- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവ കാലങ്ങളിൽ ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകുന്നത് സാധാരണ നടപടി; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം മുന്നിൽ കണ്ട് കെ കെ സുധാകരനും പൊലീസ് മുന്നറിയിപ്പു നോട്ടീസ് നൽകി; പള്ളി നോട്ടീസ് വിവാദത്തിൽ മുസ്ലിം സംഘടനകളുടെ ഭീഷണിയിൽ മുട്ടുവിറച്ച് സർക്കാർ
കണ്ണൂർ: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നൽകിയ വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റിയ നടപടിയും വിവാദത്തിൽ. തന്റെ ജോലിയുടെ ഭാഗമായി മുൻകരുതൽ നടപടിക്ക് നോട്ടീസ് അയച്ചതിന് ഉദ്യോഗസ്ഥനെ ബലിയാടാക്കിയതിൽ കടുത്ത അമർഷം പൊലീസിനുള്ളിലും ഉയരുന്നുണ്ട്.
മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ മുട്ടിലിഴഞ്ഞു എന്ന വിമർശനം പരിവാർ കേന്ദ്രങ്ങളും ഈ സംഭവത്തിൽ ഉയർന്നുണ്ട്. ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മയ്യിൽ പൊലിസ് ഇൻസ്പെക്ടർ ബിജുപ്രകാശിനെതിരെ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥനെ തുടർന്ന് ആഭ്യന്തരവകുപ്പ് പ്രത്യേക വാർത്താ കുറിപ്പിറക്കി. ഇപ്രകാരമാണ് അതിൽ പറയുന്നത്്:
കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യിൽ എസ് എച്ച് ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഡി.ജി.പി മാറ്റിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിന്നും പുറത്തിറക്കിയ വാർത്താകുറിപ്പിൽചൂണ്ടിക്കാട്ടി.
രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അതുകൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പ്രവാചക വിരുദ്ധ പരാർമശങ്ങളെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുസ്ലിം പള്ളിക്ക് പൊലീസ് നൽകിയ നോട്ടീസ് വിവാദത്തിൽ. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷമുള്ള മത പ്രഭാഷണത്തിൽ സാമുദായിക സൗഹാർദ്ദം തകർക്കയും വർഗീയ വിദ്വേഷം ഉണ്ടാക്കുകയും ചെയ്യുന്ന ' തരത്തിലാകരുതെന്ന് നിർദ്ദേശിച്ചുകൊണ്ട് കണ്ണൂർ മയ്യിൽ പൊലീസാണ് പള്ളിക്ക് നോട്ടീസ് നൽകിയത്.
പ്രവാചനക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളിൽ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തിൽ നിലവിലുള്ള സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ, വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ നടത്താൻ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരിൽ ഉചിതമായ നടപടിയെടുക്കുമെന്നാണ് പൊലിസ് നൽകിയ മുന്നറിയിപ്പ്.
രാജ്യത്ത് പ്രവാചകനിന്ദയുമായി ബിജെപി. വക്താക്കളും സംഘപരിവാരവും രംഗത്ത് വന്നിരിക്കെ, അതിനെ പ്രതിരോധിക്കേണ്ട ഭരണകൂടവും പൊലീസും വാദിയെ പ്രതിയാക്കുന്ന ചെയ്തിയുമായി മുന്നോട്ട് വന്നിരിക്കുകയാണെന്നും പിണറായിയുടെ ഭരണത്തിൽ നീർക്കോലിയും ഫണം വിടർത്തുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി ആരോപിച്ചു.
മുണ്ടുടുത്ത മോദിയെന്ന പേരുദോഷം നേടിയ കേരള മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മയ്യിൽ പൊലീസ് മയ്യിൽപഞ്ചായത്തിലെ ഏതാനും പള്ളികളിൽ കമ്മറ്റി ഭാരവാഹികൾക്ക് പൊലീസ് നൽകിയ നോട്ടീസിൽ'പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ താങ്കളുടെ കമ്മറ്റിയുടെ കീഴിലുള്ള പള്ളികളിൽ വെള്ളിയാഴ്ച ജുമാനിസ്‌കാരത്തിന് ശേഷം നടത്തി വരുന്നതായ മത പ്രഭാഷണത്തിൽനിലവിലുള്ള സാമുദായിക സൗഹാർദ്ദംതകർക്കുന്നതോ വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ പ്രഭാഷണങ്ങൾ നടത്താൻ പാടില്ലാത്തതാണെന്നും അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ടവ്യക്തിയുടെ പേരിൽ ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.
മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പെക്ടർ ഓഫ് പൊലീസ് ഒപ്പ് വെച്ച നോട്ടീസാണ് പള്ളി കമ്മറ്റി സെക്രട്ടറിമാർക്ക് നൽകിയിട്ടുള്ളത്. ഇത് സംബന്ധമായി ജില്ലാ പൊലീസ് മേധാവിയുമായും എ.സി.പി.യുമായും സംസാരിച്ചപ്പോൾ പൊലീസിന്റെ ഉന്നതതലങ്ങളിൽ നിന്ന് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് അറിഞ്ഞത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കരീം ചേലേരി പറഞ്ഞു. തങ്ങളുടെ പരാതി കേട്ട സിറ്റി പൊലിസ് കമ്മിഷണർ അനുഭാവപൂർവ്വമാണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സുന്നി മഹൽ ഫെഡറേഷൻ ജില്ലാ സെക്രട്ടറി അബ്ദുൾ ബാക്തിയും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകി.ഉടനടി അന്വേഷണം നടത്തി നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയതായി അബ്ദുൾ ബാക്തി പറഞ്ഞു. ഡി ജി പി ക്ക് ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല അന്വേഷണമുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
എന്നാൽ ആരാധനാലയങ്ങൾക്ക് ഉത്സവകാലങ്ങൾക്കും മറ്റു സന്ദർഭങ്ങൾക്കും നോട്ടിസ് നൽകുന്നത് സ്വാഭാവികമാണെന്നാണ് സേനയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. വോട്ടുബാങ്ക് പ്രീണനത്തിനായി സത്യസന്ധമായി ജോലി ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്് സേനയുടെ ആത്മവീര്യം കുറയ്ക്കുമെന്നാണ് ഇവരുടെ പക്ഷം. രണ്ടുമാസം മുൻപ് മുഴപ്പിലങ്ങാട് കൂരുംബക്കാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്ക് നോട്ടിസ് നൽകിയിരുന്നു. ഉത്സവത്തിനിടെയിൽ ക്രമസമാധാന പ്രശ്നമുണ്ടായാലും രാഷ്ട്രീയ കലശങ്ങളെടുത്താലും ക്ഷേത്രഭാരവാഹികളെ അറസ്റ്റു ചെയ്യുമെന്നായിരുന്നു എടക്കാട് പൊലിസ് നൽകിയ നോട്ടിസിൽ പറഞ്ഞിരുന്നത്.
ഉത്സവകാലങ്ങളിലുംഅല്ലാതെയും അച്ചടക്കലംഘനം നടത്തുകയും സാമൂദായിക സൗഹാർദ്ദങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തതിന് കേസെടുത്ത ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുള്ള സാഹചര്യത്തിലാണ് വെറുമൊരു നോട്ടിസിന്റെ പേരിൽ ഉദ്യോഗസ്ഥനെ വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനായി ചുമതലയിൽ നിന്നും മാറ്റിയതെന്നാണ് സേനയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്