കണ്ണൂർ: കണ്ണൂർ രാഷ്ട്രീയസംഘർഷത്തെത്തുടർന്നു സിപിഐ(എം)ക്കാരും ബിജെപിയും മത്സരിച്ചു നശിപ്പിച്ച വീടുകളുടെ പുനർനിർമ്മാണത്തിന്റെ ബാധ്യത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുന്ന കാര്യത്തിൽ ഇരുകൂട്ടരും ഒറ്റക്കെട്ട്. ഇന്നലെ നടന്ന ജില്ലാതല സമാധാനയോഗത്തിൽ ബാക്കി സമയത്തെല്ലാം നേതാക്കളുടെ വാക്‌പോരായിരുന്നു. കണ്ണൂരിലെ അഴിക്കോട് 25 വീടുകളും മട്ടന്നൂരിൽ മൂന്നു വീടുമാണ് സിപിഐ(എം), ബിജെപി- ആർഎസ്എസ് സംഘങ്ങൾ കിരാതമായി തകർത്തത്. ആക്രമണങ്ങളിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ രാഷ്ട്രീയ കക്ഷികൾ ഫണ്ട് സ്വരൂപിക്കണമെന്ന ജില്ലാ കലക്ടർ പി.ബാലകിരണിന്റെ നിർദ്ദേശം ഇരുപാർട്ടികളും അംഗീകരിച്ചില്ല.

വാസയോഗ്യമല്ലാത്ത തരത്തിൽ തകർത്ത വീടുകളുടെ സർക്കാർ പുനർനിർമ്മിക്കണമെന്നാണ് ഇന്നലത്തെ സമാധാനയോഗത്തിൽ ഇരുകൂട്ടരും ആവശ്യപ്പെട്ടത്. സമാധാന ചർച്ചകളുടെ അടുത്ത ഘട്ടത്തിൽ സർക്കാരിന് ഈ ആവശ്യം അംഗീകരിക്കേണ്ടി വരും. ഇത് കണ്ണൂരിലെ പതിവ് ചിത്രമാണ്. കഴിഞ്ഞ ദിവസത്തെ സമാധാന ചർച്ചയിലും ഇതിനുള്ള സാധ്യത തുറന്നിടുക മാത്രമാണ് സിപിഎമ്മും ബിജെപിയും ചെയ്തത്.

അക്രമമുണ്ടായപ്പോൾ എരിതീയിൽ എണ്ണയൊഴിച്ചു കൊടുത്തുകൊണ്ടിരുന്ന നേതാക്കൾക്ക് ഇക്കാര്യത്തിൽ മനംമാറ്റമുണ്ടായിട്ടില്ല. പുനർനിർമ്മാണം സർക്കാർ ചെയ്യണമെന്ന കാര്യം സർക്കാരിനെ അറിയിക്കാനായിരുന്നു യോഗം തീരുമാനിച്ചത്. അക്രമിക്കുമ്പോഴുണ്ടാകുന്ന ആവേശമൊന്നും പുനർനിർമ്മാണത്തിൽ ഇരു സംഘടനകൾക്കുമില്ലെന്ന് തെളിയിക്കുകയായിരുന്നു ഈ നിലപാട്. സിപിഐ(എം)യുടെ അക്രമങ്ങൾ ഉയർത്തിക്കാട്ടി ആർ.എസ്.എസ്- ബിജെപി.യും ആർ.എസ്.എസ്- ബിജെപി.അക്രമങ്ങൾ എടുത്തു കാട്ടി സിപിഐ.(എം)യും സമാധാനയോഗത്തിൽ പരസ്പരം വാക്‌പോരിന് സമയം കണ്ടെത്തി. പതിവു ചടങ്ങെന്ന നിലയിൽ മാത്രമാണ് ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത ചർച്ചകൾ സമാപിച്ചത്.

ജില്ലയിൽ ശാന്തത കൈവരുത്താനുള്ള മാർഗങ്ങളൊന്നും യോഗത്തിൽ നിർദേശിക്കപ്പെട്ടില്ല. ആർ.എസ്.എസ്. നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ പട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതിനെ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ആർ.എസ്.എസ്- ബിജെപി. നേതാക്കൾ സിപിഐ(എം) യ്‌ക്കെതിരെ ആരോപണമുന്നയിച്ചു. ഇതോടെ സിപിഐ(എം) ഭാഗത്തുനിന്നും ജില്ലാ സെക്രട്ടറി പി.ജയരാജൻ അടക്കമുള്ളവർ ഈ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നുകാട്ടി എതിർപ്പുമായി വന്നു.

