കോഴിക്കട്: മാനവികതയുടെ സന്ദേശവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ കർണ്ണാടക യാത്ര. ഇന്ന് കർണ്ണാടകയിലെ ഗുൽബർഗയിൽ നിന്നുമാണ് ഉസ്താത് യാത്ര ആരംഭിക്കുന്നത്. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന യാത്ര നവംബർ രണ്ടിന് മംഗലാപുരത്ത് സമാപിക്കും.

മനുഷ്യ മനസ്സുകളെ കോർത്തിണക്കാൻ എന്ന സന്ദേശവുമായി 1999ൽ കാന്തപുരം നടത്തിയ കേരളയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ സംഘർഷങ്ങളാൽ മുകരിതമായ നാദാപുരത്തിന്റെയും കണ്ണൂരിന്റെയും മണ്ണിൽ എല്ലാ രാഷ്ട്രീയ നേതൃത്വത്തെയും ഒരേ വേദിയിലിരുത്തി മനുഷ്യർ തമ്മിൽ കൊല്ലാനും കൊലവിളി നടത്താനുമുള്ളവരല്ല എന്ന സ്‌നേഹ സന്ദേശം സമൂഹത്തോട് വിളിച്ചു പറയാൻ തന്റേടമുള്ള മത നേതൃത്വമായി കാന്തപുരത്തിന്റെ കേരളയാത്രയെ ജനം നോക്കി കണ്ടു. 2013ൽ മാനവികതയെ ഉണർത്തുന്നു എന്ന സ്‌നേഹ സന്ദേശവുമായി നഗര ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

കുറ്റമറ്റതും ചിട്ടയോടെയുമുള്ള യാത്രകളുടെ സംവിധാനങ്ങൾ കാന്തപുരത്തിന്റെ യാത്രകളെ വ്യത്യസ്തമാക്കുന്നു. മത ഭൗതിക വിദ്യാഭ്യാസങ്ങളെ സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ സമുച്ചയങ്ങൾ കേരളത്തിലെ പോലെ കർണാടകയിലും പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കാന്തപുരം കർണ്ണാടക യാത്ര നടത്തുന്നത്. നിലവിലുള്ള സ്ഥാപനങ്ങൾക്ക് സർക്കാറിൽ നിന്നുള്ള അംഗീകാരവും സഹായവും കരസ്ഥമാക്കുക, ചിതറിക്കിടക്കുന്ന മുസ്ലിം സമൂഹത്തെ കോർത്തിണക്കി ഐക്യപ്പെടുത്തുക എന്നതും യാത്രയുടെ ലക്ഷ്യം തന്നെയാണ്. ഇതിനെല്ലാം പുറമെ സംഘടനകളെയും പ്രസ്ഥാനത്തെയും കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുക എന്നതും യാത്രയുടെ അജണ്ടയാണ്.

ഇന്ന് വൈകീട്ട് മൂന്നിന് ഗുൽബർഗ ഖാജാ ബന്തേനവാസ് മഖാം സിയാറത്തിന് ശേഷം കോൺഗ്രസ് നേതാവും ലോകസഭാ എംപിയുമായ മല്ലി കാർജുന കാർഗെ യാത്ര ഉദ്ഘാടനം ചെയ്യും. ഒമ്പത് ദിവസത്തെ യാത്രയിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി മുൻ പ്രധാന മന്ത്രി എച്ച്.ഡി ദേവ ഗൗഡ, കർണാടക മുൻ മുഖ്യ മന്ത്രി ബി.എസ് യദിയൂരപ്പ, ആഭ്യന്തര മന്ത്രി കെ.ജെ ജോർജ്ജ്, ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി, ഗതാഗത മന്ത്രി രാ ലിംഗ റെഡ്ഢി, നിയമ മന്ത്രി ഡി.പി ജയ ചന്ദ്ര തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നുണ്ട്.

നവംബർ രണ്ടിന് മംഗലാപുരം നെഹ്‌റു മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര റെയിൽവെ മന്ത്രി സദാനന്ദ ഗൗഡ, യേനപ്പോയ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ അബ്ദുല്ല കുഞ്ഞി ഹാജി, സയ്യിദ് ഹാമിദ് ഇമ്പിച്ചികേയ തങ്ങൾ, പേജാർ മഠാധിപതി ശ്രീ വിശ്വേശ്വര തീർത്ഥ ശ്രീ പാഥലു, മംഗലാപുരം ബിഷപ്പ്, മന്ത്രിമാരായ യു.ടി ഖാദർ, ബി രാമനാഥ റൈ, എംപി നളിൻ കുമാർ കട്ടീൽ, എംഎ‍ൽഎ മൊയ്തീൻബാവ തുടങ്ങി മത സാമൂഹിക രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, കർണാടക ജംഇയ്യത്തുൽ ഉലമ, എസ്.വൈ.എസ്. എസ്.എസ്.എഫ്, എസ്.എം.എ, ജംഇയ്യത്തുൽ മുഅല്ലിമീൻ, സുന്നി ദഅ്‌വത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് കർണാടക യാത്ര നടത്തുന്നത്. വർഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ ബോധവൽക്കരണത്തോടുകൂടിയായിരിക്കും യാത്ര കടന്നു പോകുക എന്ന് സംഘാടകർ അറിയിച്ചു.