മലപ്പുറം: താനൂർ നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. പുതുതായി ബിജെപിയിൽ ചേർന്ന മുസ്ലിം സ്ഥാനാർത്ഥികളുടെ മൻകാല ബന്ധങ്ങളെ ചൊല്ലിയാണ് വീണ്ടു വിവാദം പുകയുന്നത്. എന്നാൽ താനാർ നഗരസഭയിലെ ബിജെപി സ്ഥാനാർത്ഥികൾക്ക് കാന്തപുരം വിഭാഗവുമായുള്ള ബന്ധം നഷേധിച്ച് കീഴ്ഘടകങ്ങളുടെ വാർത്താ കുറിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയകളിൽ കാന്തപുരത്തിന്റെ അനുയായികൾ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കുന്നെന്നതായി കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ പത്രമാദ്ധ്യമങ്ങളിലും ഓൺലൈൻ മീഡിയകളിലും ഈ വാർത്ത പ്രചരിച്ചതിന് തൊട്ടു പിന്നാലെയാണ് ബന്ധം നിഷേധിച്ചു സുന്നി യുവജന സംഘം താനൂർ സർക്കിൾ കമ്മിറ്റി രംഗത്തെത്തിയത്.

കാന്തപുരം സുന്നികളുടെ നേതൃത്വത്തിൽ കുണ്ടൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ ബിജെപി സ്ഥാനാർത്ഥികൾ ഉൾപ്പടെയുള്ളവർ വേദി പങ്കിട്ട ഫോട്ടോ പുറത്തായതുമാണ് എ.പി സുന്നികളെ പ്രതിരോധത്തിലാക്കിയത്. മർക്കസ് ഉൾപ്പടെയുള്ള കാന്തപുരം വിഭാഗത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതര സ്വഭാവം പുലർത്തുന്നതാണെന്നും, പൊതു പരിപാടികളിൽ എല്ലാ രാഷ്ട്രീയ മത വിഭാഗത്തിന്റെ പ്രധിനിധികളെ വിളിക്കാറുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.

ഫോട്ടോ പ്രചരിച്ചത് ദരുദ്ദേശപരമാണ്. കുണ്ടൂർ ഉസ്താദിന്റെ ഒമ്പതാം ഉറൂസുമായി ബന്ധപ്പെട്ട് നടന്ന സാസ്‌കാരിക സമ്മേളനത്തിൽ അഖിലേന്ത്യാ ന്യൂനപക്ഷ മോർച്ച അദ്ധ്യക്ഷൻ അഡ്വ.നസീർ ആലുവയെ ക്ഷണച്ചിരുന്നെന്നും അദ്ദേഹത്തോടപ്പം ബിജെപിയുടെ പ്രാദേശിക നേതാക്കൾ എത്തുകയായിരുന്നെന്നും എസ്.വൈ.എസ് നേതാക്കൾ പറഞ്ഞു. കുണ്ടൂർ ദർഗയിൽ ജാതി-മത രാഷ്ടീയ വ്യത്യാസമില്ലാതെ ജനങ്ങൾ എത്താറുണ്ട്. ഇത് എക്കാലത്തും നടക്കുന്നതാണ്. ഇതേ പരിപാടിയിൽ വേറെയും രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴുള്ള കുപ്രചരണം ചിലർ ദുരുദ്ദേശപരമായി ഉണ്ടാക്കുന്നതാണെന്നും എ പി വിഭാഗം പറയുന്നു. എന്നാൽ കാന്തപുരം സമസ്തയുടെ വിദ്യാർത്ഥി വിഭാഗം പ്രവർത്തകരണ് താനൂർ നാഗരസഭയുടെ വിവിധ വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കുന്നതെന്നായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നത്. എന്നാൽ ബിജെപിയിൽ പുതുതായി ചേർന്ന മുസ്ലിം സ്ഥാനാർത്ഥികൾ മറ്റു രാഷ്ട്രീയ പാർട്ടികളുമായി മുമ്പ് ബന്ധമുള്ളവരാണെന്ന് ഇവർ തന്നെ പറഞ്ഞതോടെ വിവാദം മറ്റു തലത്തിലേക്കു കൂടി എത്തുകയായിരുന്നു.

ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.പി ഷറഫുദ്ധീൻ മുമ്പ് മുസ്ലിം ലീഗിൽ പ്രവർത്തിച്ചിരുന്നതായി വാർത്ത പുറത്തു വന്നതോടെ സോഷ്യൽ മീഡിയ ഇതും ആഘോഷമാക്കുകയാണ്. ഷറഫൂദ്ധീന്റെ ലീഗ് ബന്ധം ലീഗ് നേതൃത്വം നിഷേധിക്കുന്നുണ്ടെങ്കിലും നാട്ടുകാർ ഇത് സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ബിജെപിയുമായി ചേർന്നു പ്രവർത്തിക്കുന്ന ബാദുഷാ തങ്ങളുടെ അടുത്ത ബന്ധുക്കളും ഡ്രൈവറും സഹായികളുമാണ് ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. താനൂർ നഗരസഭ വാർഡ് 16ൽ പി.മുഹമ്മദ് റഫീഖ്, 17ൽ ഷറഫുദ്ധീൻ കോതങ്ങത്ത് പറമ്പിൽ, 22 ൽ വി.മുസ്തഫ എന്നിവർ പാർട്ടി ചിഹ്നത്തിലും വാർഡ് 12ൽ മുസ്തഫ ഹാജി ബിജെപി സ്വതന്ത്രനുമായാണ് മത്സരിക്കുന്നത്. കൂടാതെ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് പൊന്മുണ്ടം ഡിവിഷനിൽ നിന്നും ജലീൽ പനയത്തിലും മത്സരിക്കുന്നു. ഈ സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളിൽ ബാദുഷ തങ്ങളുടെ ഫോട്ടോ കൂടി വച്ചാണ് വോട്ടു തേടുന്നത്.