ആർ.എസ്.എസ്. വീടാക്രമിച്ചു വെട്ടുട്ടായിയിലെ സരോജിനി എന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നുവെന്നു സിപിഐ.(എം) ആരോപിച്ചു. എന്നാൽ അവർ മരിച്ചത് അക്രമത്തിലല്ലായിരുന്നുവെന്നും സ്വതവേ രോഗിയായ അവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം മരണമടയുകയായിരുന്നുവെന്നും ആർ.എസ്.എസ്്്.നേതാക്കൾ വ്യക്തമാക്കി. നേതാക്കളുടെ വാക്‌പോര് സമാധാനയോഗത്തിലെ ഏറെ സമയവും അപഹരിച്ചു.

സിപിഐ.(എം). ബിജെപി.യും പ്രാദേശികതലത്തിൽത്തന്നെ ചേരിതിരിഞ്ഞു പോരാടുന്ന കണ്ണൂർ ജില്ലയിൽ അടിത്തട്ടിൽനിന്നും സമാധാനശ്രമം തുടങ്ങിയാൽ മാത്രമേ ശാശ്വതപരിഹാരമുണ്ടാവുകയുള്ളൂ. അക്രമങ്ങളെ യോഗത്തിൽ ഇരുപാർട്ടി നേതൃത്വവും അപലപിച്ചെങ്കിലും തൊലിപ്പുറമേയുള്ള ഒരു ചികിത്സ മാത്രമാണ് സമാധാനയോഗത്തിൽ ഉണ്ടായത്. വീടുകൾ ആക്രമിക്കുന്നതിന്റേയും സ്ത്രീകളെ ആക്രമിക്കുന്നതുമൊക്കെ ഇരുനേതൃത്വവും യോഗത്തിൽ അപലപിച്ചു. എന്നാൽ പ്രാദേശിക തലത്തിൽ ബോംബ് നിർമ്മാണത്തിനും ആയുധ ശേഖരണത്തിനും പണം നൽകുന്നത് ആരാണെന്ന കാര്യം വെളിപ്പെടുത്താനാരും തയ്യാറാകുന്നില്ല. രാഷ്ട്രീയത്തിലെ തമാശക്കളി പോലെയാണ് ജില്ലാതല സമാധാനയോഗവും നടന്നത്.

പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചതല്ലാതെ സമാധാനത്തിനായി ശ്രമിക്കാൻ ആർ.എസ്.എസ്- ബിജെപി. സംഘടനകൾക്കോ സിപിഐ(.എം) നോ പ്രത്യേക നിർദേശമൊന്നുമുണ്ടായില്ല. ഇത്തരമൊരു പതിവു ചടങ്ങ് നടത്തണമെന്ന നിർബന്ധമേ ജില്ലാ അധികൃതർക്കും ഉണ്ടായിരുന്നുള്ളൂ. ജില്ലയിൽ ശാശ്വത സമാധാനത്തിനായി ജില്ലാ ഭരണകൂടത്തിൽനിന്നോ രാഷ്ട്രീയകക്ഷികളിൽ നിന്നോ ഈ സമാധാന യോഗത്തിന് ഒരു സംഭാവനയുമുണ്ടായിട്ടില്ല. മാത്രമല്ല സമാധാനം നിലനിർത്താൻ തങ്ങൾ ഒരുക്കമാണെന്ന ശക്തമായ നിലപാട് ഇരുസംഘടനകളും എടുത്തിട്ടുമില്ല. പതിവു പോലെ മിനുട്ട്‌സ് ബുക്കിൽ ഒപ്പിട്ടുപിരിയുക മാത്രമാണ് ഉണ്ടായത്. ജില്ലാ കലക്ടർ അധ്യക്ഷനായ യോഗത്തിൽ സിപിഐ.(എം) നേതാക്കളായ എം വി ജയരാജൻ, കെ.പി.സഹദേവൻ, എന്നിവരും ബിജെപി-ആർ.എസ്.എസ്. നേതാക്കളായ കെ.രഞ്ജിത്ത്, പി.കെ. വേലായുധൻ എന്നിവരും പങ്കെടുത്തു.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലവും ബാലസംഘവും നടത്തുന്ന ഘോഷയാത്രകൾ വ്യത്യസ്ത ദിശകളിൽ നടത്തുന്നതിനും സമയക്രമവും മറ്റും നിശ്ചയിക്കാനും ധാരണയായി. പൊലീസ് അനുമതിയോടെ വേണം ഘോഷയാത്ര നടത്താൻ. അല്ലാതെ വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് യോഗത്തിൽ പൊലീസ് സൂപ്രണ്ട് പി.എൻ ഉണ്ണിരാജൻ അറിയിച്ചു.