കോഴിക്കോട്: ഇടത്താണോ, വലത്താണോയെന്ന് പിടിതരാതെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിൽക്കുന്നത് ഇതിനൊക്കെ വേണ്ടി തന്നെയാണ്. ആരു ജയിച്ചാലും തന്റെ സംരംഭങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകരുത്. അതുതന്നെയാണ് ഇപ്പോൾ സംഭവിക്കുന്നതും. തിരുകേശപള്ളി നീക്കം പൊളിഞ്ഞതോടെ കാന്തപുരം ഉയർത്തിക്കൊണ്ടുവന്ന കോഴിക്കോട് കൈതപ്പൊയിലിലെ നോളജ് സിറ്റിയിൽ ഏക്കറുകണക്കിന് വയലുകൾ നികത്തുന്നതിൽ ആർക്കും പരാതിയില്ല.

ഇക്കഴിഞ്ഞ വ്യാഴാഴ്ച കോടഞ്ചേരി പഞ്ചായത്തിലെ കൈതപ്പൊയിലിൽ നോളജ് സിറ്റി നിർമ്മിക്കുന്ന പ്രദേശത്ത് വയൽനികത്താനുള്ള നീക്കം റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞത് ആർക്കും വാർത്തയായതുമില്ല. കോഴിക്കോട് സബ്കലക്ടർ കെ. ഗോപാലകൃഷ്ണൻ, താമരശ്ശേരി തഹസിൽദാർ വി എം. അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലത്തെിയ ഉദ്യോഗസ്ഥ സംഘമാണ് തടഞ്ഞത്. രാത്രി വയൽനികത്തുന്നതായി നാട്ടുകാരിൽ ചിലർ സബ് കലക്ടർക്ക് വിവരം നൽകിയതിനെ തുടർന്നായിരുന്നു നടപടി. ഒരു ജെ.സി.ബി, രണ്ടു ടിപ്പറുകൾ, ഒരു ഹിറ്റാച്ചി, ഒരു മോട്ടോർ സൈക്കിൾ എന്നിവ കസ്റ്റഡിയിലെടുത്തു. നോളജ് സിറ്റി നിർമ്മിക്കുന്ന 125 ഏക്കറോളം വരുന്ന സ്ഥലത്തെ ഒന്നരയേക്കർ വയൽ മണ്ണിട്ട് നികത്താനായിരുന്നു നീക്കം.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോഴേക്കും അരയേക്കറോളം വയൽ നികത്തിയിരുന്നു.നോളജ് സിറ്റി നിലനിൽക്കുന്ന സ്ഥലം വനഭൂമിയാണെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു.എന്നാൽ കടുത്ത രാഷ്ട്രീയ സമ്മർദം മൂലം തുടർ നടപടികൾ ഒന്നും എടുത്തിട്ടില്ല എന്നാണ് അറിയുന്നത്.

അതിനിടെ ഈയിടെ കാന്തപുരം രാഷ്ട്രീയ സമദൂരം തുടരുകയുമാണ്.നിയമസഭ തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും നോളജ് സിറ്റിയെ സഹായിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞു. തിരുവമ്പാടിയിൽ സുന്നി സംഘടനകൾ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി എം. ഉമ്മർ മാസ്റ്റർ, എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോർജ് എം. തോമസ്, എം.ഐ. ഷാനവാസ് എംപി എന്നിവരെ വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പരാമർശം.

നോളജ് സിറ്റി തിരുവമ്പാടി നിയോജക മണ്ഡലത്തിലാണെന്ന കാര്യവും അദ്ദേഹം ചൂണ്ടികാട്ടി. നോളജ് സിറ്റി വനഭൂമിയാണെന്നാണ് വിമർശകർ പറയുന്നത്. അത് ശരിയല്ല.സ്ഥാപനത്തിന്റെ ഉദ്ഘാടനം എപ്പോഴാണെന്ന കാര്യം വെളിപ്പെടുത്തുന്നില്‌ളെന്നും കാന്തപുരം പറഞ്ഞു.