കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലം അടുക്കാനിരിക്കെ പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. എക്കാലത്തും കേരള സമൂഹത്തിൽ ചർച്ചാ വിഷയമായിരുന്നു കാന്തപുരത്തിന്റെയും അനുയായികളുടെയും രാഷ്ട്രീയച്ചായ്‌വുകൾ. മുസ്ലിം സമുദായത്തിൽ പ്രബല വിഭാഗമായ സമസ്തയിലുണ്ടായ പിളർപ്പ് ചില പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കു കൂടി കളമൊരുങ്ങുന്നതായിരുന്നു.

വിവിധ കാലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കാന്തപുരത്തിന്റെ നിലപാടുകൾക്കായി രാഷ്ട്രീയ കേരളം കാതോർത്തിരുന്നു. എന്നാൽ എവിടെയും തൊടാതെയുള്ള ഉസ്താദിന്റെ നിലപാടുകൾ എതിരാളികൾക്ക് എന്നും ആയുധമായിരുന്നു. എപി സുന്നികൾക്കെതിരെ അരിവാൾ സുന്നികളെന്ന ആരോപണം പിളർപ്പിന്റെ കാലംമുതലേ ആരംഭിച്ചിരുന്നു.

2006ൽ കേരളാ നിയമസഭയിലേക്ക് നടന്ന തിഞ്ഞെടുപ്പിൽ ലീഗിനേറ്റ കനത്ത തോൽവിയോടെ കാന്തപുരം വിഭാഗത്തിന് അരിവാൾ സുന്നിയെന്ന മുദ്ര ചാർത്തപ്പെട്ടു. തിരഞ്ഞെടുപ്പുകൾക്ക് ശേഷം അവസരവാദപരമായ നിലപാടുകളെടുക്കുന്നത് പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കി.
2008നു ശേഷം എപി സുന്നികൾക്കിടയിൽ വലതുപക്ഷ കാറ്റ് വീശിത്തുടങ്ങി. ലീഗ് നേതാക്കൾ രഹസ്യമായും പരസ്യമായും കാന്തപുരത്തെ കാണാനെത്തുന്നതും മർക്കസ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയതും ഇതേ കാലയളവിൽ തന്നെയായിരുന്നു.

ഏറെ വൈകാതെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുപരിധിവരെയും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിധിയില്ലാതെയും ഉസ്താദും അനുയായികളും യുഡിഎഫിന് അനുകൂലമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ രാഷ്ട്രീയ നിലപാട് വെളിവാക്കുന്ന അഭിമുഖ സമാഹരത്തിന്റെ പുസ്തകം പുറത്തിറങ്ങിയത്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോട് എല്ലാ കാലത്തും സമദൂര സിദ്ധാന്തമായിരുന്നെങ്കിലും സിപിഎമ്മിനോട് സുന്നികൾക്ക് പ്രത്യേക കടപ്പാടുണ്ടെന്നും കാന്തപുരം അഭിമുഖത്തിൽ വ്യക്തമാക്കുന്നു. എസ്.വൈ.എസ് പ്രസിദ്ധീകരണ വിഭാഗമായ റീഡ് പ്രസ്സിന്റെ പ്രഥമ പുസ്തകത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി ഡോ.എ.പി.ജെ അബ്ദുൽ കലാം, കെ.പി മോഹനൻ, വേണു ബാലകൃഷ്ണൻ, താഹാ മടായി, പി.ടി നാസർ, ഒ.എം തരുവണ, മുസ്തഫ പി. എറയ്ക്കൽ, നുഐമാൻ, ഡോ.അസീസ് തരുവണ, എ.ജെ ജയറാം തുടങ്ങിയ പ്രമുഖർ നടത്തിയ സംഭാഷണ സമാഹാരമായ മതം ദേശം സമുദായം എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം മർകസ് സമ്മേളന വേദിയിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. 2011ലെ തിരഞ്ഞെടുപ്പിന് ശേഷം സിപിഐ(എം) നേതാക്കൾ കാന്തപുരം വിഭാഗത്തിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് നന്നേ കുറവായിരുന്നു. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 37ാമത് മർകസ് വാർഷിക സമ്മേളനത്തിൽ സിപിഐ(എം) നേതാക്കളുടെ വൻ പ്രവാഹം തന്നെയായിരുന്നു.
സമസ്തയിലെ പിളർപ്പിന് ശേഷം പ്രവർത്തകർ വലിയ അക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ പലയിടങ്ങളിലും സിപിഐ(എം) സഹായിച്ചിട്ടുണ്ട്. ആ കടപ്പാട് അവരോട് ഞങ്ങൾക്കുണ്ടെന്നും നുഐമാൻ നടത്തിയ അഭിമുഖത്തിലൂടെ കാന്തപുരം വ്യക്തമാക്കുന്നു.

സംരക്ഷണം വേണ്ടവരാണ് ഗുജറാത്തിനെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് എന്ന പിണറായി വിജയന്റെ പ്രസ്ഥാവനയെ കുറിച്ച് ചോദിച്ചപ്പോൾ, നിരുത്തരവാദപരമായി വരുന്ന പത്രവാർത്തകളെ അടിസ്ഥാനമാക്കി പ്രസ്ഥാവനകൾ നടത്തുന്നത് നല്ല രാഷ്ട്രീയ നേതാക്കൾക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളോടുണ്ടായ അകലവും അടുപ്പവും മാത്രമാണ് ലീഗുമായിട്ടുണ്ടായിരുന്നത്. പക്ഷെ, മുസ്ലിങ്ങളുടെ മൊത്തം ചെലവിൽ വഹാബിസം വളർത്താൻ സൗകര്യം ചെയ്തുകൊടുത്തത് ലീഗിനോടുള്ള നിലപാട് കടുപ്പിക്കാൻ കാന്തപുരം സുന്നികളെ നിർബന്ധിതമാക്കുകയായിരുന്നു. ലീഗിലെ തൊണ്ണൂറ് ശതമാനം അണികളും സുന്നികളാണെന്നിരിക്കെ നേതാക്കളിൽ അധികവും വഹാബികളാണെന്നതാണ് കാന്തപുരം വിഭാഗത്തെ ലീഗുമായി വിയോജിപ്പുണ്ടാകാനുള്ള അടിസ്ഥാനമെന്നും അദ്ദേഹം തുറന്നടിക്കുന്നു. പുസ്തകത്തിൽ ബിജെപി, ആർഎസ്എസ് തുടങ്ങിയവരുമായുള്ള കാന്തപുരത്തിന്റെ നിലപാടുകളും വ്യക്തമാക്കുന്നു.