- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നർക്കോട്ടിക് ജിഹാദ് പരാമർശം കൂടുതൽ ചർച്ചയാക്കേണ്ട; ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടത്; മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിൻവലിക്കണമെന്ന് കാന്തപുരം; ലൗ ജിഹാദ് ഇസ്ലാമിൽ ഇല്ലെന്നും വ്യക്തികൾ ചെയ്യുന്ന തെറ്റെന്നും പ്രതികരണം
തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും പാലാ ബിഷപ്പ് തന്റെ പ്രയോഗം പിൻവലിക്കണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ വാദം മുസ്ലിം സമുദായത്തിന് മേൽ ഉന്നയിച്ച വ്യക്തി അത് പിൻവലിക്കണം. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം.
വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല. അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് അറിയിച്ച കാന്തപുരം ലൗ ജിഹാദ് ഇസ്ലാമിൽ ഇല്ലെന്നും വ്യക്തികൾ ചെയ്യുന്ന തെറ്റ് ആകാമെന്നും കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം തെറ്റ് ചെയ്തവർക്കെതിരേയാണ് മുഖ്യമന്ത്രി നടപടിയെടുക്കേണ്ടതെന്ന് കാന്തപുരം വിഭാഗം നേരത്തെ മുഖപത്രത്തിൽ വ്യക്തമാക്കിയിരുന്നു. പാലാ വിവാദ വിഷയത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത് സമൂഹ മാധ്യമങ്ങളെയാണ്. യഥാർഥത്തിലുള്ള കുറ്റക്കാർ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
സംഭവത്തിൽ ബിജെപി നേതാക്കൾ പാലാ, താമരശ്ശേരി ബിഷപുമാരെ സന്ദർശിച്ച് പിന്തുണ അറിയിക്കുകയും ഇരുവരും ഉയർത്തിവിട്ട വർഗീയത ആളിക്കത്തിച്ചു കൊണ്ടിരിക്കുകയുമാണെന്നും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്.
ഇസ്ലാമിൽ ലൗ ജിഹാദ് ഇല്ലെന്ന് സമസ്ത വ്യക്തമാക്കിയിരുന്നു. പ്രണയത്തിലൂടെ ഒരാളെയും ഇസ്ലാമിലേക്ക് കൊണ്ടു വരാൻ പറയുന്നില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
പാലാ ബിഷപ്പിന്റെ പരാമർശം തെറ്റ്. മതം മാറ്റാനുള്ള ഒരു ജിഹാദ് ഇസ്ലാമിൽ ഇല്ല. അങ്ങനെ ആരെങ്കിലും ചെയ്താൽ മതപരമായ പിന്തുണ ഉണ്ടാകില്ല. ഒരു മതത്തെ വേദനിപ്പിക്കുന്ന നിലപാട് മത നേതാക്കളിൽ നിന്ന് ഉണ്ടാകരുത്. ബിഷപ്പ് പറഞ്ഞതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മന്ത്രിയുടെ സന്ദർശനത്തിലൂടെ മനസ്സിലായത്.
മന്ത്രി വാസവൻ പറഞ്ഞത് സർക്കാരിന്റെ നിലപാടാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. സർക്കാരിൽ നിന്ന് ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന നിലപാടല്ല ഉണ്ടാകേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതേസമയം വിവാദം സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും കോൺഗ്രസിന്റെ അനുനയ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച വിവാദ പരാമർശങ്ങൾക്ക് പിന്നാലെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദർശിച്ച മന്ത്രി വിഎൻ വാസവനെതിരേ സമസ്തയുടെ മുഖപത്രത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുംപാറ എഴുതിയ ലേഖനത്തിൽ മന്ത്രിയെയും പാലാ ബിഷപ്പിനെയും രൂക്ഷമായാണ് വിമർശിച്ചത്.
ഇരയ്ക്കൊപ്പം നിൽക്കുന്നതിന് പകരം വേട്ടക്കാരനെ ചെന്ന് കണ്ട് ആശ്വസിപ്പിക്കുന്ന രീതിയാണ് ഉള്ളത്. ഇത് മതേതര വിശ്വാസികൾ തിരിച്ചറിയും. മന്ത്രിയുടെ സന്ദർശനം സർക്കാരിന്റെയും ഇടതുമുന്നണിയുടെയും ഔദ്യോഗിക നിലപാടാണോ എന്നറിയാൻ താൽപര്യമുണ്ട്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ സഭകൾ ലൗ ജിഹാദ് ഉയർത്തി പുകമറ സൃഷ്ടിക്കുന്നത് സമീപ കാലത്ത് ബിഷപ്പുമാരുടെ ഹോബിയായി മാറിയിട്ടുണ്ടെന്നും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.
ഒരേ നാട്ടിൽ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമം എന്നത് അനീതിയാണെന്നും ഇത് ഓരോ മതേതര വിശ്വാസിയും തിരിച്ചറിയുമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ 'വിദ്വേഷ പ്രചാരണം, വേട്ടക്കാരന് ഹലേലുയ്യ പാടുന്നവർ' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