- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിജാബ് വിവാദമാക്കി ഇന്ത്യയുടെ വൈവിധ്യം തകർക്കുന്നു; ലൗ ജിഹാദ് ആരോപണങ്ങൾ ആവർത്തിക്കുന്നത് നിയമസംവിധാനത്തിന്റെ പോരായ്മ; വർഗീയതാല്പര്യങ്ങൾ രാജ്യം അനുവദിക്കരുതെന്ന് കാന്തപുരം
ഗാന്ധിനഗർ: മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുക്കാനുള്ള കരുത്ത് ഇന്ത്യയുടെ ഭരണഘടനയ്ക്കുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഗുജറാത്തിലെ രാജ്കോട്ടിൽ എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമം രാജ്യദ്രോഹപരമാണ്. നിസാരമായ തർക്കങ്ങളുയർത്തി ജനങ്ങളെ വർഗീയമായി വിഭജിക്കുന്നത് രാജ്യത്തോട് ചെയ്യുന്ന പാതകമാണ്. മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്ടിക്കുന്നവർ ഇന്ത്യയുടെ വൈവിധ്യം തകർക്കുകയാണ്.
ഭരണഘടന പൗരന്മാർക്ക് നൽകിയ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചുനിൽക്കണം. അന്വേഷണ ഏജൻസികൾ തള്ളിക്കളഞ്ഞ ലൗ ജിഹാദ് പോലുള്ള ആരോപണങ്ങൾ ഇപ്പോഴും ആവർത്തിക്കപ്പെടുന്നു എന്നത് നമ്മുടെ നിയമസംവിധനത്തിന്റെ പോരായ്മയാണ് വെളിപ്പെടുത്തുന്നതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
ഗുജറാത്ത് കലാപത്തിനെതിരെയും ബാബരി മസ്ജിദ് വിഷയത്തിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമായിയുന്നു അദ്ദേഹം ഉയർത്തിയത്. ഗുജറാത്ത് കലാപത്തെ കുറിച്ച് കാന്തപുരം ശക്തമായ ഒരു പ്രസ്താവന പോലും പുറപ്പെടുവിക്കുന്നില്ല എന്ന നിരന്തര വിമർശനങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു കാന്തപുരം ഇക്കാര്യം പറഞ്ഞത്.
'ഗുജറാത്ത് ഗാന്ധിയുടെ നാടാണ്. ഇവിടെ ഒരു വിദ്യാലയത്തിൽ ഗാന്ധി ഘാതകനെ മഹത്വപ്പെടുത്തുന്ന വിഷയം നൽകി മത്സരം സംഘടിപ്പിച്ചത് രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. വിദ്യാർത്ഥികളിൽ രാജ്യസ്നേഹവും ദേശാഭിമാനവും വളർത്തുന്നതിന് പകരം അവരിൽ കുറ്റവാളികളോട് ആഭിമുഖ്യവും ആദരവും ജനിപ്പിക്കുന്നത് ഭാവിതലമുറയെ വഴി തെറ്റിക്കലാണ്.
ഗാന്ധിയെയും നെഹ്റുവിനെയും മൗലാനാ മുഹമ്മദലിയെയും പോലുള്ള ധീരദേശാഭിമാനികളുടെ ഓർമകളെ നിന്ദിക്കുന്ന പ്രവർത്തനങ്ങൾ ആരിൽ നിന്നുമുണ്ടായിക്കൂടാ. ഒരു ആരാധനാലയം കൈയേറി തകർക്കുകയെന്നത് നിയമവാഴ്‌ച്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇന്ത്യയിൽ 1992ൽ അത് സംഭവിച്ചു.
അന്നും പിന്നീടും വിശാലമായ രാജ്യതാത്പര്യം മുൻനിർത്തി ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം സമുദായം കൈക്കൊണ്ട പക്വമായ നിലപാട് എല്ലാവരാലും പ്രകീർത്തിക്കപ്പെട്ടതാണ്. ആ വിട്ടുവീഴ്ച ദൗർബല്യമായി കരുതി കൂടുതൽ പള്ളികൾക്ക് മേൽ അവകാശവാദം ഉന്നയിക്കാനുള്ള വർഗീയതാല്പര്യങ്ങൾ രാജ്യം അനുവദിച്ചുകൊടുക്കരുത്.
