കോഴിക്കോട്: എന്നും കേരള മുസ്‌ലീം രാഷ്ട്രീയത്തിലെ വിവാദ പുരഷനാണ് കാന്തപുരം എ.പി അബൂബക്കർ മുസലിയാർ. തെരഞ്ഞെടുപ്പ്കാലത്തുപോലും ഏതെങ്കിലും ഒരു മുന്നണിക്ക് നേരിട്ട് പിന്തുണ വ്യക്താമക്കാതെ ചില സൂചനകളിലുടെ അണികൾക്ക് സന്ദേശം നൽകുകയാണ് കാന്തപുരത്തിന്റെ രീതി.

എന്നാൽ വികസനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ചല സൂചനകൾ ഗെയിൽ സമരത്തിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്റെ അനുയായികളെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. മർകസ് റൂബി ജൂബിലിയോടനുബന്ധിച്ച് 'വികസനത്തിന്റെ ജനപക്ഷം' സെമിനാറിൽ അധ്യക്ഷത വഹിച്ച് കാന്തപുരം വ്യക്തമാക്കിയ തന്റെ വികസന നിലപാടാണ് ഗെയിൽ സമര രംഗത്തുള്ള അനുയായികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്.

ഗെയിൽ പൈപ്പ്‌ലൈൻ ജനവാസ മേഖലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ വികസനം കൊണ്ടുവരാൻ ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവരുമെന്ന കാന്തപുരത്തിന്റെ പരാമർശമാണ് വിവാദമുണ്ടാക്കിയത്. ഗെയിൽ എന്ന് പേരെടുത്തു പറഞ്ഞില്ലെങ്കിലും ലക്ഷക്കണക്കിനു ജനങ്ങൾക്ക് വികസനം കൊണ്ടുവരാൻ പതിനായിരങ്ങൾ കുറച്ച് ബുദ്ധിമുട്ടേണ്ടിവരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ജനങ്ങൾ ഭൂമി വിട്ടുകൊടുക്കുകയും കെട്ടിടങ്ങൾ പൊളിച്ചുനൽകുകയും വേണം. ഭൂമി നൽകില്ലെന്ന് പറഞ്ഞാൽ നാട്ടിൽ വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ നിലപാടിനെ പിന്തുണച്ചാണ് പിന്നീട് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ എംഎ‍ൽഎ സംസാരിച്ചത്. ഗെയിൽ പദ്ധതി കേരളത്തിനു ഗുണകരമാണെന്നും ബുദ്ധിമുട്ടുകൾ പരിഹരിച്ചു പദ്ധതി നടപ്പാക്കണമെന്നും ജയരാജൻ പറഞ്ഞു.

മുമ്പ്, ഗെയിൽ പദ്ധതിക്കെതിരെ കാന്തപുരം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ലക്ഷക്കണക്കിനു ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലൂടെ പൈപ്പ്‌ലൈൻ സ്ഥാപിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കടൽ തീരത്തുകൂടി പൈപ്പിടാൻ ചെലവ് കൂടുമെങ്കിൽ പരിഹാരം മനുഷ്യരെ കൊല്ലലാണോ എന്നും ചോദിച്ചിരുന്നു. ജനങ്ങൾക്ക് ഉപദ്രവമില്ലാത്ത പ്രദേശങ്ങളിലൂടെ മാത്രമേ പൈപ്പ് കൊണ്ടുപോകാവൂ എന്നും ആവശ്യപ്പെട്ടിരുന്നു.

ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ ഇരകളായ കാന്തപുരം വിഭാഗം പ്രവർത്തകർ സജീവമായി സമരരംഗത്തുണ്ട്. എരഞ്ഞിമാവിൽ പൊലീസ് അതിക്രമത്തിനിടെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.കെ. ഇസ്മായിൽ വഫയെ പൊലീസ് വീട്ടിൽ കയറി മർദിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അതേസമയം ഗെയിൽവിരുദ്ധസമരം അനാവശ്യമാണെന്ന് ഇ.പി. ജയരാജൻ എംഎ‍ൽഎ അഭിപ്രായപ്പെട്ടുവെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അതിനെ പിന്തുണച്ചു എന്നുമുള്ള രീതിയിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഓഫിസ് അറിയിച്ചു. മർകസ് 40ാം വാർഷികത്തോടനുബന്ധിച്ചുനടത്തിയ സെമിനാറിൽ ഇ.പി. ജയരാജൻ പ്രസംഗിക്കുന്നതിന് അരമണിക്കൂർ മുമ്പ് കാന്തപുരം നടത്തിയ അധ്യക്ഷപ്രസംഗത്തിൽ ഗെയിൽവിരുദ്ധസമരത്തെയോ ഗെയിൽ പദ്ധതിയെയോ പരാമർശിക്കുകപോലുമുണ്ടായിട്ടില്ല.

ഗെയിൽ ഇരകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും കാന്തപുരം പലതവണ വ്യക്തമാക്കിയതാണ്. തെറ്റായ രീതിയിൽ വാർത്ത നൽകിയ രീതിയെ അപലപിക്കുന്നുവെന്നും ഓഫിസ് അറിയിച്ചു.