കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെയും സർവകലാശാല ഗീതം, ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ ജനറേഷൻ സിസ്റ്റം എന്നിവയുടെയും ഉദ്ഘാടനം നടന്നു. താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു'

കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമാണ് ഇപ്പോഴും നമ്മുടെ സർവകലാശാലകളിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ സർവ്വകലാശാലകൾക്ക് ഉയരാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. നാടിന്റെ സംസ്‌കാരത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കാൻ കണ്ണുർ സർവകലാശാലയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും ഇതിനായി പ്രവർത്തിച്ച വി സിയെയും പ്രൊ. വൈസ് ചാൻസലറെയും എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി' കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. പരീക്ഷാ മൊബൈൽ ആപ്പ് സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, സ്പോർട്സ് സയൻസ്, ബയോ സയൻസ് വിഷയങ്ങളിലെ ജേർണലുകളുടെ പ്രകാശനം എന്നിവയും നടന്നു. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ സ്വാഗതം പറഞ്ഞു.