കഴിഞ്ഞ ഒന്നര വർഷം മുമ്പായിരുന്നു താനൂർ പനങ്ങാട്ടൂർ സ്വദേശിയായ ബാദുഷാ തങ്ങൾ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയ പ്രശ്‌നങ്ങളും കുടുംബ വഴക്കും ബാദുഷാ തങ്ങളെയും അനുയായികളെയും ബിജെപിയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നത്രെ. ആത്മീയ ചികിത്സ ജീവിത മാർഗമായി കണ്ടിരുന്ന ബാദുഷാ തങ്ങളുമായി ലീഗ്, സിപിഐ(എം) പാർട്ടികൾ ഇടഞ്ഞു നിന്നിരുന്നു. എ.പി സുന്നികളും ഏറെ നാളായി തങ്ങളുമായി അകൽച്ച പാലിച്ചു വരികയായിരുന്നു. കോൺഗ്രസുമായും മുമ്പ് ഡി.ഐ.സിയുമായും അടുത്ത ബന്ധം പുലർത്തി പ്രവർത്തിച്ചിരുന്നു ബാദുഷാ തങ്ങൾ. എന്നാൽ രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും വിവിധ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനായി ബാദുഷാ തങ്ങളെ ഇപ്പോഴും സമീപിക്കുന്നുണ്ടെന്നത് മറ്റൊരു വസ്തുതയാണ്.

രണ്ട് വർഷം മുമ്പ് ബാദുഷാ തങ്ങൾക്കെതിരെ വ്യാജ ചികിത്സ നടത്തുന്നതായുള്ള പരാതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു ലഭിക്കുകയുണ്ടായി. ചികിത്സയുടെ മറവിൽ തട്ടിപ്പ് നടത്തുന്നതായും അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പൊലീസ് ബാദുശാ തങ്ങളുടെ വീട്ടിൽ പരിശോധന നടത്തുകയും തങ്ങളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് കേസ് ഇല്ലാതാക്കാൻ പല രാഷ്ട്രീയ പ്രമുഖരുടെ കാലു പിടിച്ചെങ്കിലും എല്ലാവരും കൈയൊഴിയുകയായിരുന്നു.

കേസ് ഒതുക്കാൻ വലിയ തുക ആവശ്യപ്പെട്ടും ചിലർ രംഗത്തെത്തുകയായിരുന്നു. എന്നാൽ ബാദുഷാ തങ്ങൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ച ഈ കേസിൽ തങ്ങളോടൊപ്പം നിൽക്കുകയും സ്റ്റേഷനിൽ നിന്നും ജ്യാമ്യത്തിലിറക്കുന്നതിനുമെല്ലാം ബിജെപി നേതാക്കളായിരുന്നു സഹായിച്ചിരുന്നത്. ബിജെപി ദേശീയ കൗൺസിലർ കൂടിയായ ജനചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ബാദുഷാ തങ്ങൾക്കുള്ള സഹായ സഹകരണങ്ങൾ ചെയ്തിരുന്നത്. ഇതിനു ശേഷം ബിജെപി, ആർ.എസ്.എസ് പ്രവർത്തകർ തങ്ങളുടെ ഇഷ്ടക്കാരാകുകയും ബാദുഷാ തങ്ങളുമായി ബന്ധപ്പെട്ട ഏതാനും പേരെ കൂടി ബിജെപിയിലേക്ക് ചേർക്കുകയുമായിരുന്നു.

ബാദുഷാ തങ്ങളുടെ നേതൃത്വത്തിൽ പത്തിലധികം പേർ ഈ പ്രദേശത്ത് മാത്രം ബിജെപിയിൽ ചേർന്നതായും തങ്ങൾക്കെതിരെ ഉണ്ടാ കേസിൽ മറ്റു പാർട്ടികൾ സാഹിച്ചില്ലെന്നും താനൂർ നഗരസഭി 16ാം വാർഡ് ബിജെപി സ്ഥാനാർത്ഥിയും ബാദുഷാ തങ്ങളുടെ ചികിത്സാ സഹായിയുമായ മുഹമ്മദ് റഫീഖ് മറുനാടൻ മലയാളിയോടു പറഞ്ഞു. ബിജെപി മാത്രമായിരുന്നു തങ്ങളെ സഹായിക്കാനുണ്ടായിരുന്നത്. ഇപ്പോൾ ഞങ്ങൾ പ്രത്യേക സംഘടനയുമായും പാർട്ടികളുമായും ബന്ധമുണ്ടെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.