കാൺപുർ: രാജ്യത്ത് ഏറ്റവും വേഗത്തിൽ പൂർത്തീകരിച്ച ഉത്തർപ്രദേശിലെ കാൺപുർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആദ്യ ഇടനാഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തത്. വെറും രണ്ട് വർഷത്തിൽ താഴെ മാത്രമാണ് മെട്രോ നിർമ്മാണത്തിനായി എടുത്തത് എന്നതാണ് ഏറെ ശ്രദ്ധേയം.

2019 നവംബർ 15നാണ് യോഗി ആദിത്യനാഥ് സർക്കാർ കാൺപുർ മെട്രോയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. 2021 നവംബർ 10ന് ട്രയൽ റൺ നടത്തുകയും ചെയ്തു. 32 കിലോമീറ്ററാണ് കാൺപുർ മെട്രോ പദ്ധതി. ഇപ്പോഴും ഇതിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 11,000 കോടിയാണ് പദ്ധതിയുടെ ചെലവ്. നഗരത്തിലെ ഗതാഗതക്കുരുക്കും സ്ഥലപരിമിതിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാൺപുർ മെട്രോ പദ്ധതി യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്നത്.

ഡിപിആറിന്റെ അടിസ്ഥാനത്തിൽ രണ്ട് ഇടനാഴികൾക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ ഇടനാഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നു കൊടുത്തത്. ഐഐടി മുതൽ മോതിജിൽ വരേയുള്ള 9 കിലോ മീറ്റർ ഇടനാഴിയാണ് ഇത്.

ഇരട്ട എഞ്ചിനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഉത്തർപ്രദേശിന്റെ വികസനത്തിന് വേണ്ടി വളരെ വേഗത്തിൽ പ്രവർത്തിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കാൺപുരിലെ മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. ഇന്ന് ചൊവ്വാഴ്ചയാണ്, ഹനുമാൻ ജിയുടെ അനുഗ്രഹമുള്ള ദിവസം. ഉത്തർപ്രദേശിന്റെ വികസനത്തിലെ മറ്റൊരു സുവർണ്ണ അധ്യായം കൂടിയായി മെട്രോ റെയിൽ മാറും. മെട്രോയിൽ കൂടി ഞാൻ യാത്ര ചെയ്തു. ഇതെനിക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ്. ഈ നേട്ടം കൈവരിച്ച കാൺപൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നത്. 339 കോടിയുടെ പദ്ധതിയായ വരണാസിയിലെ കാശി വിശ്വനാഥ ഇടനാഴി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നു കൊടുത്തിരുന്നു. 29,560 കോടി രൂപ മുതൽ മുടക്കിൽ 5000 ഹെക്ടർ സ്ഥലത്ത് നിർമ്മിക്കുന്ന ജേവാർ വിമാനത്താവളത്തിന്റെ ശിലാ സ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു.