- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിസി നിയമനത്തിൽ സർക്കാറിന് തിരിച്ചടി; പുനർനിയമനത്തെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു; ഗവർണർ അടക്കം എല്ലാ എതിർകക്ഷികൾക്കും നോട്ടീസ്; ഇനി നിർണായകം ആകുക ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി; വിജയിച്ചെന്ന് കുരുതി സഖാക്കൾ ആഹ്ലാദ പ്രകടനം തുടരവേ പന്ത് വീണ്ടും ഗവർണറുടെ കോർട്ടിൽ
കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. വിസിയുടെ പുനർനിയമനം ചോദ്യം ചെയ്ത ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹൈകകോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. ഇതോടെ വിഷയത്തിൽ ആശ്വസിച്ചിരുന്ന സർക്കാറിന് തിരിച്ചടി ഭീഷണിയും നിലനിൽക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.
ഹർജീ ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ ഗവർണർ അടക്കം എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. എതിർകക്ഷികളിൽ ഒരാളായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടതിയിൽ പറയുന്ന നിലപാട് നിർണായകമാവും. വിഷയത്തിൽ പരസ്യപ്രതിഷേധം രേഖപ്പെടുത്തിയ ഗവർണർ ഇനി എന്തു നിലപാട് പറയും എന്നത് സർക്കാറിന്റെയും നെഞ്ചിടിപ്പ് കൂട്ടും. സിംഗിൾ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിൽ വലിയ ആഹ്ലാദപ്രകടനം നടത്തിയിരുന്നു ഇടതു കേന്ദ്രങ്ങൾ. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ ഗവർണർക്ക് രാഷ്ട്രീയ താൽപ്പര്യമുണ്ടെന്ന വിമർശനവും ഉന്നയിച്ചു. ഈ വിമർശനങ്ങൾക്കുള്ള മറുപടി ഗവർണർ കോടതിയിൽ നൽകുമോ എന്നാണ് ഇനി അറിയേണ്ടത്.
സർവലാശാലകളിൽ രാഷ്ട്രീയ ഇടപെടലാണെന്നാരോപിച്ച് ഗവർണർ നേരത്തെ മാധ്യമങ്ങൾക്ക് മുന്നിലുൾപ്പെടെ വിമർശനമുന്നയിച്ചിരുന്നു. ഡോ ഗോപിനാഥ് രവീന്ദ്രന്റെ കണ്ണൂർ സർവകലാശാ വൈസ് ചാൻസലറായുള്ള നിയമനം ഗവർണർ തള്ളിപ്പറയുമോ എന്നത് പ്രധാനമാവും. കഴിഞ്ഞ ദിവസമാണ് വിസി നിയമനത്തിനെതിരായ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്. ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ ആദ്യ നിയമനത്തിലെ നടപടി ക്രമങ്ങൾ പുനർനിയമനത്തിൽ പാലിക്കേണ്ടതില്ല.
അതിനാൽ 60 വയസ്സ് കഴിഞ്ഞയാളെ വിസിയായി നിയമിക്കാനാവില്ലെന്ന ചട്ടം പുനർനിയമനത്തിൽ ബാധമാവില്ലെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. ഇതിനെതിരെ സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് അപ്പീൽ നൽകിയത്. പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി യുടെ അനധികൃത ഇടപെടലും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് കാലാവധി പൂർത്തിയാക്കിയ വൈസ് ചാൻസലർക്ക് തുടർന്ന് ഒരു കാലാവധിയിലേക്ക് പുനർ നിയമനം നൽകുന്നത്.ഈ കീഴ്വഴക്കം തുടർന്നാൽ പുനർ നിയമനം നേടുന്നതിനായി എന്ത് സമ്മർദ്ദങ്ങൾക്കും വഴിപെടാൻ വിസി മാർ നിർബന്ധിതരാകുമെന്ന് ഹർജിക്കാർ അഭിപ്രായപ്പെട്ടിരുന്നു. വിവിധ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെയാണ് സർക്കാരിന് സിംഗിൽ ബെഞ്ചിൽ നിന്നും ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.
പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹർജിയും കോടതി തള്ളി. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയല്ലേ പുനർനിയമനം നൽകിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