കോഴിക്കോട്: നിർബന്ധിത മതപരിവർത്തന മേളകൾക്കെതിരെ ആഞ്ഞടിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മർകസു സഖാഫത്തി സുന്നിയ്യ 37ാംമത് വാർഷിക സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മത പരിവർത്തനത്തിനെതിരെ പൊതുജന വികാരം ഉയർത്തിക്കൊണ്ടു വരാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് നിർബന്ധിത മതപരിവർത്തന മേളകളെന്നും അദ്ദേഹം പറഞ്ഞു. മത പരിവർത്തനം നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോൾ മതപരിവർത്തന മേളകൾ സംഘടിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ ഇതിൽ വൈരുദ്ധ്യം തോന്നാമെങ്കിലും മത പരിവർത്തനം എന്നത് നിയമം മൂലം നിരോധിക്കുന്നതിലേക്ക് കൊണ്ടെത്തിക്കലാണ് ഇവരുടെ ലക്ഷ്യം.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തന്നെ ദുർബലപ്പെടുത്തുന്ന കാര്യങ്ങളെ സർക്കാർ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിച്ച് മതത്തിലേക്ക് ആളുകളെ ചേർക്കേണ്ട ആവശ്യം ഇസ്ലാമിനില്ല. ഏതെങ്കിലും വിധത്തിലുള്ള ബലമോ പ്രലോഭനമോ ഉപയോഗിച്ചുള്ള നിർബന്ധിത പരിവർത്തനം ഇസ്ലാമിൽ സ്വീകാര്യമില്ല. അങ്ങനെ മതത്തിൽ എത്തുന്നയാളെ വിശ്വാസിയായി പരിഗണിക്കേണ്ടതില്ല എന്നതാണ് ഇസ്ലാമിന്റെ നിലപാട്. കേരളത്തിൽ ഇത്തരം പ്രവണതകൾ സമൂഹം അനുവദിക്കില്ല.

മതത്തിലേക്ക് നിർബന്ധിപ്പിച്ച് ആളെ ചേർത്തുംഎണ്ണം വർദ്ധിപ്പിക്കുന്നതിനു പകരം വിശ്വാസികളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികളെ കൈകൊള്ളുന്നതിനു എല്ലാ മത നേതൃത്വങ്ങളും തയ്യാറാകണം. മത നേതൃത്വത്തിൽ മത പണ്ഡിതന്മാരും ആത്മീയാചാര്യാന്മാർക്കും പകരം രാഷ്ട്രീയ നേതാക്കൾ എത്തിയതിന്റെ പരിണിത ഫലമാണ് ഇത്തരം നിർബന്ധിത മത പരിവർത്തന മേളകളെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

നാല് ദിവസം നീണ്ടുനിന്ന പ്രൗഢ സദസ്സുകൾക്ക് സമാപ്തി കുറിച്ചാണ് ഇന്നലെ മർകസിൽ നടന്ന ജന ലക്ഷങ്ങളുടെ സംഗമം. അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനം എന്ന പേരിലായിരുന്നു സമാപന സമ്മേളനം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും പ്രഭാഷകരും ഒത്തു ചേരുന്ന വിശ്വമാനവ സംഗമത്തിനായിരുന്നു കോഴിക്കോട് സാക്ഷ്യം വഹിച്ചത്.

അന്താരാഷ്ട്ര തലത്തിൽ സുന്നി ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ കോർത്തിണക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ നാല് വർഷമായി അന്താരാഷ്ട്ര സമ്മേളനങ്ങൾ മർകസിന്റെ കീഴിൽ നടത്തിവരുന്നത്. സമ്മേളനം റിപ്പോർട്ട് ചെയ്യാൻ വിദേശമാദ്ധ്യമങ്ങളുൾപ്പടെ ദേശീയ മാദ്ധ്യമങ്ങളും മർകസിലെത്തി. ഇന്ത്യയിൽ പി.ടി.ഐക്കു സമാനമായ യു.എ.ഇ വാർത്താ ഏജൻസിയായ വാം, ഉത്തരേന്ത്യയിലെ പ്രമുഖ മാദ്ധ്യമ സ്ഥാപനമായ സഹാറ എന്നിവയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

മത പഠനത്തിലും പള്ളി ദർസുകളിലും ഒതുങ്ങിക്കൂടിയ ഒരുസമൂഹത്തെ വൈജ്ഞാനിക വെളിച്ചത്തിന്റെ പടവുകൾ കയറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ മൂന്നര പതിറ്റാണ്ട് മുമ്പ് മർകസെന്ന വൈജ്ഞാനിക വിപ്ലവത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തുടക്കം കുറിക്കുകയായിരുന്നു. മുപ്പത്തി ഏഴ് വർഷത്തിന് ശേഷം അസൂയവഹമായ വളർച്ചയായിരുന്നു സ്ഥാപനം കൈവരിച്ചത്. കേരളത്തിനു പുറത്തെ വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും മർകസിനു കീഴിൽ അനേകം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, വാസം തുടങ്ങി സമൂഹ വിനിമയത്തിന്റെ മുഴുവൻ മേഖലകളും ഉൾക്കൊണ്ട് കോഴിക്കോട്ട് നിന്നും 40 കിലോമീറ്റർ അകലെ 126 ഏക്കറിൽ വിസ്തൃതിയിൽ ആരംഭിച്ച മർകസ് നോളജ് സിറ്റി നാടിനും സമൂഹത്തിനും ഏറെ പ്രതീക്ഷകൾ നൽകിയാണ് 37ാമത് മർകസ് വാർഷിക സമ്മേളനം കടന്ന് പോകുന്നത്.