കണ്ണൂർ: സുപ്രീം കോടതി വിധി പ്രകാരം ശബരിമല കയറാൻ തയ്യാറായിരിരിക്കുന്നവർ ആരുമില്ലെന്നാണ് വിധിയെ എതിർക്കുന്നവരുടെ നിലപാട്. എന്നാൽ, അതല്ല വാസ്തവം, യുവതികളായ ഭക്തർ തന്നെ അയ്യപ്പസ്വാമിയെ കാണാൻ പോകാൻ തയ്യാറെടുത്തിരിക്കയാണ്. അങ്ങനെ ആഗ്രഹം പ്രകടിപ്പിച്ചാൽ പോലും സമൂഹത്തിൽ നിന്നുള്ള എതിർപ്പ് നേരിടേണ്ടി വരും എന്നതു കൊണ്ട് തന്നെ പലരും അതിന് തയ്യാറാകുന്നില്ലെന്ന് മാത്രം. എന്നാൽ, ഇപ്പോൾ അയ്യപ്പനെ കാണാൻ മല ചവിട്ടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയിരിക്കയാണ് കണ്ണൂർ സ്വദേശിനിയായ യുവതി.

കണ്ണൂർ കോളേജിലെ അദ്ധ്യാപികയായ രേഷ്മ എന്ന യുവതിയാണ് താൻ 41 ദിവസത്തെ വ്രതമെടുത്ത് മലകയറാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് സർക്കാറിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ അഭ്യാർത്ഥിച്ചു കൊണ്ട് രംഗപ്രവേശം ചെയ്തത്. താൻ വർഷങ്ങളായി അയ്യപ്പഭക്തയാണെന്നാണ് രേഷ്മ അഭിപ്രായപ്പെട്ടത്. പോകാൻ കഴിയില്ല എന്ന ഉറപ്പോടെയാണെങ്കിലും വർഷങ്ങളായി മാലയിടാതെ മണ്ഡല വ്രതം അനുഷ്ഠിക്കുന്നുണ്ടെന്നും കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും രേഷ്മ പറയുന്നു.

കറുത്ത വസ്ത്രം ധരിച്ച് മാലയിട്ടു നിൽക്കുന്ന ചിത്രങ്ങൾ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു കൊണ്ടാണ് രേഷ്മയുടെ പ്രതികരണം. മുഴുവൻ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലകയറണമെന്നാണ് അയ്യപ്പഭക്തയായ രേഷ്മയുടെ ആഗ്രഹം. വിപ്ലവമായിട്ടല്ല അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇതിനു തയ്യാറാവുന്നതെന്നു പറയുന്ന രേഷ്മ ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു എന്നും കൂട്ടിച്ചേർക്കുന്നു.

രേഷ്മ എങ്ങനെ 41 ദിവസത്തെ വ്രതമെടുക്കും എന്ന ചോദ്യത്തിനും കൃത്യമായ മറുപടി അവർ നൽകുന്നുണ്ട്. 'ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.'- എന്നാണ് രേഷ്മയുടെ മറുപടി.

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ലെന്നും തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രഖ്യാപിക്കുന്ന രേഷ്മ സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും പിന്തുണയും അഭ്യർത്ഥിക്കുന്നുണ്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ അവർ പറയുന്നു. കണ്ണൂരിലെ ഒരു കോളേജിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപികയാണ് രേഷ്മ. ഭർത്താവ് നിഷാന്ത് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.