കണ്ണൂർ: കണ്ണൂരിൽ കേരളത്തിന് യാഥാർത്ഥ്യമായത് നാലാമത്തെ വിമാനത്താവളമാണെങ്കിൽ കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങൾക്ക് സ്വർണ ചിറകേകിയ പദ്ധതിയാണ് മൂർഖൻ പറമ്പിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം നാൾക്കു നാൾ ഉയരാൻ തുടങ്ങിയതോടെ വിവിധ വിമാന കമ്പനികൾക്കും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രിയപ്പെട്ടതായി മാറുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ കൊണ്ട് തന്നെ യാത്രക്കാരുടെ എണ്ണം ഉയർന്ന് തുടങ്ങിയതോടെ അനേകം വിമാന കമ്പനികളാണ് കണ്ണൂരിൽ നിന്നും വിവിധ നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും സർവീസ് നടത്താനുള്ള ആഗ്രഹമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കണ്ണൂരിനെ പ്രധാന ഹബ്ബാക്കി മാറ്റി വിദേശത്തേക്കും സ്വദേശത്തേക്കും തുടർച്ചയായി സർവീസ് നടത്താൻ ഒരുങ്ങുകയാണ് ഗോ എയർ. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് പിറ്റേ ദിവസം മുതൽക്ക് തന്നെ ഗോ എയർ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിവിധ നഗരങ്ങളിലേക്ക് സർവീസുമായി എത്തിയിരുന്നു. കണ്ണൂർ-മുംബൈ, കണ്ണൂർ-ചെന്നൈ തുടങ്ങിയ വിവിധ നഗരങ്ങളിലേക്കാണ് നിലവിൽ കണ്ണൂരിൽ നിന്നും ഗോ എയർ സർവീസ് നടത്തുന്നത്. വൈകുന്നേരം 6.10-ന് ചെന്നൈയിലേക്ക് പുറപ്പെട്ട് രാത്രി 9.20-ഓടെ മടങ്ങിയെത്തുന്ന തരത്തിലാണ് കണ്ണൂർ-ചെന്നൈ സർവീസ് ക്രമീകരിച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ചെന്നൈ സർവീസ്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ എയർ സർവീസുകളുണ്ട്. ബെംഗളൂരുവിലേക്ക് മറ്റൊരു സർവീസ് കൂടി 15 മുതൽ ഗോ എയർ തുടങ്ങി.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്കും തിരിച്ചും ദിവസേന ഗോ എയർ ഡയറക്ട് സർവീസ് നടത്താൻ ഒരുങ്ങുകയാണ്. ജനുവരി പത്ത് മുതൽ കണ്ണൂർ-മുംബൈ സർവീസും 11 മുതൽ മുംബൈ-കണ്ണൂർ സർവീസും തുടങ്ങും. കണ്ണൂരിൽ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ജി8-621 വിമാനം പുലർച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയിൽ നിന്ന് രാത്രി 12.45ന് പുറപ്പെടുന്ന ജി8-620 വിമാനം പുലർച്ചെ 2.45ന് കണ്ണൂരിലിറങ്ങും. കണ്ണൂർ-മുംബൈ സെക്ടറിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണ് പുതിയ സർവീസുകൾ.

ഇതിന് പുറമേ കണ്ണൂരിൽ നിന്നും അബുദാബി, മസ്‌ക്കത്ത്, ദമാം തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും സർവീസ് നടത്താൻ ഗോ എയറിന് അനുമതി ലഭിച്ചിട്ടുണ്ട്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ ഗോ എയറിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വ്യോമയാന മന്ത്രാലയം അനുമതി നൽകി. കണ്ണൂരിൽ നിന്നും അബുദാബി കൂടാതെ രണ്ട് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വിമാന സർവീസ് നടത്താനുള്ള അനുമതി മന്ത്രാലയം നൽകിയിട്ടുണ്ട്. മസ്‌കത്ത്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസ് അനുമതിയാണ് ഗോ എയറിന് ലഭിച്ചത്. പുതുവർഷ സമ്മാനമെന്നോണം ജനുവരി ആദ്യ വാരത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് ഗോ എയർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അബുദാബിയിൽ നിന്നും രണ്ടാമത്തെ വിമാനത്തിനാണ് കണ്ണൂരിലേക്ക് അനുമതി ലഭിക്കുന്നത്. എയർ ഇന്ത്യ എക്സ്‌പ്രസ് കഴിഞ്ഞ ദിവസം മുതൽ കണ്ണൂരിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. നിലവിൽ അബുദാബിയിൽ നിന്നും ആഴ്ചയിൽ മൂന്ന് സർവീസാണ് എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂരിലേക്ക് നടത്തുന്നത്. ഇത് ദിവസവും നടത്താനുള്ള അനുമതിക്കായി എയർ ഇന്ത്യ എക്സ്‌പ്രസ് കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ അബുദാബിയിൽ നിന്നും എല്ലാദിവസവും കണ്ണൂരിലേക്ക് സർവീസുണ്ടാകുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസ് ചൊവ്വാഴ്ച രാവിലെ അബുദാബിയിലേക്കും രാത്രി ദോഹയിലേക്കും സർവീസ് നടത്തി.

