- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യക്ക് ജയം നിഷേധിച്ച് രചിൻ രവീന്ദ്ര- അജാസ് സഖ്യം; ന്യൂസിലൻഡിന്റെ ഒമ്പതാം വിക്കറ്റിലെ പ്രതിരോധപ്പൂട്ട് തർക്കാനാകാതെ ഇന്ത്യൻ ബൗളേഴ്സ്; കാൺപുർ ടെസ്റ്റ് സമനിലയിൽ; ഇന്ത്യക്ക് തിരിച്ചടിയായത് വെളിച്ചക്കുറവും
കാൺപുർ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഒൻപത് വിക്കറ്റുകൾ വീണ് പരാജയം മുന്നിൽ കണ്ട കിവികളെ പത്താം വിക്കറ്റിൽ രചിൻ രവീന്ദ്രയും അജാസ് പട്ടേലും ചേർന്ന് തോൽവിയിലേക്ക് വീഴാതെ കാത്തു. ഒപ്പം വെളിച്ചക്കുറവും അവരുടെ രക്ഷക്കെത്തി.വെളിച്ചക്കുറവിനെ തുടർന്ന് മത്സരം സമനിലയിൽ പിരിയാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു.
ഒടുവിൽ അത്യന്തം ആവേശകരമായ പോരാട്ടത്തിൽ തോൽവിയുടെ വക്കിൽ നിന്ന് ന്യൂസീലൻഡ് സമനില പിടിച്ചുവാങ്ങി.സ്കോർ:ഇന്ത്യ ഒന്നാം ഇന്നിങ്സ് 345 റൺസ്, രണ്ടാം ഇന്നിങ്സ് ഏഴിന് 234 റൺസ് ഡിക്ല. ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സ് 296 റൺസ്. രണ്ടാം ഇന്നിങ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ്.അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണായ ശ്രേയസ് അയ്യരാണ് കളിയിലെ താരം.
ന്യൂസീലൻഡ് നിരയിൽ ഒമ്പതാമനായി ടിം സൗത്തി പുറത്തായത് 90-ാം ഓവറിലാണ്. അതിനുശേഷം വിജയം ലക്ഷ്യമിട്ട് ഇന്ത്യൻ സ്പിൻ ത്രയം 52 പന്തുകൾ എറിഞ്ഞു. പക്ഷേ ഇന്ത്യൻ വംശജരായ അജാസും രചിനും ആ പന്തുകൾ സധൈര്യം നേരിട്ടു. 23 പന്ത് നേരിട്ട് രണ്ട് റൺസോടെ അജാസും 91 പന്തിൽ 18 റൺസോടെ രചിനും പുറത്താകാതെ നിന്നു. രണ്ടിന്നിങ്സിലുമായി ആർ അശ്വിനും അക്സർ പട്ടേലും ആറു വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റും വീഴ്ത്തി.
ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് മികച്ച തുടക്കമാണ് ടോം ലാഥവും നൈറ്റവാച്ച്മാൻ വിൽ സോമർവില്ലെയും ചേർന്ന് നൽകിയത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതുവരെ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും 76 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തിൽ തന്നെ സോമർവില്ലെ പുറത്തായി. 36 റൺസെടുത്ത താരത്തെ ഉമേഷ് യാദവ് ശുഭ്മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു. സോമർവില്ലെയ്ക്ക് പകരം നായകൻ കെയ്ൻ വില്യംസൺ ക്രീസിലെത്തി.
വില്യംസണെ കൂട്ടുപിടിച്ച് ലാഥം ടീം സ്കോർ 100 കടത്തി. ഒപ്പം രണ്ടാം ഇന്നിങ്സിലും ലാഥം അർധസെഞ്ചുറി നേടി. എന്നാൽ അർധസെഞ്ചുറി നേടിയശേഷം ലാഥത്തിന് പിടിച്ചുനിൽക്കാനായില്ല. 146 പന്തുകളിൽ നിന്ന് 52 റൺസെടുത്ത ലാഥത്തിന്റെ വിക്കറ്റ് അശ്വിൻ പിഴുതെടുത്തു. ഇതോടെ കിവീസ് പതറി.റോസ് ടെയ്ലർക്കും അധികം ആയുസുണ്ടായിരുന്നില്ല. 24 പന്തിൽ രണ്ട് റൺസെടുത്ത ടെയ്ലറെ രവീന്ദ്ര ജഡേജ വിക്കറ്റിന് പിന്നിൽ കുരുക്കി. പിന്നാലെ ഹെൻട്രി നിക്കോൾസും ക്രീസ് വിട്ടു. നാല് പന്ത് നേരിട്ട് ഒരു റണ്ണെടുത്ത നിക്കോൾസിനെ അക്സർ പട്ടേൽ പുറത്താക്കി. ഇതോടെ ന്യൂസീലൻഡിന് 126 റൺസിനിടയിൽ അഞ്ചു വിക്കറ്റ് നഷ്ടമായി.
അടുത്തത് കെയ്ൻ വില്ല്യംസണിന്റെ ഊഴമായിരുന്നു. 112 പന്ത് നേരിട്ട് 24 റൺസോടെ പ്രതിരോധിച്ചു നിന്ന വില്ല്യംസണെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. സമനിലക്കായി ശ്രമിച്ച ടോം ബ്ലൻഡലും കെയ്ൽ ജമെയ്സണും ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ വീണതോടെ ന്യൂസീലൻഡ് തോൽവിയോട് അടുത്തു. 38 പന്ത് നേരിട്ട് രണ്ട് റൺസോടെ നിന്ന ബ്ലൻഡലിനെ അശ്വിനും 30 പന്ത് നേരിട്ട് അഞ്ചു റൺസെടുത്ത ജമെയ്സണം ജഡേജയും പുറത്താക്കി. എട്ടു പന്തിൽ നാല് റൺസെടുത്ത ടിം സൗത്തിയെ ജഡേജ തിരിച്ചയച്ചു. എന്നാൽ പിന്നീട് അജാസും രചിനും ഒത്തുചേരുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്