- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർക്കെതിരെ ഉടൻ നടപടിയില്ല; വീഴ്ച അന്വേഷിക്കാൻ അന്വേഷണ കമ്മിഷൻ; നടപടി റിപ്പോർട്ട് കിട്ടിയതിനു ശേഷമെന്ന് സർവ്വകലാശാലാ അധികൃതർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ രാജി വയ്ക്കുമെന്ന വാർത്ത തള്ളി സർവകലാശാല അധികൃതർ. ഇതു സംബന്ധിച്ച് വി സിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച്ച സർവകലാശാല ആസ്ഥാനമായ താവക്കരയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചതിനുശേഷം നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പരീക്ഷാചോദ്യ പേപ്പർ മുൻ വർഷത്തെ ആവർത്തിക്കാനിടയായ ഗുരുതരമായ പിഴവിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ രാജി വയ്ക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ശക്തമായി ഉയർന്നിരുന്നുവെങ്കിലും ധ്യതി പിടിച്ചുള്ള രാജി വേണ്ടെന്ന തീരുമാനത്തിൽ സർവകലാശാലയെത്തുകയായിരുന്നു. ആരോപണ വിധേയനായ പരീക്ഷാ കൺട്രോളർ രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും വി സി സ്വീകരിക്കാൻ തയ്യാറായില്ല
സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യ പേപ്പർ ആവർത്തിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്വം സർവകലാശാല ഏറ്റെടുത്തേ മതിയാവുകയുള്ളുവെന്ന് ചാൻസലറായ ഗവർണർ അറിയിച്ചിരുന്നു. തുടർച്ചയായി ഇത്തരത്തിൽ മൂന്ന് പരീക്ഷകളാണ് മാറ്റി വെച്ചത് ഇതേ തുടർന്നാണ് പി.ജെ വിൻസെന്റ് രാജി വയ്ക്കാനൊരുങ്ങിയത്. കഴിഞ്ഞ ദിവസം പരീക്ഷാ നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി എം എസ് എഫ് - കെ.എസ്.യു സംഘടനകൾ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വിദ്യാർത്ഥിസമരം ശക്തമായതിനെ തുടർന്ന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് പരീക്ഷ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷൻ റിപ്പോർട്ടു ലഭിച്ചാൽ മെയ് ഏഴിന് സർവകലശാലാ യോഗം ചേർന്ന് കാര്യത്തിൽ നടപടി സ്വീകരിക്കും. ഈ മാസം 26 മുതലാണ് അന്വേഷണ കമ്മിഷൻ പ്രവർത്തനം തുടങ്ങുക.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കേവലം നോക്കുകുത്തിയായി മാറിയെന്നും സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് ഉൾപ്പടെ കുത്തഴിഞ്ഞ നിലയിലാണെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ വിവാദത്തിന് സമാനമായി കേരള സർവ്വകലാശാലയിലും കാലിക്കറ്റ് സർവ്വകലാശാലയിലും പരീക്ഷാ നടത്തിപ്പിൽ വന്ന വീഴ്ചകൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സർവ്വകലാശാലകളുടെ പ്രൊ ചാൻസലർ കൂടെയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് സർവ്വകലാശാലകളിലെ ഇത്തരം വീഴ്ചകളുടേയും ക്രമക്കേടുകളുടെയും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും പരീക്ഷാ നടത്തിപ്പിൽ പോലും ജാഗ്രതയും ഗൗരവവും കാണിക്കാത്തവരെയാണ് പാർട്ടി താല്പര്യത്തിന്റേയും വ്യക്തി താല്പര്യതിന്റേയും അടിസ്ഥാനത്തിൽ മന്ത്രി തന്നെ ഇടപെട്ട് സർവ്വകലാശാലകളിൽ പ്രതിഷ്ടിക്കുന്നതെന്നും, തെറ്റുകളുടെ കൂടാരമായി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മാറുകയാണെന്നും മാർക്‌സിസ്റ്റ് അധിനിവേശമുണ്ടായാൽ ഓരോ സ്ഥാപനവും ഇങ്ങനെയാണ് തകർച്ച നേരിടുകയെന്നും തുടർച്ചയായി വീഴ്ചകൾ ആവർത്തിച്ചിട്ടും ഉത്തരവാദിത്തപെട്ട മന്ത്രിയുടെ ഭാഗത്ത്നിന്നും ഒരു തരത്തിലുമുള്ള പ്രതികരണവുമില്ലാത്തത് അദ്ഭുതപ്പെടുത്തുന്നതായും മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.