മഥുരയിലെ ഷാഹി മസ്ജിദ് ഒരു മുസ്ലിം ആരാധനാലയം എന്നതിനൊപ്പം ഇന്ത്യയുടെ മതസാഹോദര്യത്തിന്റെ ഏടുകളിലൊന്നുമാണ്. അത് പൊളിച്ചുനീക്കണമെന്ന് ചില സംഘടനകൾ ആവശ്യമുന്നയിക്കുന്നത് ആ സാഹോദര്യം തകർക്കാനുള്ള മനഃപൂർവമായ പ്രകോപനമാണ്.
ഇത്തരം സന്ദർഭങ്ങളെ എങ്ങനെ നേരിടണമെന്ന് മുസ്ലിങ്ങൾ ബോധവാന്മാരാണ്. ആയുധത്തെ ആയുധം കൊണ്ട് നേരിടുകയല്ല പോംവഴി. പ്രശ്നകലുഷമായ അന്തരീക്ഷത്തെ വിശ്വാസദാർഢ്യത കൊണ്ട് മറികടക്കാൻ സാധിക്കുമെന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്,' കാന്തപുരം പറയുന്നു.
2002ലെ ഗുജറാത്ത് കലാപത്തിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുപിടിക്കാനും അവർക്ക് ജീവിതം വീണ്ടെടുക്കാനുള്ള ആത്മവിശ്വാസം പകരാനുമാണ് സുന്നി പ്രസ്ഥാനം ശ്രമിച്ചതെന്നും കലാപത്തിലെ ഇരകൾക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നേറാനും ആത്മീയമായി കരുത്തു നൽകാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'പ്രതികാരബുദ്ധി വളർത്തിയല്ല ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യേണ്ടത്. വൈകാരികമായ പ്രതികരണങ്ങൾ പ്രശ്നം സങ്കീർണമാക്കുകയേ ഉള്ളൂ.അതുകൊണ്ടുതന്നെ വിവേകപൂർവം ഭരണഘടനയ്ക്ക് അകത്തുനിന്നു കൊണ്ട് പ്രവർത്തിക്കാനും പ്രതികരിക്കാനും ജനങ്ങളെ പാകപ്പെടുത്തുകയാണ് മതനേതൃത്വങ്ങൾ ചെയ്യേണ്ടത്.
ഗുജറാത്തിലും ഡൽഹിയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വർഗീയകലാപങ്ങൾ ഉണ്ടായപ്പോൾ സുന്നി-സൂഫി സംഘടനകൾ ഈ നിലപാടാണ് ഉയർത്തിപ്പിടിച്ചത്,' അദ്ദേഹം പറയുന്നു.
വംശഹത്യകളും വർഗീയ പ്രചാരണങ്ങളും നടത്തുന്നവർ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് നടത്തുന്നത്. നിരപരാധികളെ കൊന്നൊടുക്കുന്ന കലാപങ്ങളും യുദ്ധങ്ങളും ലോകത്തെ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
'വിവിധ മതങ്ങൾ ഒരുമയോടെ നിലകൊള്ളുന്നതാണ് ഇന്ത്യയുടെ സൗന്ദര്യം. ഓരോ മതസമൂഹങ്ങൾക്കുമിടയിൽ കാലങ്ങളായി നിലനിൽക്കുന്ന വൈവിധ്യം അങ്ങനെത്തന്നെ തുടരാൻ അനുവദിക്കുകയാണ് വേണ്ടത്.
വികസനവും ജനക്ഷേമവും മുൻനിർത്തി തിരഞ്ഞെടുപ്പുകളെ നേരിടുന്നതിനു പകരം വർഗീയതയിലൂടെ അധികാരം കൈയിലൊതുക്കാമെന്നു ചില രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കുകയാണ്. ഹിജാബിനെ പോലും അതിനുവേണ്ടി ദുരുപയോഗിക്കുകയാണ്. ഇത് ഭരണഘടനയോടുള്ള അക്രമമാണ്,' അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