടി എസ്ഐ വാഹനം തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ പഴയങ്ങാടി പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്തിരുന്നില്ല. പൊലീസ് അന്വേഷിക്കുന്ന സീമ, സിപിഎം അനുഭാവിയാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ ഇവർ ഭർത്താവുമായി പിണങ്ങി, കണ്ണൂരിൽ ഫ്ളാറ്റെടുത്ത് തനിയെയാണ് താമസം. ഭർത്താവിന്റെ അടുത്ത ബന്ധുവാണ് ആക്രമണത്തിനിരയായ സുരേഷ് ബാബു. ഭർത്താവുമായുള്ള പ്രശ്നത്തിൽ ഭർത്താവിനൊപ്പം നിന്നതും, നേരത്തെ നൽകിയ പണം തിരികെ നൽകാത്തതിലുമുള്ള വിരോധവുമാണ് ക്വട്ടേഷൻ നൽകാൻ കാരണം. ആറു മാസം കിടത്തണം എന്നായിരുന്നുവത്രേ ഇവർ സംഘാംഗങ്ങൾക്ക് നൽകിയ നിർദ്ദേശം. ഭർത്താവ് ഉൾപ്പെടെയുള്ളവർക്കെതിരെ സി.പിഎം പ്രാദേശിക നേതൃത്വത്തിന് ഇവർ നിരന്തരം പരാതി നൽകിയതായും പറയുന്നു. ഇവരുടെ ഉന്നത ബന്ധങ്ങൾ മൂലമാണ് ആക്രമണ കേസിൽ മൂന്നര മാസത്തോള കാലം യാതൊരു വിധ അന്വേഷണവും നടക്കാതിരുന്നതെന്നും പറയുന്നു.
അതിനിടെ, അകന്നു കഴിയുന്ന സ്വന്തം ഭർത്താവിനെ വധിക്കാനും സീമ ക്വട്ടേഷൻ നൽകിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നു മാണീ വിവരങ്ങൾ ലഭിച്ചത്. ഇതിന് കൂട്ടുപിടിച്ചതുകൊലക്കേസ് പ്രതി കൂടിയായ നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷിനെയാണ്. എന്നാൽ ഭർത്താവ് പൊലീസുകാരനാണെന്നറിഞ്ഞതോടെ ഇയാൾ ക്വട്ടേഷൻ ഒഴിവാക്കി. 2013 ൽ നീലേശ്വരം പേരോലിലെ ജയൻ എന്ന യുവാവിനെ തോട്ടിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുധീഷ്. ഈ കേസിൽ ഈ മാസം 14 ന് കോടതി വിധി പറയാനിരിക്കെയാണിയാൾ ക്വട്ടേഷൻ കേസിൽ പിടിയിലാവുന്നത്.