കണ്ണൂർ: പണികൾ പൂർത്തിയാക്കിയ കണ്ണൂർ വിമാനത്താവളം നാളെ ലോകവ്യോമായന ഭൂപടത്തിൽ ഇടം പിടിക്കും. രണ്ട് മണിക്കൂർ ചുറ്റിയുള്ള ഡിവിഒആറിന്റെ കലിബ്രേഷൻ പൂർത്തിയാക്കുന്നതോടെയാണ് കണ്ണൂർ വിമാനത്താവണം രാജ്യാന്ത്ര വ്യോമായന ഭൂപടത്തിൽ ഇടംപിടിക്കുക. ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമ്‌നി റേഞ്ച് (ഡിവിഒആർ) എന്ന ഉപകരണത്തിന്റെ ക്ഷമത പരിശോധിച്ച്, പ്രവർത്തനക്ഷമമാക്കുന്ന പ്രക്രിയയാണിത്.

ഡിവിഒആറിന്റെ ക്ഷമത പരിശോധിക്കാനുള്ള കാലിബ്രേഷൻ വിമാനം നാളെ രാവിലെ വിമാനത്താവളത്തിലെത്തും. എയർപോർട്ട് അഥോറിറ്റിയുടെ ഡോണിയർ വിഭാഗത്തിൽപെട്ട ചെറുവിമാനം രണ്ടു മണിക്കൂറോളം വിമാനത്താവളത്തിനു മുകളിൽ പല ഉയരങ്ങളിലും ദിശകളിലുമായി പറന്നാണു ഡിവിഒആറിന്റെ കാലിബ്രേഷൻ നിർവഹിക്കുക. വിമാനത്താവളത്തെ രാജ്യാന്തര വ്യോമയാന ഭൂപടത്തിൽ രേഖപ്പെടുത്തുന്ന ഉപകരണമാണു ഡിവിഒആർ.

2016 ഫെബ്രുവരി 29നു പരീക്ഷണപ്പറക്കലിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഡോണിയർ വിമാനം ഇറങ്ങിയ ശേഷം നടക്കുന്ന പ്രധാനപ്പെട്ട പരിശോധനയാണിത്. കലിബ്രേഷൻ നടത്തുന്നതിനായി കരിപ്പൂരിൽ നിന്നുമാണ് പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധകരുമടങ്ങിയ സംഘം കണ്ണൂർ വിമാനത്താവളത്തിലെത്തുക. പൈലറ്റും മൂന്നു സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘമാണു കരിപ്പൂരിൽ നിന്നെത്തുന്ന വിമാനത്തിലുണ്ടാവുക.

ഡിവിഒആറിന്റെ കാലിബ്രേഷൻ കഴിഞ്ഞാൽ മാത്രമേ വിമാനങ്ങൾക്കു കണ്ണൂർ വിമാനത്താവളത്തിലെ വ്യോമമേഖലയിലേക്കു കൃത്യമായി പ്രവേശിക്കാൻ സാധിക്കുകയുള്ളു. മുകളിലൂടെ കടന്നുപോകുന്ന വിമാനങ്ങൾക്കു വിമാനത്താവളത്തിന്റെ സ്ഥാനത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ കൈമാറാൻ ഇതോടെ ഡിവിഒആർ സജ്ജമാകും.

112.6 മെഗാഹെട്സാണ് കണ്ണൂർ വിമാനത്താവളത്തിന്റെ തരംഗദൈർഘ്യം. എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ റഗുലേഷൻ ആൻഡ് കൺട്രോൾ സംവിധാനത്തിലൂടെ ഇത് ആഗോളതലത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി മാനേജിങ് ഡയറക്ടർ പി.ബാലകിരൺ പറഞ്ഞു.

അതേസമയം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവ്വീസുകൾ നടത്താൻ നിരവധി അന്താരാഷ്ട്ര വിമാന കമ്പനികൾ മുന്നോട്ടെത്തിയിട്ടുണ്ട്. എയർ ഇന്ത്യ, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ്, ഗൾഫ് എയർ, എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്‌പ്രസ്, ഒമാൻ എയർ, എയർ അറേബ്യ എന്നീ അന്താരാഷ്ട്ര കമ്പനികൾ കണ്ണൂരിൽനിന്ന് അന്താരാഷ്ട്ര സർവീസുകൾ നടത്താമെന്നറിയിച്ചു.

ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവേയ്‌സ് എന്നിവ നിലവിലെ ആഭ്യന്തര സർവീസുകൾ കണ്ണൂരിലേക്ക് നീട്ടാനും സന്നദ്ധത അറിയിച്ചു. നാളത്തെ കലിബ്രേഷനും പൂർ്തതിയാകുന്നതോടെ കണ്ണൂർ വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമായി മാറും. ഇതോടെ ഇവിടെ നിന്നും ഉടൻ സർവ്വീസുകൾ ആരംഭിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ.

പൂർണ സജ്ജമാകുന്ന വിമാനത്താവളം ജൂണിൽ നാടിന് സമർപ്പിക്കാനാണ് തീരുമാനം. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാകും കണ്ണൂർ വിമാനത്താവളം സജ്ജമാക്കുക. വിമാനത്താവളത്തിൽ അഗ്‌നിശമന വിഭാഗത്തിന്റെ പരിശീലനവും പൂർത്തിയായി. 100 മീറ്റർ ചുറ്റളവിൽ ഉപയോഗിക്കാവുന്ന ഇൻഫ്ളൈറ്റബിൾ ലൈറ്റ്, അപകടത്തിൽപെടുന്ന വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാനുള്ള കട്ടിങ് യന്ത്രങ്ങൾ, വിവിധ ദിശകളിൽ നിന്നും തീയണക്കാനുള്ള നാല് വാഹനങ്ങൾ തുടങ്ങി ഇറക്കുമതി ചെയ്ത അത്യാധുനിക സംവിധാനങ്ങളുള്ള ഫയർ സ്റ്റേഷനാണ് സജ്ജമാക്കിയിരിക്കുന്നത്.

നാളത്തെ കലിബ്രേഷൻ പൂർത്തിയാകുന്നതോടെ സിവിൽ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള ലൈസൻസ് ലഭിക്കും. നാവിഗേഷൻ ടെസ്റ്റിനായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് രണ്ട് വിമാനങ്ങളാണുള്ളത്. രാജ്യത്തെ 126 വിമാനത്താവളങ്ങളിലും നാവിഗേഷൻ പരിശോധന നടത്തുന്നത് ഈ രണ്ട് വിമാനങ്ങൾ കൊണ്ടാണ്.