- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആയിരംകോടിയുടെ നോളജ് സിറ്റിയും തിരുകേശപ്പള്ളിയും അടക്കം ശതകോടികളുടെ സ്വത്ത്; മൃതദേഹംപോലും കിട്ടാതെ തീർന്ന ചേകന്നൂർ; സുന്നി ടൈഗർ ഫോഴ്സിന്റെ സൃഷ്ടാക്കളെന്നും ആരോപണം; കടുത്ത സ്ത്രീവിരുദ്ധർ; ശ്രീറാം കേസിൽ ഇരട്ടച്ചങ്കനെപ്പോലും വിറപ്പിക്കുന്ന സമ്മർദ ശക്തി; 'അരിവാൾ സുന്നികൾ' എന്ന കാന്തപുരം സുന്നികളുടെ കഥ!
വത്തക്ക അഥവാ തണ്ണിമത്തൻ സുന്നികൾ എന്നാണ് അവർ ഒരുകാലത്ത് പരിഹസിക്കപ്പെട്ടത്. അതായത് പുറമെ നോക്കുമ്പോൾ പച്ചയാണ്. പക്ഷേ മുറിച്ചാൽ കടും ചുവപ്പും. പുറമെ മുസ്ലിം ലീഗ് രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുമെന്ന് തോന്നുമെങ്കിലും ഉള്ളിന്റെയുള്ളിൽ അവർ മാർക്സിസ്റ്റ് പാർട്ടിക്ക് ഒപ്പമാണെന്നാണ് ഇതിന്റെ സൂചന. അതാണ് കാന്തപുരം ഇ കെ അബൂബക്കർ മുസലിയാർ നേതൃത്വം നൽകുന്ന, സമസ്ത എ പി വിഭാഗം. സമസ്ത ഇ കെ വിഭാഗം സുന്നികൾക്കാണ് മുസ്ലിം സമൂഹത്തിൽ ഭൂരിപക്ഷം എങ്കിലും, സമ്പത്തുകൊണ്ടും, രാഷ്ട്രീയ പ്രഹരശേഷികൊണ്ടും എ പി വിഭാഗമാണ് മുന്നിട്ട് നിൽക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് വിവാദ നായകനായ ആലപ്പുഴ കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റം.
മരിച്ചയാളിന്റെ മതം നോക്കി പ്രതികരിക്കുക എന്ന പ്രതിഭാസത്തിൽ കേരളം അമ്പരക്കുകയാണ്. ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കിയതിൽ പ്രതിഷേധിച്ച് എ പി വിഭാഗം സുന്നികളുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ തലയിൽ കെട്ടും കെട്ടി പതിനായിരങ്ങളാണ് പങ്കെടുത്തത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആല ഇങ്ങനെ എഴുതുന്നു. ''ശ്രീറാമിന്റെ വണ്ടിയിടിച്ച് മരിച്ചത് ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരുന്നെങ്കിൽ ഇപ്പോഴത്തെ രോഷക്കാർ ശാന്തരായി വീട്ടിൽ ഒതുങ്ങിക്കൂടുമായിരുന്നു. വണ്ടിയോടിച്ചയാൾ സ്വന്തം മതക്കാരനായിരുന്നെങ്കിൽ മരിച്ചയാളിനായി ഇക്കൂട്ടർ നൊമ്പരപ്പെടുമായിരുന്നില്ല. മരിച്ചയാളിന്റെ മതവും കുറ്റാരോപിതന്റെ മതവും നോക്കി തെരുവിലിറങ്ങുന്നവർ സമൂഹത്തെ അപകടകരമായ ധ്രുവീകരണത്തിലേക്കാണ് തള്ളിവിടുന്നത്.''
ശരിയാണ്. ശ്രീറാം ചെയ്തത് തെറ്റുതന്നെയാണ്. മദ്യപിച്ച് വണ്ടിയോടിക്കുകയും എന്നിട്ട് വൈദ്യപരിശോധനപോലും അട്ടിമറിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെത്തത് ഗുരുതര കുറ്റങ്ങൾ തന്നെയാണ്. അതിന് മതം കുത്തിയിളക്കി സമ്മർദം നടത്തിയല്ല, പ്രതിഷേധം നടത്തേണ്ടത്. പക്ഷേ മരിച്ച ബഷീർ കാന്തപുരം എ പി വിഭാഗത്തിന്റെ പത്രമായ സിറാജിലെ ജീവനക്കാർ അല്ല, എന്ന് വെക്കുക. ഇവർ ഇതുപോലെ തെരുവിൽ ഇറങ്ങുമോ. മൃതദേഹം പോലും കിട്ടാത്ത രീതിയിൽ ചേകന്നൂർ മൗലവിയെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രവർത്തിച്ചവരൊക്കെയാണ് ഇപ്പോൾ ശ്രീറാമിന്റെ നിയമനത്തിനെതിരായ പ്രക്ഷോഭം നയിക്കുന്നതെന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.
