- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷ് പറഞ്ഞ ആ സ്യൂട്ട്കേസിൽ എന്തായിരുന്നു? കാന്തപുരം മൗനം പാലിക്കുന്നത് കൂടുതൽ സംശയത്തിനിട നൽകുന്നു; ഉസ്താദ് അങ്ങയുടെ മുൻകാല ചെയ്തികൾ പലതും ദുരുഹമാണ്; എന്തിനാണ് ആ 'തിരുമുടികൾ' അന്ന് കൊണ്ട് വന്നിരുന്നത്? മറുപടി തേടി അബ്ദുൽ ഹമീദ് ഫൈസി
കോഴിക്കോട്: ജലീലിന് സമാനമായി കാന്തപുരം എ പി അബൂബക്കർ മുസലിയാരും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. കാന്തപുരത്തിനു വേണ്ടി കോൺസുൽ ജനറലിന്റെ ഓഫീസ് വഴി സ്യൂട്ട്കേസുകൾ കോഴിക്കോട്ടേക്ക് എത്തിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചിരുന്നു,
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മറുപടി പറയണമെന്ന് സുന്നി യുവ ജനസംഘം സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ആവശ്യപ്പെട്ടു. സ്വപ്ന സുരേഷ് പറഞ്ഞ ആ സ്യൂട്ട്‌ക്കേസിൽ എന്തായിരുന്നു. സ്വപ്ന പറയുന്നത് വാസ്തവവിരുദ്ധമാണോ?. ഈ ആരോപണത്തിൽ കാന്തപുരവും സംഘടനയും മൗനം പാലിക്കുന്നത് കൂടുതൽ സംശയത്തിനിട നൽകുന്നുവെന്നും ഹമീദ് ഫൈസി ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.
അബ്ദുൽ ഹമീദ് ഫൈസിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:
ആ പെട്ടിയിൽ എന്തായിരുന്നു...?
ബഹു.കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് കോൺസുൽ ജനറലിന്റെ ഓഫീസ് വഴി പൊലീസ് പ്രൊട്ടക്ഷനിൽ ഏതാനും സ്യൂട്ട്‌കേസുകൾ കോഴിക്കോട് മർകസിൽ എത്തിച്ചുവെന്ന് സ്വർണ്ണക്കടത്ത്കേസ് പ്രതി സ്വപ്ന സുരേഷ്.
ആ സ്യൂട്ട്‌കേസുകളിൽ എന്തായിരുന്നു...? സ്വപ്ന പറയുന്നത് വാസ്തവവിരുദ്ധമാണോ...? ആദരണിയനായ കാന്തപുരവും തന്റെ സംഘടനയും മൗനം പലിക്കുന്നത് കൂടുതൽ സംശയത്തിനിട നൽകുന്നു.
ഉസ്താദ് അങ്ങയുടെ മുൻകാല ചെയ്തികൾ പലതും ദുരുഹമാണ്. എന്തിനാണ് ആ 'തിരുമുടികൾ' അന്ന് കൊണ്ട് വന്നിരുന്നത്...?
നരേന്ദ്ര മോദിയുടെ സൂഫി സമ്മേളനത്തിൽ പങ്കെടുത്തത് എന്തിനായിരുന്നു...?
സ്വർഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന ആൾ താങ്കളാണെന്ന് അരുമശിഷ്യന്മാർ പറഞ്ഞപ്പോൾ മൗനസമ്മതം നൽകിയത് എന്തിനായിരുന്നു...?
ഔലിയാക്കളുടെ തലവൻ താങ്കളാണെന്ന് പറഞ്ഞപ്പോഴും താങ്കൾ മൗനം പാലിച്ചു. കാന്തപുരം അറിയാതെ ഇനി അള്ളാഹു ഒന്നും ചെയ്യില്ലെന്ന് സ്വന്തക്കാർ പ്രവചിച്ചപ്പോൾ പോലും താങ്കൾ അതിന് എല്ലാ സൗകര്യവും ചെയ്തുകൊടുത്തു.
ഇന്നിപ്പോൾ താങ്കളുടെ ശിഷ്യന്മാർ മഹാനായ മടവൂർ ശൈഖിനെ കുറിച്ച് കെട്ടിച്ചമച്ച കള്ള കറാമത്ത് കഥകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ആളുകൾ ഇസ്ലാമിൽ നിന്ന് തന്നെ പുറത്തുപോയി കൊണ്ടിരിക്കുന്നു. പരപ്പനങ്ങാടിയിൽ മാത്രം രണ്ട് പേർ മതനിഷേധികൾ ആയി. സുന്നികളെ രണ്ടാക്കിയ കുറ്റഭാരം ഏറെ ഗുരുതരമാണ്. തെറ്റുകൾ തിരുത്താൻ ഇനിയും കഴിയും. ജീവിച്ചിരിക്കുന്ന സമയം ബുദ്ധിമാനായ താങ്കൾ ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിക്കട്ടെ...
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
24.07.2022
സ്വപ്‌ന പറഞ്ഞത്:
മുഖ്യമന്ത്രി, കെ ടി ജലീൽ, എം ശിവശങ്കർ, കടകംപള്ളി സുരേന്ദ്രൻ, കാന്തപുരം അബൂബക്കർ എന്നിവർ അടങ്ങിയ വിവിഐപി സംഘം ഷേയ്ഖ് സായിദ് ഇന്റർനാഷനൽ പീസ് കോൺഫറൻസിനു വേണ്ടി എത്തുമെന്ന് മർക്കസ് ഞങ്ങളെ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം അറിയാതെയാണ് ഇങ്ങനെയൊരു നിർദ്ദേശം ലഭിച്ചത്. അവിടത്തെ നമ്മുടെ കോൺസൽ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്കേസ് തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് കാന്തപുരത്തിനു വേണ്ടി എത്തിച്ചു. അതിനു വേണ്ട പൊലീസ് എസ്‌കോർട്ടിനു വേണ്ടി പൊലീസ് എഡിജിപിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