കൊച്ചി: സംസ്ഥാന സർക്കാരിന് ആശ്വാസമേകി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കണ്ണൂർ സർവകലാശാല വി സി. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. നേരത്തെ സിംഗിൾ ബെഞ്ചും ഈ നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയിരിക്കുന്നത്. ഇനി ഈ ഉത്തരവ് ചോദ്യം ചെയ്യണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണം.

ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്നമായി കോടതി പരിഗണിച്ചത് ആദ്യ നിയമനവും പുനർ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ്. ആദ്യ നിയമനത്തിലാണ് പ്രായപരിധി അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടത്. സെർച്ച് കമ്മറ്റി അടക്കമുള്ള കാര്യങ്ങൾ വേണ്ടത് ആദ്യ നിയമനത്തിലാണ്. പുനർ നിയമനത്തിലും ഇതേ മാനദണ്ഡങ്ങൾ പിന്തുടരണമെന്നാണ് ഹർജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരാകരിച്ചത്.

നിയമപരമായി സാധുതയുള്ള നിയമനമാണ് ഡോ.ഗോപിനാഥ് രവീന്ദ്രന്റേതെന്നാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരിക്കുന്നത്. എ.ജി., സർക്കാർ എന്നിവർ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നാണ് ചാൻസലർ കൂടിയായ ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ഹർജി കോടതിയിലിരിക്കെ കണ്ണൂർ വി സി. നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണറുടെ ഒരു വാർത്താക്കുറിപ്പ് പുറത്തുവന്നിരുന്നു. എന്നാൽ ചാൻസലർ കോടതിയിൽ പറഞ്ഞത് മാത്രമാണ് കോടതി മുഖവിലയ്ക്കെടുത്തിട്ടുള്ളത്.