ഇതിനെല്ലാം ഉപരി ഞെട്ടിക്കുന്ന വസ്തുത, ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാതെ, ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന ചരിത്രമുള്ള നമ്മുടെ നമ്മുടെ ഇരട്ടച്ചങ്കൻ മുഖ്യമന്ത്രിയെപ്പോലും പേടിപ്പിക്കാൻ കഴിയുന്ന സമ്മർദ രാഷ്ട്രീയ ശക്തിയായി കാന്തപുരം ഗ്രൂപ്പ് മാറിക്കഴിഞ്ഞു എന്നത്് ഉറപ്പാണ്. ഇപ്പോൾ കെ എം ബഷീറിന്റെ നീതിക്കായി വാദിക്കുന്നവരുടെ ചരിത്രവും തനി നിറവും ഇടക്കെങ്കിലും ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.
തീരാത്ത എ പി- ഇ കെ തർക്കം
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എന്ന സംഘടനക്കാണ്, കേരളത്തിലെ ഭൂരിപക്ഷം വരുന്നു സുന്നി മുസ്ലീങ്ങളുടെയും നേതൃത്വം ഇപ്പോഴും ഉള്ളത്. സമസ്ത രൂപീകര ചരിത്രംതന്നെ സലഫികളും സുന്നികളും തമ്മിലുള്ള ആശയ സംഘർഷത്തിന്റെ കഥ കൂടിയാണ് അത്.
1921ൽ അരങ്ങേറിയ മലബാർ കലാപത്തെ തുടർന്ന് നാടുവിട്ട ഏതാനും മുസ്ലിം പണ്ഡിതന്മാർ കൊടുങ്ങലൂരിലാണ് താമസിച്ചിരുന്നത്. അവർ സമുദായപരിഷ്കരണത്തിന് എന്നപേരിൽ രൂപീകരിച്ച സംഘനയാണ് കേരള മുസ്ലിം ഐക്യസംഘം. പക്ഷേ ഇത്തരം സ്വാധീനങ്ങൾ തടയാൻ അന്നത്തെ യാഥാസ്ഥിതികർ എന്ന് വിളിക്കുന്ന പണ്ഡിതർ ശ്രമിച്ചു. പരിഷ്കർത്താക്കൾക്കെതിരെ ജംഇയ്യത്തുൽ ഉലമയെന്ന പേരിൽ പണ്ഡിത സഭ കൂടാനുള്ള ശ്രമം, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ഉൾപ്പെടെയുള്ള വരിൽനിന്നുമുണ്ടായി. ഇതോടെ സലഫികൾ അദ്ദേഹത്തെ കണ്ട് തങ്ങൾ എതിർക്കുന്നത് യാഥാസ്ഥിതിക ആചാരങ്ങളെ അല്ലെന്നും, അനാചാരങ്ങളെ മാത്രമാണെന്നും ബോധിപ്പിക്കുകയും, ഇത് സംബന്ധിച്ച പ്രസ്താവനയിറക്കുകയും ചെയ്തതോടെ ഇവർ സംഘടനയുണ്ടാക്കുന്നതിൽനിന്ന് പിന്മാറുകയായിരുന്നു.
എന്നാൽ 1924ൽ കേരള ജംഇയ്യത്തുൽ ഉലമയെന്ന സംഘടനാ രൂപീകരിച്ചു കൊണ്ട് പരസ്യമായി പരിഷ്കർത്താക്കൾ എന്ന് പറയുന്നവർ രംഗത്തിറങ്ങുകയും അറേബ്യയിലെ വഹാബി നേതാക്കളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ആരംഭിച്ചു. ഇതോടെ യാഥാസ്ഥിതികരും സലഫികളും തമ്മിൽ ആശയപരമായ ഏറ്റു മുട്ടലുകളുകൾക്ക് അരങ്ങൊരുങ്ങി.
ഇതേ തുടർന്ന് മലബാറിലെ പ്രസിദ്ധ സൂഫി സിദ്ധനായിരുന്ന വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്തത്തിൽ പാരമ്പര്യ വാദികൾ രണ്ടാം യോഗം കൂടുകയും കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എന്നാൽ പരിഷ്ക്കരണവാദികൾ ഈ പേരിൽ സംഘടന രജിസ്റ്റർ ചെയ്തതിനാൽ ഈ സംഘടനയുടെ പേര് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നാക്കുകയായിരുന്നു. (ഈ പരിഷ്ക്കരണവാദികൾ എന്ന് വിളിക്കുന്ന ജമാഅത്തുകാരും മുജാഹിദുകാരും സുന്നികളേക്കാൾ അങ്ങേയറ്റം പിന്തിരിപ്പന്മാരും മതമൗലികവാദികളുമാണെന്ന് ഓർക്കണം.)
