കണ്ണൂർ: തദ്ദേശഭരണ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതുമുതൽ കണ്ണൂർ ജില്ലയിൽ നടന്നത് അഞ്ഞൂറിലേറെ അക്രമസംഭവങ്ങൾ. വിവിധ കേസുകളിലായി രണ്ടായിരത്തോളം പേർക്കതിരെ കേസെടുത്തിട്ടുമുണ്ട്. വോട്ടെണ്ണൽ കഴിയുന്നതോടെ കൂടുതൽ അക്രമസംഭവങ്ങൾ അരങ്ങേറുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തളിപ്പറമ്പിൽ സിപിഐ.(എം)- മുസ്ലിം ലീഗ് സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. മുസ്ലിം ലീഗ് നേതാവ് കെ.വി എം. കുഞ്ഞിയാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ മുന്നൂറോളം സിപിഐ.(എം). പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലാണ് അക്രമങ്ങൾ ഏറേയും നടന്നത്. വ്യക്തികൾക്കും കുടുംബങ്ങൾക്കും നേരെയുള്ള അക്രമങ്ങൾക്ക് പുറമേ വീടുകൾ, വാഹനങ്ങൾ, കൃഷിയിടങ്ങൾ എന്നിവയും അക്രമങ്ങൾക്കിരയായി.

തിരഞ്ഞെടുപ്പുകഴിഞ്ഞിട്ടും അക്രമങ്ങൾ വ്യാപിക്കയാണ്. നായ്ക്കുരണപ്പൊടി മുതൽ സ്റ്റീൽ ബോംബ് വരെയുള്ള ആയുധങ്ങൾ എതിരാളികളെ നേരിടാൻ അക്രമികൾ ഉപയോഗപ്പെടുത്തുന്നു. അക്രമം നേരിടാനെത്തുന്ന പൊലീസുകാരും രാഷ്ട്രീയ അക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. കൂത്തുപറമ്പ് സിഐ കെ. പ്രേംസദന് സംഘർഷത്തിനിടെ പരിക്കേറ്റു. തെരഞ്ഞെടുപ്പു ദിവസം തളിപ്പറമ്പിലെ സംഘർഷത്തിന് അയവു വരുത്താൻ നിരോധനാജ്ഞ പുറപ്പെടുവിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും അക്രമത്തിന് ശമനമുണ്ടായില്ല. സ്ഥാനാർത്ഥികളായ വനിതകൾ, ബൂത്ത് ഏജന്റ്മാർ, എന്നിവരും അക്രമിക്കപ്പെട്ടവരിൽപ്പെടുന്നു. കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് സിപിഐ.(എം)- ആർഎസ്എസ്. സംഘർഷത്തിൽ അഞ്ചു വീടുകൾ ഭീകരമായി ആക്രമിക്കപ്പെട്ടിരുന്നു. വീടിനകത്തുണ്ടായിരുന്ന ഫർണ്ണിച്ചറുകൾ, ടി.വി.ഉൾപ്പെടെയുള്ള മറ്റ ്‌സാധനങ്ങൾ എന്നിവ എറിഞ്ഞു തകർത്തു. അരി ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾ നശിപ്പിക്കപ്പെട്ടു. അഴീക്കോട് നീർക്കടവിലും ഒരു സിപിഐ.(എം). പ്രവർത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ് കേട് വരുത്തുകയുണ്ടായി.

വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ എതിരാളികളായാൽ പിടിച്ചിറക്കി അക്രമിക്കുന്ന പതിവും ഈ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുമുണ്ടായി. സിപിഐ.(എം). പ്രവർത്തകനായിരുന്ന രാഗേഷ് കീരാച്ചിയെ യാത്ര ചെയ്യവേയാണ് ഒരു സംഘം ബിജെപിക്കാർ അക്രമിച്ചത്. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായ സിപിഐ.(എം). പ്രവർത്തകനായ രമേശനെ ട്രിപ്പ് വിളിച്ചുകൊണ്ടുപോയി ഗുരുതരമായി അക്രമിച്ച സംഭവവുമുണ്ടായി. കണ്ണൂർ കസാനക്കോട്ടയിൽ മുസ്ലിം ലീഗ് - എസ്.ഡി.പി.ഐ.പ്രവർത്തകർ തമ്മിലാണ് സംഘർഷം നടന്നത്. ഇരു വിഭാഗത്തിലും പെട്ട ആറുപേർക്ക് പരിക്കേറ്റു. കൂത്തുപറമ്പ് മെരുവമ്പായിയിൽ മുസ്ലിം ലീഗ്, സിപിഐ.(എം). പ്രവർത്തകർ തമ്മിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. തലശ്ശേരി കായ്യത്ത് സിപിഐ.(എം)- മുസ്ലിം ലീഗ് സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റാണ് പരിക്ക്. പരിയാരത്ത് ബിജെപി.പ്രവർത്തകൻ കെ.പി.മോഹനന് കല്ലുകൊണ്ട് തലക്കടിയേററു. മലപ്പട്ടത്ത് യു.ഡി.എഫ് ബൂത്ത് ഏജന്റ്മാർക്ക് മർദ്ദനമേറ്റതോടെ ഇവിടെയുള്ള മറ്റ് ബൂത്തുകളിൽ നിന്നും യു.ഡി.എഫ്.ഏജന്റുമാർ ഇറങ്ങിപ്പോയിരുന്നു.

പെരളശ്ശേരി പഞ്ചായത്തിലെ പതിനാറാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഒ. ദീപുവിനും കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ട് പി.പ്രഭാകരനും മർദ്ദനമേറ്റിരുന്നു. എതിരാളികളായ രാഷ്ട്രീയ പ്രവർത്തകരുടെ ഓട്ടോറിക്ഷാ, ബൈക്കുകൾ എന്നിവ കത്തിച്ച സംഭവങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറി. പാർട്ടി ഓഫീസുകളും വായനശാലകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും എതിരാളികളുടേതായാൽ തകർക്കുന്ന സ്ഥിതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പാർട്ടികൾ സ്ഥാപിച്ച കൊടിമരങ്ങൾ, സ്തൂപങ്ങൾ, എന്നിവയും വിവിധ കേന്ദ്രങ്ങളിൽ അക്രമിക്കപ്പെട്ടിട്ടുണ്ട്.

നാളെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിധി നിർണയമാണ്. ഇതിന്റെ മറവിലും രാഷ്ട്രീയ പാർട്ടികൾ അഴിഞ്ഞാടാൻ സാധ്യതയുണ്ട്. നാളെയോടെ അക്രമസംഭവങ്ങൾ ജില്ലയിൽ ആളിപ്പടരാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടും.