കണ്ണൂർ: പോത്തുകുട്ടിയെ പരസ്യമായി കൊന്ന് മാംസം വിതരണം ചെയ്ത സംഭവത്തിൽ നടപടിക്ക് വിധേയരായ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ജില്ലാ ജനറൽബോഡി യോഗത്തിൽ കടന്നിരുന്നു. ഇതേ ചൊല്ലി എ.വിഭാഗം യൂത്ത് കോൺഗ്രസ്സുകാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട റിജിൽ മാക്കുറ്റി, ഷറഫുദ്ദീൻ കാട്ടാമ്പള്ളി എന്നിവരാണ് അഖിലേന്ത്യാ സെക്രട്ടറിയും രവീന്ദ്രദാസും സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസും പങ്കെടുത്ത യോഗത്തിൽ കയറിയിരുന്നത്. ഇതിൽ റിജിൽ മാക്കുറ്റി അഖിലേന്ത്യാ നേതാവിനൊപ്പം അദ്ധ്യക്ഷ വേദിയിൽ ഇടം പിടിക്കുകയും ഷറഫുദ്ദീൻ കാട്ടാമ്പള്ളി മിനുട്ടസ് ബുക്കിൽ ഒപ്പിടുകയും ചെയ്തു.

ഇതോടെ കണ്ണൂർ ഡി.സി.സി. യിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗം എ. വിഭാഗത്തിന്റെ പ്രതിഷേധത്തിൽ അലങ്കോലപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന യൂത്ത്കോൺഗ്രസ്സ് സംസ്ഥാന സമിതി യോഗത്തിൽ റിജിൽ മാക്കുറ്റി പങ്കെടുത്തതും വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.സി.സി. ക്കും കെപിസിസി. ക്കും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ തന്നെ പരാതി അയച്ചിരുന്നു. അതിനിടെയാണ് അച്ചടക്ക നടപടിക്ക് വിധേയമായവർ വീണ്ടും യൂത്ത് കോൺഗ്രസ്സ് യോഗത്തിൽ എത്തി വിവാദങ്ങൾ കടുപ്പിച്ചത്. യോഗത്തിനിടെ സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് മാക്കുറ്റിയുടേയും കൂട്ടാളികളുടേയും നടപടിയെ വിമർശിച്ചതോടെ മാത്രമാണ് അവർ ഹാളിൽ നിന്നും ഇറങ്ങിപ്പോയത്.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂരിന്റെ നേതൃത്വത്തിൽ എ.വിഭാഗക്കാർ ശക്തമായ പ്രതിഷേധം ഉന്നയിച്ചു. എന്നാൽ അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്രദാസ് പറയുന്നത് ഇങ്ങിനെ. പാർട്ടി അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ കാണാൻ വന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ധ്യക്ഷ വേദിയിൽ കയറിയിരുന്നതും മിനുട്ട്സ് ബുക്കിൽ ഒപ്പു വെച്ചതും സംബന്ധിച്ച് ചോദിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.

കന്നുകാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതിനെതിരെ കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ച വിഞ്ജാപനത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധ സമരം നടത്തിയിരുന്നു. അതിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ കന്നുകുട്ടിയെ പരസ്യമായി നടത്തിക്കുകയും കണ്ണൂർ സിറ്റി സെൻട്രലിൽ വെച്ച് നാട്ടുകാർ കണ്ടു നിൽക്കേ അറുത്ത് മാംസവിതരണം നടത്തുകയും ചെയ്തിരുന്നു. ദേശീയ തലത്തിൽ കോൺഗ്രസ്സ് അടക്കമുള്ള കക്ഷികൾ കേന്ദ്ര സർക്കാർ നയത്തിനെതിരെ സമരം ചെയ്യുന്ന അവസരത്തിലായിരുന്നു കണ്ണൂരിലെ പരസ്യ മൃഗബലി.

യൂത്ത് കോൺഗ്രസ്സിന്റെ ഈ കിരാത സമരത്തിനെതിരെ യുവ മോർച്ച ഉൾപ്പെടെയുള്ള സംഘപരിവാർ കക്ഷികൾ ദേശീയ തലത്തിൽ പ്രതിഷേധം നടത്തി. ബീഫ് ഫൈസ്റ്റിവൽ നടത്തിയവർ പോലും യൂത്ത് കോൺഗ്രസ്സ് സമരത്തിനെതിരെ രംഗത്തു വന്നു. രാഹുൽ ഗാന്ധിയും യൂത്ത് കോൺഗ്രസ്സ് സമരത്തെ വിവേക ശൂന്യവും കിരാതവുമെന്നാണ് അഭിപ്രായപ്പെട്ടത്.

കോൺഗ്രസ്സിനകത്തെ മുസ്ലീമുകളടക്കം മൃഗബലിയെ വിമർശിച്ചു വന്നു. എ.ഐ.സി.സി. നിർദ്ദേശ പ്രകാരം റിജിൽ മാക്കുറ്റി ഉൾപ്പെടെ മൂന്ന് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ഏഴ് മാസമായിട്ടും ശിക്ഷാ നടപടികൾ പിൻവലിച്ചിരുന്നുമില്ല.