പക്ഷേ മലബാറിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായി മാറിയത് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയാണ്. എന്നാൽ ആ സംഘടനക്ക് തീരാ തലവേദനയായാണ് 1989ലെ പിളർപ്പ് ഉണ്ടായത്. കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ, സമസ്തയിൽനിന്ന് ആറു പ്രമുഖ നേതാക്കൾ ഭിന്നിച്ചുപോയി. മാതൃസംഘടനയിലുള്ളവർ ഇ.കെ.അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിൽ സമസ്ത ഔദ്യോഗിക വിഭാഗം എന്നും, ഭിന്നിച്ചവർ എ പി വിഭാഗം എന്നും അറിയപ്പെട്ടു. ഭിന്നിപ്പിന്റെ കാരണങ്ങൾ പറയുന്നതത് പലതാണ്. ശരീയത്ത് വിവാദത്തിൽ ജമാഅത്തുകാരും മുജാഹിദുകളുമായി വേദി പങ്കിട്ടുവെന്നും, മതം രാഷ്ട്രീയത്തിലും തിരിച്ചും ഇടപെടരുത് എന്ന വാദമായിരുന്നുവെന്നുമൊക്കെ കാന്തപുരം വിഭാഗം പറയുന്നു. എന്നാൽ എതിർവിഭാഗം ഒരു പള്ളിയുടെ പിരിവുമായി ബന്ധപ്പെട്ടുണ്ടായ ക്രമേക്കടിൽ ഇവരെ പുറത്താക്കുകയായിരുന്നുവെന്നും പറയുന്നു. പക്ഷേ അന്ന് തുടങ്ങിയ കശപിശ ഇന്നും തീർന്നിട്ടില്ല.
മൗലവിമാർ തല്ലി മരിച്ച കാലം
എന്തായാലും സുന്നികളുടെ സ്വസ്ഥത അതോടെ തീർന്നുവെന്ന് പറയാം. 89 മുതൽ നിർത്താതെയുള്ള അടിയാണ് എ പി- ഇ കെ വിഭാഗങ്ങൾ തമ്മിൽ. പള്ളികൾ പിടിച്ചെടുക്കലും, കത്തിക്കുത്തും തൊട്ട് കൊലപാതകം വരെ. കോഴിക്കോട് ജില്ലയിലെ കരീറ്റിപ്പറമ്പിൽ, എ പി- ഇ കെ തർക്കത്തെ തുടർന്ന്, ഒരു മുസലിയാരെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നിരുന്നു. മൗലവിയുടെ തലയോട്ടി പിളർന്ന് തലച്ചോർ റോഡിൽ കിടക്കയായിരുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ. രാഷ്ട്രീയക്കാരെ അമ്പരപ്പിക്കുന്ന അഴിമതി ആരോപണങ്ങളും, ലൈംഗിക ആരോപണങ്ങളുമൊക്കെയാണ് ഇവർ പരസ്പരം ഉന്നയിക്കുന്നത്. പൊലീസ് ലാത്തിചാർജും, കേസും, വഖഫ് തർക്കങ്ങുമൊക്കെയായി നിരവധി പ്രശ്നങ്ങൾ. ഏറ്റവും സമാധനമായി ജനം ജീവിക്കുന്ന ലക്ഷദ്വീപിൽപോലും എപി- ഇകെ തർക്കത്തിന്റെപേരിൽ നിരവധി പള്ളികൾ പൂട്ടിക്കിടക്കയാണ്.
സമസ്ത ഔദ്യോഗിക വിഭാഗം, എക്കാലവും മുസ്ലിം ലീഗിന് ഒപ്പമായിരുന്നു. അതുകൊണ്ട് യുഡിഎഫ് ഭരിക്കുമ്പോൾ, പൊലീസിന്റെ പിന്തുണ എപ്പോഴും കിട്ടിയത് ഔദ്യോഗിക വിഭാഗത്തിനാണ്. ഇത് കാന്തപുരത്തെ ചൊടിപ്പിച്ചു. അവർ പതുക്കെ ശരീയത്ത് വിവാദമൊക്കെ മറന്ന് ഇടതുപക്ഷത്തേക്ക് അടുത്തു. ( ശരീയത്ത് വിവാദകാലത്ത് 'അഞ്ചും കെട്ടും പത്തും കെട്ടും ഇഎംഎസിന്റെ ഓളെയും കെട്ടും,' എന്ന് പറഞ്ഞ് പ്രകടനം നടത്തിയവർ ആണ് ഇവരിൽ പലരും) അവർ തെരഞ്ഞെടുപ്പിൽ നിലപാട് മാറ്റി.
അങ്ങയൊണ് വത്തക്ക സുന്നികൾ എന്നും അരിവാൾ സുന്നികൾ എന്നും പേര് വീണത്. ഇന്ന രാഷ്ട്രീയ പാർട്ടിക്ക് പരസ്യമായി വോട്ട് ചെയ്ത് ജയിപ്പിക്കണം എന്ന് പറയുന്ന രീതിയല്ല കാന്തപുരത്തിന്റെത്. തെരഞ്ഞെടുപ്പിൽ നിഷ്പക്ഷനായതുപോലെ അഭിനയിക്കും. പക്ഷേ അണികൾക്ക് ആർക്ക് വോട്ടുചെയ്യണമെന്ന രഹസ്യ നിർദ്ദേശവും നൽകും. ജയിച്ചാൽ നമ്മുടെ ക്രെഡിറ്റ് ആണെന്ന് പറഞ്ഞ് രംഗത്ത് എത്താം. തോറ്റാൽ ആരും അറിയുകയുമില്ല. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടക്കം നല്ല രീതിയിൽ കാന്തപുരം സുന്നികളുടെ വോട്ട് ഇടതുപക്ഷത്തിന് കിട്ടിയിട്ടുണ്ട്. പി ടി എ റഹീം, പി വി അൻവർ, കെ ടി ജലീൽ, വി അബ്ദുറഹിമാൻ തുടങ്ങിയവരുടെയൊക്കെ വിജയത്തിന് പിന്നിൽ എ പി വിഭാഗത്തിന്റെ വോട്ടുകൂടിയുണ്ടെന്ന് വ്യക്തമാണ്.
