കണ്ണൂർ: വടക്കേ മലബാറിന്റെ വിദ്യാഭ്യാസമേഖലയിൽ നിർണായകമായ സ്ഥാനമുള്ള കണ്ണൂർ സർവകലാശാല രജതജൂബിലി നിറവിലേക്ക്. ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെയും കർമപദ്ധതികളുടെ ഉദ്ഘാടനം നാളെ താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

ഇതോടൊപ്പം സർവകലാശാല ഗീതം, ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ സിസ്റ്റം എന്നിവയുടെ ഉദ്ഘാടനവും പരീക്ഷാ മൊബൈൽ ആപ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, സ്പോർട്സ് സയൻസ്, ബയോ സയൻസ് വിഷയങ്ങളിലെ ജേർണലുകൾ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടക്കും.

പ്രവർത്തനനിരതമായ 25 വർഷം പിന്നിടുമ്പോൾ കണ്ണൂർ, കാസർഗോഡ്, വയനാട് (മാനന്തവാടി താലൂക്ക്) ജില്ലകളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ സ്വാധീനം ചെലുത്തുവാൻ കണ്ണൂർ സർവകലാശാലയ്ക്ക് ഇതിനകം സാധിച്ചിട്ടുണ്ടെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.