മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് വിരിച്ചിട്ട് രണ്ട് വയസ്. 2018 ഡിസംബർ ഒമ്പതിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്നത്. രണ്ട് വർഷം പിന്നിടുമ്പോൾ ജില്ലയുടെ വികസനത്തിൽ നിർണായകമാകുന്ന വൻ പദ്ധതികളാണ് വിമാനത്താവളത്തെ കാത്തിരിക്കുന്നത്. മലബാറിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിച്ച കണ്ണൂർ വിമാനത്താവളം രണ്ട് വർഷം പിന്നിടുമ്പോൾ 20 ലക്ഷത്തിലധികം യാത്രക്കാരാണ് ഈ വിമാന്തതാവളത്തിലൂടെ യാത്ര ചെയ്തത്. പ്രവർത്തനം ആരംഭിച്ച് 9 മാസം പിന്നിടുന്ന സമയത്ത് തന്നെ വിമാനത്താവളം വഴി 10 ലക്ഷം പേർ യാത്ര ചെയ്തിരുന്നു. കഴിഞ്ഞ മാസം 20 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ചു.

കോവിഡ് പ്രതിസന്ധി മാറുമ്പോൾ വിമാനത്താവളം വഴി കൂടുതൽ സർവീസുകൾക്കും കാർഗോയ്ക്കും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളം. ചുറ്റുമതിലിനുള്ളിൽ ഫൈവ്സ്റ്റാർ ഹോട്ടൽ, കൺവൻഷൻ സെന്റർ, എംആർഒ, മൾട്ടി സ്‌പെഷ്യൽറ്റി ഹോസ്പിറ്റൽ, ഷോപ്പിങ് ആർക്കേഡ്, റസ്റ്ററന്റ് ആൻഡ് ബാർ, ടെർമിനൽ നിന്ന് കാർ പാർക്കിങ്ങിലേക്ക് വാക്ക് വേ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ നടപടി ആരംഭിച്ചു.

കോവിഡിന് ശേഷം രാജ്യാന്തര സർവീസുകൾ ആരംഭിക്കാത്തതിനാൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായും എയർ ബബിൾ ക്രമീകരണം വഴിയുമാണ് നിലവിൽ രാജ്യാന്തര സർവീസ്. ആഭ്യന്തര സർവീസുകൾ എല്ലാം വീണ്ടും തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു 3 വിമാനത്താവളത്തിലേക്കും ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഹുബ്ബള്ളി, ഗോവ, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കും കണ്ണൂരിൽ നിന്ന് സർവീസ് ഉണ്ട്. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എയർ പോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെ (എപിഎച്ച്ഒ) കേന്ദ്രം ആരംഭിച്ചു.

വിദേശ വിമാന സർവീസുകൾക്ക് ഇനിയും അനുമതിയില്ല
അതേസമയം രാജ്യാന്തര തലത്തിൽ തന്നെ ഉന്നത നിലവാരം പുലർത്തുന്ന വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും വിദേശ വിമാന സർവീസുകൾക്ക് ഇനിയും കേന്ദ്രസർക്കാരിന്റെ അനുമതിയയാിട്ടില്ല. വിദേശ വിമാന കമ്പനികൾക്ക് കൂടി അനുമതി ലഭിച്ചിരുന്നെങ്കിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാകുമായിരുന്നു.
2008ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമായാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. നിർമ്മാണപ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലും വിദേശ കമ്പനികൾക്ക് അനുമതി നൽകില്ലെന്ന് പറഞ്ഞിട്ടില്ല. ഉദ്ഘാടനവേളയിലാണ് ഇക്കാര്യം സംസ്ഥാന സർക്കാരിന്റെയും കിയാലിന്റെയും ശ്രദ്ധയിൽവരുന്നത്. അന്നുമുതൽ നിരന്തരം സമ്മർദം ചെലുത്തിയിട്ടും കേന്ദ്രം കനിഞ്ഞില്ല.