മുസ്ലിം മേഖലകളിൽ കടന്നകയറാൻ ഇനിയും സാധിച്ചിട്ടില്ലാത്ത സിപിഎമ്മിന് കിട്ടിയ ഒരു തുറുപ്പുചീട്ടായിരുന്നു കാന്തപുരം. അവർ അത് നന്നായി ഉപയോഗിക്കുകയും ചെത്തു. ഇടക്ക് തിരുകേശത്തെക്കുറിച്ച്, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയൻ ബോഡി വേസ്റ്റ് എന്ന് പറഞ്ഞപ്പോൾ മാത്രമാണ് ആ ബന്ധം ഉലഞ്ഞത്.
അർധപ്പട്ടിണിക്കാര മൗലവിമാരെ, ബെൻസിൽ യാത്രചെയ്യിക്കാൻ കഴിയുന്ന രീതിയിൽ ആക്കി വളർത്തിയത് കാന്തപുരമാണ്. എഴുത്തുകാരനും മാധ്യമം മുൻ അസോസിയേറ്റ് എഡിറ്റുമായ ഒ അബ്ദുല്ല തന്റെ പഴയ ലേഖനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ഗൾഫിൽ പോയി അവിടുത്തെ ഭരണകർത്താക്കളെയും പൗരപ്രമുഖയെും കണ്ട്, കേരളത്തിലെ വിദ്യഭ്യാസ മേഖലയിലേക്ക് സംഭാവന ഇറക്കിച്ച് ഒരു പാട് പ്രവർത്തനങ്ങൾ കാന്തപുരം നടത്തി. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിൽ വലിയ ഒരു കുത്തിച്ചുചാട്ടം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തി. ഇന്ന് മാതാ അമൃതാനന്ദമയീമഠവും, സിപിഎമ്മും കഴിഞ്ഞാൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് എ പി വിഭാഗം എന്നതിൽ തകർക്കമില്ല. യുസഫലി തൊട്ട് രവിപിള്ളവരെയുള്ളവരും, കെ സുരേന്ദ്രൻ തൊട്ട് കോടിയേരി വരെയുള്ളവരും കാന്തപുരം ഗ്രൂപ്പിന്റെ മിത്രങ്ങളാണ്. അവരുടെ ഒരു കൈയേറ്റത്തെയും നിയമ വിരുദ്ധ പ്രവർത്തനങ്ങളെയും തൊടൻ ആർക്കും ധൈര്യമില്ല.
ചേകന്നൂരിനെ കൊന്നത് ആര് ?
അരനൂറ്റാണ്ട് മുമ്പുതന്നെ, നോമ്പും നിസ്ക്കാരവുമായിമാത്രം നടന്നാൽ പോരെന്നും, വിദ്യാഭ്യാസമാണ് പ്രധാനമെന്നും പറഞ്ഞ ഒരു മനുഷ്യനെ എന്ത് വിളിക്കണം. അതായിരുന്നു ചേകന്നൂർ മൗലവി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മത സ്വാതന്ത്ര്യത്തിന്റെയും കേരളത്തിലെ ആദ്യ രക്തസാക്ഷി. 1993 ജൂലൈ 29ന് വീട്ടിൽനിന്ന് ഇറങ്ങിയ അദ്ദേഹത്തിന്റെ മൃതദേഹം പോലും പിന്നീട് ആരും കണ്ടിട്ടില്ല.
പത്തു ഇസ്ലാം കാര്യങ്ങളിൽ ആദ്യത്തേതായി ചേകന്നൂർ പരിഗണിച്ചിരുന്നത് വിദ്യാഭ്യാസത്തെ ആയിരുന്നു. നോമ്പും നിസ്ക്കാരും ദിഖ്റും സ്വലാത്തുമായി അനുഷ്ഠാനത്തിൽ തളച്ചിടുന്ന മുസ്ലിം സമൂഹം വിദ്യാഭ്യാസപരമായി ഏറെ പിറകോട്ട് അടിക്കയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചു നേരത്തെ നമസ്ക്കാരം ഖൂർആനിൽ ഉണ്ട് എന്ന് തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപയാണ് അദ്ദേഹം സമ്മാനം പ്രഖ്യാപിച്ചത്. നോമ്പ് പിടിച്ചാൽ സ്വർഗം കിട്ടുമോ എന്ന് ഖുർആൻ വെച്ച് തെളിയിക്കാനായി അടുത്ത വെല്ലുവിളി. അന്ന പാനീയങ്ങൾ മുപ്പതു ദിവസത്തേക്ക് ഉപേക്ഷിക്കാൻ ഖുർ ആനിൽ വാചകമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുപോലെ ഹജജിനെയും സകാത്തിനെയും ചേകന്നൂർ ചോദ്യം ചെയ്തു. ഗവൺമെന്റിന് നികുതി കൊടുക്കലാണ് സക്കാത്ത് എന്നും അല്ലാതെ നമ്മുടെ കൈയിലുള്ള പണം ഭിക്ഷകൊടുക്കുന്നതുപോലെ കൊടുക്കുന്നതിൽ കാര്യമില്ലെന്നും വാദിച്ചു.
