- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ല; ജയരാജനും സുരക്ഷാജീവനക്കാരും മർദിച്ചു'; ഇ.പി.യുടെ ആരോപണം തള്ളി ഫർദീൻ മജീദും നവീൻ കുമാറും; തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക്; ഒടുവിൽ ജാമ്യമില്ലാ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും മർദിച്ചെന്ന് വിമാനത്തിനുള്ളിൽ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. 'ഞങ്ങൾ മുഖ്യമന്ത്രിയെ ഒന്നും ചെയ്തിട്ടില്ല. ഞാൻ ജീവിതത്തിൽ മദ്യപിക്കാത്ത വ്യക്തിയാണ്.'- അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർദീൻ മജീദ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് ഫർദീൻ മജീദ് മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്.
വിമാനത്തിനുള്ളിൽ മദ്യപിച്ച് ആക്രമണം നടത്തിയെന്ന ഇ.പി.ജയരാജന്റെ ആരോപണം ഫർദീൻ മജീദും കൂടെയുണ്ടായിരുന്ന നവീൻ കുമാറും തള്ളി. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദ്ദീൻ മജീദ്, കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരെയാണ് മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുയർത്തിയതിന് അറസ്റ്റ് ചെയ്തത്.
വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ 'പ്രതിഷേധം...പ്രതിഷേധം' എന്ന് മുദ്രാവാക്യം മുഴക്കി യുവാക്കൾ ഏഴുന്നേൽക്കുകയായിരുന്നു. തുടർന്ന് ഇ പി ജയരാജൻ ഇവരെ തള്ളി താഴെയിട്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലക്ഷ്യമിട്ടതെന്നുംം ഇവർ മദ്യപിച്ചിരുന്നെന്നും ഇ പി ജയരാജൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിൽനിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു.
സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധം തുടരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാൾക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ടിക്കറ്റ് എടുത്തത്. മൂന്ന് പേരാണ് യാത്ര ചെയ്തത്. ആകെ 36000 രൂപയാണ് ടിക്കറ്റിന് ചെലവായത്.
വളരെ ആസൂത്രിതമായാണ് സമരം നടത്തിയത്. ഫർദ്ദീൻ മജീദ്. സുനിത് നാരായണൻ, നവീൻ കുമാർ എന്നിവരാണ് സമരം നടത്തിയത്. ഇന്റിഗോ വിമാനത്തിലാണ് പ്രതിഷേധം നടത്തിയത്. മൂന്ന് പേരും വിമാനത്തിൽ പ്രതിഷേധിക്കാനായി കയറിയെന്ന് മുൻകൂട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ പൊലീസ്, ഇവർ ആർസിസിയിലേക്ക് രോഗിയെ കാണാൻ പോകുന്നവരാണ് എന്ന നിലപാടിലായിരുന്നു.
എന്നാൽ പൊലീസിന് ഏറെ വൈകി അസ്വാഭാവികത തോന്നിയ പൊലീസ് ഇവരുടെ വിവരം എടുക്കുമ്പോഴേക്കും മൂന്ന് പേരും സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് ഇന്റിഗോ വിമാനത്തിന് ഉള്ളിൽ കയറിയിരുന്നു. വിവരം അപ്പോൾ തന്നെ പൊലീസ് വിമാനത്താവളത്തിന്റെ സുരക്ഷ നിർവഹിക്കുന്ന സിഐഎസ്എഫിനെ അറിയിച്ചുവെന്നാണ് ഇപ്പോൾ പൊലീസിലെ ഉന്നതർ പറയുന്നത്. ഇന്റിഗോ വിമാനത്തിന്റെ ക്യാപ്റ്റനും ഇത് സംബന്ധിച്ച് വിവരം നൽകിയെന്നും പൊലീസ് അവകാശപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