മെട്രോപൊളിറ്റൻ നഗരങ്ങളിലേ വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകാനാവൂ എന്നാണ് കേന്ദ്രവ്യോമയാന വകുപ്പ് ഇപ്പോൾ പറയുന്നത്. എന്നാൽ, ഇങ്ങനെയൊരു നയം കേന്ദ്രസർക്കാർ രൂപപ്പെടുത്തിയതായി അറിവില്ലെന്ന് മുൻ എയർ ഇന്ത്യാ ചെയർമാനും മാനേജിങ് ഡയറക്ടറുംകൂടിയായ കിയാൽ എംഡി വി തുളസീദാസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കേരളത്തിലെ മറ്റു മൂന്ന് വിമാനത്താവളങ്ങളിൽനിന്ന് വിദേശ കമ്പനികൾ സർവീസ് നടത്തുന്നുമുണ്ട്.

അതേസമയം കോവിഡ് പശ്ചാത്തലത്തിൽ നിരവധി വിദേശ വിമാന കമ്പനികൾ കണ്ണൂരിൽ പറന്നിറങ്ങി. കുവൈത്ത് എയർവേസ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, അൽ ജസീറ, സലാം എയർ, സൗദി എയർ ലൈൻ, ഇത്തിഹാദ് എയർ ലൈൻ, ഗൾഫ് എയർ എന്നിവയാണു കണ്ണൂരിൽ എത്തിയ വിദേശ വിമാനങ്ങൾ. സ്‌പൈസ് ജെറ്റ് വിമാനങ്ങളും വൈഡ് ബോഡി വിമാനങ്ങളും കോവിഡ് പശ്ചാത്തലത്തിൽ കണ്ണൂരിൽ എത്തിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ മോസ്‌കോ, തജിക്കിസ്ഥാൻ, ജിദ്ദ, സലാല, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർ കണ്ണൂരിൽ ഇറങ്ങി.

റൺവേ വികസനം മന്ദഗതിയിൽ
3050 മീറ്റർ നീളമുള്ള റൺവേ 4000 മീറ്ററായി വികസിപ്പിക്കുന്നതിന് 2 വർഷം മുൻപ് സർവേ പൂർത്തീകരിച്ചെങ്കിലും തുടർ നടപടികൾ വൈകുകയാണ്. ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ മഹസർ തയാറാക്കുന്ന ജോലികൾ അടുത്തിടെയാണ് ആരംഭിച്ചത്. 2018 സെപ്റ്റംബർ 29ന് ചേർന്ന കിയാൽ പൊതുയോഗത്തിൽ റൺവേ വികസനം വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. നിർമ്മാണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള നാലാമത്തെ റൺവേയാകും ഇത്. 245 ഏക്കറാണ് പുതുതായി ഏറ്റെടുക്കുന്നത്.
കാർഗോ കെട്ടിടം ഉടൻ

ചരക്കുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന കാർഗോ കെട്ടിടം, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, ഡേ ഹോട്ടൽ എന്നിവ ഉടൻ തുറന്ന് പ്രവർത്തിക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച ഫുഡ് കോർട്ടുകൾ, ഫുഡ് ആൻഡ് ബവ്‌റിജസ്, റീട്ടെയിൽ ഷോപ്പുകളും ഉടൻ തുറക്കും.

ഉത്തരമലബാറിലെയും കർണാടകത്തിലെ കുടക്, മൈസൂരു, തമിഴ്‌നാട്ടിലെ ഊട്ടി എന്നിവിടങ്ങളിലെയും ലക്ഷക്കണക്കിന് പ്രവാസികളാണ് വിമാനത്താവളത്തിന്റെ പ്രധാന ഗുണഭോക്താക്കൾ. ഇവർക്കെല്ലാം പ്രയോജനപ്പെടണമെങ്കിൽ കൂടുതൽ അന്താരാഷ്ട്ര സർവീസുകളും വലിയ വിമാനങ്ങളും കണ്ണൂരിലേക്കു വരണം. ഇതിനായി കൂട്ടായ സമ്മർദങ്ങളും ഇടപെടലുകളും അനിവാര്യം.