70കളിൽ ഒരാളും ഇസ്ലാമിന്റെ വിധി വിലക്കുകൾക്കെതിരെ സംസാരിച്ചിരുന്നില്ല എന്നോർക്കണം. ഇസ്ലാമിക പണ്ഡിതർ പറയുന്നത് തൊള്ളതൊടാതെ വിഴുങുന്ന ഒരു കാലത്താണ് മൗലവി കയറിവരുന്നത്. ശരീഅത്ത് നിയമങ്ങൾ പരിഷ്ക്കരിക്കപ്പെടാൻ അദ്ദേഹം ഇന്ത്യൻ പ്രസിഡന്റിന്് നിവേദനം നൽകി. മുത്തലാഖിനും ബഹുഭാര്വത്വത്തിനുമെതിരെ നിലപാട് എടുത്തു. ഷാബാനുകേസിന്റെ വിധി സ്വാഗതംചെയ്ത മുസ്ലിങ്ങൾ ഇന്ത്യയിൽത്തന്നെ കുറവായിരുന്നു.
അതിനുള്ള ശിക്ഷയും ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് അദ്ദേഹത്തിന് കിട്ടി. ചേകന്നൂർവധംപോലെ ഇത്രയും ആസൂത്രിതമായി വല്ല കൊലപാതകവും കേരളത്തിൽ നടന്നിരിക്കുമോ എന്നത് സംശയമാണ്. എത്രയോ മാസങ്ങൾക്കു മുമ്പേ കൊലയാളികൾ മൗലവിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ 'പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാനുള്ള യുവാക്കൾ' എന്ന് പൂർണമായും വിശ്വസിച്ചതുകൊണ്ടാണ് അന്ന് നമ്പര് പ്ലേറ്റില്ലാത്ത ജീപ്പുമായി വന്നിട്ടുപോലും മൗലവി ഒറ്റയ്ക്ക് അവർക്കൊപ്പം പോയത്. . ശ്വാസം മുട്ടിച്ചുകൊല്ലുംമുമ്പേ മറമാടാനുള്ള കുഴി കുത്തിവെച്ചിരുന്നു. മൃതദേഹം പിന്നീട് പ്രതികൾപോലും അറിയാതെ എങ്ങോട്ടോ മാറ്റുകയും ചെയ്തു. ചേകന്നൂരിന് വേണ്ടി വാദിക്കാൻ സാംസ്കാരിക നായകരോ രാഷ്ട്രീയക്കാരോ, ആരും ഉണ്ടായിരുന്നില്ല.
ചേകന്നൂരിന്റെ പ്രഖ്യാപിക ശത്രുക്കൾ ആയിരുന്നു കാന്തപുരം വിഭാഗം. സുന്നി ടൈഗർ ഫോഴ്സ് എന്ന സംഘടനയുണ്ടാക്കി ചേകന്നുരിനെ തീർത്തതിനിന് പിന്നിൽ കാന്തപുരം വിഭാഗമാണെന്നാണ് ചേകന്നൂരിന്റെ അനുയായികൾ ഇന്നും വിശ്വസിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക തീവ്രാവാദ സംഘടനയായിരുന്നു സുന്നി ടൈഗർ ഫോഴ്സ. കേസിന്റെ അദ്യഘട്ടത്തിൽ കാന്തപുരത്തെ പ്രതിചേർത്തിരുന്നെങ്കിലും ഹൈക്കോടതി അത് ഒഴിവാക്കി. ഇന്ന് കെ എം ബഷീറിനുവേണ്ടി തെരുവിലിറങ്ങിയവർ എന്തുകൊണ്ട് ചേകന്നൂരിന് വേണ്ടി സംസാസാരിച്ചില്ല എന്നിടത്തുതന്നെ കാര്യങ്ങൾ വ്യക്തമാണ്.
തിരുകേശത്തട്ടിപ്പ് വിവാദത്തിൽ
അതിനിടെ പ്രവാചകന്റെ തിരുകേശം എന്ന് പറഞ്ഞ് കാന്തപുരം ഒരു മുടി ഇറക്കിയതും വൻ വിവാദമായി. ഷഹ്രെ മുബാറക്ക് എന്ന തിരുകേശപ്പള്ളി വിശ്വാസികൾക്കിടയിലും വൻ ഭിന്നിപ്പാണ് ഉണ്ടാക്കിയത്. അഹമ്മദ് ഖസ്രജി എന്ന വിദേശ രാജകുടുംബാംഗത്തിൽ നിന്നും തനിക്കു ലഭിച്ചത് എന്ന പേരിലാണ് കാന്തപുരം പ്രവാചക കേശത്തെ അവതരിപ്പിച്ചത്. ഇതിനായി കോഴിക്കോട് സ്വപ്ന നഗരിയിൽ പള്ളി പണിയാനായി തറക്കില്ലിട്ടപ്പോൾ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പക്ഷേ സമസ്ത ഔദ്യോഗിക വിഭാഗവും, ജമ- മുജകൾ അടക്കമുള്ള മുസ്ലിം ആഴ്വാന്തര വിഭാഗങ്ങളും ഒറ്റക്കെട്ടായി മുടിപ്പള്ളിക്കെതിരെ തിരിഞ്ഞു. അവർ മുടി ഒറിജിനലാണെന്ന് തെളിയിക്കാൻ കാന്തപുരത്തെ വെല്ലുവിളിച്ചു. അതിനിടെ മുടി ഇട്ട വെള്ളം വിറ്റും അവർ ലക്ഷങ്ങൾ സംഭാവന പിരിച്ചു.