ഉഡാൻ സർവീസുമായി ഒട്ടേറെ നഗരങ്ങൾ താണ്ടാനാണ് ഇൻഡിഗോ ഒരുങ്ങുന്നത്. ചിലവു കുറഞ്ഞ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ഇൻഡിഗോ ഒരുങ്ങുന്നത്. ജനുവരി 25 മുതൽ കണ്ണൂരിൽ നിന്നും ഇൻഡിഗോ ആഭ്യന്തര വിമാനസർവീസ് ആരംഭിക്കും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ, ഹൂബ്ലി എന്നിവിടങ്ങളിലേക്കാകും സർവീസ്. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിനായി ബുക്കിങ് സംവിധാനം തുടങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മാർച്ചോടെ രാജ്യാന്തര സർവ്വീസുകളും ഇൻഡിഗോ ആരംഭിച്ചേക്കും. പ്രാരംഭഘട്ടത്തിൽ ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി എന്നിവിടങ്ങളിലേക്ക് മാത്രമാണ് സർവ്വീസ് നടത്തുന്നതെങ്കിലും ക്രമേണ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലേക്ക് കണ്ണൂരുനിന്നും സർവ്വീസ് ആരംഭിക്കുമെന്നും, ഈ സർവ്വീസുകളുടെ ടിക്കറ്റ് ചാർജ് 1999 രൂപ മുതലായിരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

കണ്ണൂരുനിന്നും ദിവസേന ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി എന്നിവിടങ്ങളിലേക്ക് സർവ്വീസ് ആരംഭിക്കുക വഴി കേരളത്തിലെ കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലേയും, കർണാടകയിലെ കുടകിലേയും വിനോദ സഞ്ചാര മേഖലയ്ക്കും ഉണർവേകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ്, വിനോദ സഞ്ചാരം എന്നീ ആവശ്യങ്ങൾക്കായി വിമാനയാത്ര നടത്തുന്ന ഉപഭോക്കതാക്കൾക്കായി കുറഞ്ഞ ചെലവിൽ മികച്ച വിമാനയാത്ര ഒരുക്കുമെന്നും ഇൻഡിഗോ എയർലൈൻസിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ വില്ല്യം ബൗട്ലർ പറഞ്ഞു.

ദിവസങ്ങൾ പിന്നിടുമ്പോഴും അന്താരാഷ്ട്ര യാത്രക്കാർക്ക് അടക്കം കണ്ണൂർ വിമാനത്താവളം പ്രിയങ്കരമായി കൊണ്ടിരിക്കുകയാണ്. കണ്മൂർ വിമാനത്താവളത്തിലേക്കും ഇവിടെ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഇതോടെയാണ് കണ്ണൂർ എയർപോർട്ടിലേക്ക് സർവീസ് നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് അനേകം വിമാന കമ്പനികൾ രംഗത്ത് എത്തിയത്. സ്‌പൈസ് ജെറ്റും കണ്ണൂരിൽ നിന്നും ഉടൻ തന്നെ ആഭ്യന്തര രാജ്യാന്തര സർവീസുകൾ ആരംഭിക്കും. ജനുവരിയിൽ സ്‌പൈസ് ജെറ്റിന്റെ ആദ്യ വിമാനം കണ്ണൂരിൽ നിന്നും പറന്നുയരുമെന്നാണ് റിപ്പോർട്ട്. ഇതോടെ വരുന്ന മൂന്ന് മാസത്തിനകം കണ്ണൂർ വിമാനത്താവളം കണ്ണൂരിനെ യാത്രക്കാരുടെ പ്രധാന ഹബ്ബാക്ക മാറ്റും.