സമസ്ത കേരള ജമിയത്തുൽ ഉലമയുടെ മുശവ്വറ അംഗം ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി പറഞ്ഞത് ഇങ്ങനെ: '. പ്രവാചകന്റെ മുടിയാണെന്നു പറഞ്ഞു കൊണ്ടുവന്ന മുടിക്കഷ്ണങ്ങൾ ബോംബേയിലെ മാർക്കറ്റിൽ നിന്നും വാങ്ങിയതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകന്റെ തിരുകേശം ലോകത്തിന്റെ പല ഭാഗങ്ങളിൽ സൂക്ഷിച്ചുവയ്ക്കപ്പെടുന്നുണ്ട്. അതിന് അതിന്റേതായ ശൃംഖല വേണം. ആർക്ക് ആരിൽ നിന്നും കിട്ടി എന്നതിനു തെളിവു വേണം. ഈ ശൃംഖല ഏതാണെന്നാണ് ഞങ്ങൾ വർഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇന്നേവരെ അതിനുത്തരം തരാൻ അയാൾക്കായിട്ടില്ല. പ്രവാചകന്റെ മുടി തന്റെ കൈയിലുണ്ടെന്ന് താൻ പറഞ്ഞാൽ അതിനു മറ്റു തെളിവു വേണ്ടെന്നാണ് അയാളുടെ വാദം. അങ്ങനെയാണെങ്കിൽ എവിടുന്നെങ്കിലും മുടി കൊണ്ടുവരലും, അതു വെള്ളത്തിൽ മുക്കി വിതരണം ചെയ്യലും, അതിന്റെ പേരിൽ പള്ളി പണിയാൻ പിരിവു നടത്തലുമൊക്കെ ആർക്കു വേണമെങ്കിലും ചെയ്യാമല്ലോ്.''- ബഹാവുദ്ദീൻ മുഹമ്മദ് നദ്വി ചൂണ്ടിക്കാട്ടി.
എഴുത്തുകാരനും, മാധ്യമം മുൻ അസോസിയേറ്റ് എഡിറ്ററുമായ ഒ അബ്ദുല്ല മുമ്പ് ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. -''കാന്തപുരം അബൂബക്കർ മുസല്യാർ മനസ്സിൽക്കാണുന്നത്, അദ്ദേഹം നിര്യാതനായിക്കഴിഞ്ഞാൽ ഈ പള്ളി ഒരു വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റണമെന്നാണ്. അതിനു വേണ്ടിയാണ് നാൽപ്പതു കോടി രൂപ ചെലവിട്ട് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. പള്ളിയുടെ ചിത്രങ്ങൾ മലബാറിലെ ഓരോ കവലകളിലും പതിച്ചിരുന്നു. പക്ഷേ, ഇപ്പോൾ അവരതിനെ തള്ളിപ്പറയുന്നു. പള്ളിയുണ്ടാക്കാമെന്ന് ആരു പറഞ്ഞു, ഞങ്ങളത് ഏറ്റിട്ടില്ലല്ലോ എന്നുള്ള വാദങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്.''- ഒ അബ്ദുല്ല ചൂണ്ടിക്കാട്ടി.
ഇപ്പോൾ തിരുകേശം താൻ ആയിരം കോടി ചെലവിട്ട് കോഴിക്കോട് കൈതപ്പൊയിലിൽ തുടങ്ങുന്ന നോളജ് സിറ്റിയിൽ സ്ഥാപിക്കാനാണ് നീക്കം നടക്കുന്നത്.
മർക്കസ് മുതൽ നോളജ് സിറ്റിവരെ
എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടെങ്കിലും വാണിജ്യ-വ്യവസായ- വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനും പരിപാലിക്കുന്നതിനും, എ പി ഗ്രൂപ്പിനുള്ള മിടുക്ക് എടുത്തുപറയേണ്ടതാണ്. കാരന്തൂർ സുന്നി മർക്കസ് ഉൾപ്പെടെയുള്ള നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും, യത്തീംഖാനകളും എല്ലാം അവർ പടുത്തുയർത്തി. അതിൽ അവസാനത്തേതാണ്, ഇപ്പോൾ ആയിരം കോടിയിൽ കൈതപ്പൊയിലിൽ വരുന്ന നോളജ് സിറ്റി.
പിന്നാക്കം നിൽക്കുന്ന മുസ്ലിം സമുദായത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ കാന്തപുരം മുൻകൈയെടുത്ത് കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ സ്ഥാപിക്കാൻ പോകുന്ന ടൗൺഷിപ്പാണ് മർകസ് നോളജ് സിറ്റിയെന്നാണ് ഔദ്യോഗിക ഭാഷ്യം. 2012 ഡിസംബർ 24നാണ് ഇതിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നത്. സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ ഉദ്ഘാടനം നിർവഹിച്ചു്
1000 കോടി രൂപ ചെലവിൽ 300 ഏക്കർ സ്ഥലത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. എൻജിനീയറിങ്ങ്, മെഡിസിൻ, സയൻസ്, മാനേജ്മെന്റ് കോളേജുകൾ, ആർട്ട് കോളേജ്, ഐ.റ്റി പരിശീലന പദ്ധതി, നിയമപഠന കോളേജ് , സ്പെഷ്യൽ സ്കൂൾ തുടങ്ങിയവ അടങ്ങുന്ന എഡ്യുക്കേഷൻ സിറ്റി ഈ പദ്ധതിയുടെ ഭാഗമാണ്. നഴ്സിങ്, മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ കോളെജുകൾ; ഗവേഷണ സൗകര്യങ്ങൾ എന്നിവയുള്ള ഹെൽത്ത് സിറ്റിയും ഇവിടെ സ്ഥാപിക്കപ്പെടും. ഇസ്ലാമിക പഠനത്തിനും അറബിക് ഭാഷയ്ക്കും പ്രാമുഖ്യം നൽകുന്ന ശരിയ സിറ്റി, ഷോപ്പിങ് മാളുകൾ, ശരിയ നിയമപ്രകാരമുള്ള സ്റ്റാർ ഹോട്ടലുകൾ എന്നിവയടങ്ങിയ കൊമേഴ്സ്യൽ സിറ്റിയും ഇവിടെയുണ്ടാവും. വില്ലകളും അപ്പാർട്ടുമെന്റുകളുമുള്ള ഹെറിറ്റേജ് സിറ്റിയും സ്ഥാപിക്കപ്പെടും. ഒരു ഇന്റർനാഷണൽ സ്കൂളും ഇവിടെയുണ്ടാകും. ഇതിൽ പലതിന്റെയും പണി പൂർത്തിയായി കഴിഞ്ഞു. ചിലത് അവസാനത്തോട് അടുക്കുന്നു.
അങ്ങനെ ഇരിക്കെയാണ് രണ്ടുമാസം മുമ്പ അവിടെ ഒരു കെട്ടിടം തകർന്ന് 25പേർക്ക് പരിക്കേൽക്കുന്നത്. ഇതോടെയാണ് കെട്ടിടത്തിന് അംഗീകാരമില്ല എന്ന കാര്യം അടക്കം പുറത്താവുന്നത്. ഏഷ്യാനെറ്റ് ന്യുസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഒന്നാമത് ഇവിടെ നടക്കുന്നത് ഭൂപരിഷ്ക്കരണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഇളവുകൊടുത്ത തോട്ട ഭൂമിയാണ്, നോളജ് സിറ്റി നിൽക്കുന്നയിടം. ഇത് കരഭൂമിയാക്കി മാറ്റി കെട്ടിടം പണിയാൻ കഴിയില്ല. ഇനി ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒന്നിനും ലൈൻസില്ല. പഞ്ചായത്തിൽനിന്ന് കെട്ടിട പെർമിറ്റ് വാങ്ങിയിട്ടില്ല. ബിൽഡിങ്ങ് റൂളുകൾ ഒന്നും പാലിച്ചിട്ടില്ല.
ഇത്രയും വലിയ ഒരു നിയമലംഘനം നടന്നിട്ടും, കാന്തപുരത്തിന്റെ സ്വാധീനത്തെ ഭയന്ന് മാധ്യമങ്ങൾപോലും ഇത് കണ്ടിലെന്ന് നടിക്കയാണ്. നോളജ് സിറ്റിയിലെ നിയമലഘനം സംബന്ധിച്ച് എഷ്യാനെറ്റ് നടത്തിയ ചർച്ചയിൽ സാമൂഹിക നിരീക്ഷൻ അഡ്വ. ജയശങ്കർ ഇങ്ങനെ തുറന്നടിക്കുന്നു. ''സത്യത്തിൽ കാന്തപുരത്തെ ഭൂപരിഷ്ക്കരണ നിയമത്തിൽനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിക്കയാണ് വേണ്ടത്. അങ്ങനെയാണ് കാര്യങ്ങൾ പോകുന്നത്. മാധ്യമങ്ങൾ പോലും ഈ വിഷയത്തിൽ ഭയക്കുകയാണ്. ഷാനി പ്രഭാകന്റെ വീട് സ്ഥിതിചെയ്യുന്ന ഈങ്ങാപ്പുഴയിൽനിന്ന് നടന്നുപോകാനുള്ള ദൂരമോ ഇവിടേക്കുള്ളൂ. പക്ഷേ ഈ വിഷയത്തിൽ ഒരു 'പറയാതെ വയ്യ' ചെയ്താൽ ഷാനി വിവരം അറിയും. അത്രക്കാണ് കാന്തപുരത്തിന്റെ സ്വാധീനം. ആദ്യദിനം നോളജ് സിറ്റി അപകടം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ തൊട്ടടുത്ത ദിവസം തന്നെ, അപകടത്തിൽ പരിക്കേറ്റവർ സുഖം പ്രാപിക്കുന്ന എന്ന മോഡലിൽ പോസറ്റീവായ വാർത്തകൾ ആണ് കൊടുക്കേണ്ടി വന്നത്.''- അഡ്വ ജയശങ്കർ ചൂണ്ടിക്കാട്ടി. പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന് വ്യക്തം.
തികഞ്ഞ സ്ത്രീവിരുദ്ധർ
ഇങ്ങനെയൊക്കെ വിദ്യാഭ്യാസ പുരോഗതി, ന്യൂനപക്ഷ സംരക്ഷണം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എന്നൊക്കെ തള്ളുന്നുണ്ടെങ്കിലും തികഞ്ഞ സ്ത്രീവിരുദ്ധരാണ് ഈ ഗ്രൂപ്പ്. മുമ്പ് ഏഷ്യാനെറ്റിലെ സന്ധ്യ എന്ന ലേഖിക, അഭിമുഖം ചോദിച്ചപ്പോൾ, സ്ത്രീകളുമായി സംസാരിക്കാൻ കഴിയില്ല എന്നായിരുന്നു, സാക്ഷാൽ കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ നിലപാട്. ഇപ്പോഴും ഇവരുടെ ഒരുപരിപാടിയും സ്ത്രീ സാന്നിധ്യം ഇല്ല. എന്നിട്ടും ഇവരൊക്കെ പുരോഗമ മുസ്ലീങ്ങളായും ഇടതുപക്ഷമായും വിലയിരുത്തപ്പെടുന്നു!
പുറമേക്ക്, മതേതരത്വം, രാജ്യത്തിന്റെ അഖണ്ഡത എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും, ഉള്ളിൽ ഇസ്ലാം വിട്ട് യാതൊരു കഴിയുമില്ല ഇവർക്ക്. ഹിജാബ് വിവാദം തൊട്ട് എത് വിഷയം എടുത്തനോക്കിയാലും മതത്തിന് ഒപ്പിച്ചേ എ പിക്കാർക്ക് നിലപാട് എടുക്കാൻ കഴിയൂ. സ്ത്രീകളോട് മാത്രമല്ല, ലൈംഗിക ന്യൂനപക്ഷങ്ങളോട്, ട്രാൻസ് ജെൻഡറുകളോട് ഒക്കെ ഇതേ നിലപാടാണ് ഇവർ പ്രകടിപ്പിക്കാറ്. എന്നാൽ സമസ്ത ഔദ്യോഗിക വിഭാഗത്തിൽനിന്ന് ഭിന്നമായി അത് വൃത്തിയായി മൂടിവെക്കാൻ എ പി വിഭാഗത്തിന് അറിയാം.
എന്നിട്ടും ഇവർ വലിയ തോതിൽ എതിർക്കപ്പെടാത്തതിന്റെ പ്രധാന കാരണം അവർ അത്രയും വലിയ സാമ്പത്തിക ശക്തിയാണെന്നതാണ്. ഒ രാജഗോപാലും, ശ്രീധരൻപിള്ളയും തൊട്ടുള്ള ബിജെപി നേതാക്കൾ മർക്കസ് സന്ദർശിച്ചവർ ആണ്. ഇപ്പോഴിതാ നോളജ് സിറ്റിയിലെ നിയമ ലംഘനങ്ങൾ എതിർക്കാൻ പോലും ആരുമില്ല. അതിന്റെ മറ്റൊരു വേർഷൻ തന്നെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിലും കണ്ടത്. കാന്തപുരം വിഭാഗം ഇടഞ്ഞാൽ, പണി പാളുമെന്ന് പിണറായി വിജയന് അറിയാം. മുമ്പ് തിരുകേശം ബോഡി വേസ്റ്് ആണെന്ന് പറഞ്ഞപ്പോൾ ഉണ്ടായ സംഭവഗതികൾ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. എല്ലാറ്റിനും ഉപരി മതം എടുത്താണ് ഇവരുടെ കളി. മതത്തിനുമീതെ പരുന്തുപോയിട്ട് ഈച്ചപോലും പറക്കില്ല എന്ന് ആർക്കാണ് അറിയാത്തത്.
വാൽക്കഷ്ണം: പക്ഷേ കേരളം ഏത് രീതിയിൽ വർഗീയമായി ഭിന്നിക്കപ്പെട്ടിരിക്കുന്നുവെന്ന് ശ്രീറാം സംഭവം തെളിയിക്കുന്നു. കൊല്ലപ്പെട്ടയാൾ നായരായാൽ എൻഎസ്സ്, ഈഴവനായാൽ എസ്എൻഡിപി, ദലിതനാണെങ്കിൽ അവരുടെ സംഘടനകൾ, നസ്രാണിയായാൽ ക്രൈസ്തവസഭകൾ, മുസ്ലീമായാൽ ആ മതക്കാർ.... ഈ രീതിയിലാണ് വിലാപവും പ്രതിഷേധവും ഉയരുന്നത്. ശരിക്കും 'ദൈവത്തിന്റെ' സ്വന്തം നാട്ടിൽ തന്നെയാണ് നാം ജീവിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