- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര അംഗീകാരം ലഭിച്ചാലും സ്വന്തം നാട്ടിൽ ചിത്രം പ്രദർശിപ്പിക്കണമെങ്കിൽ കടമ്പകൾ ഏറെ; തിയറ്റർ കോക്കസിനെ പൊളിച്ചത് പുതിയ കെഎസ്എഫ്ഡിസി മാനേജ്‌മെന്റ്; മാറേണ്ടത് ചിലരുടെ മനോഭാവം: കന്യക ടാക്കീസിന്റെ സംവിധായകൻ മനോജിനു പറയാനുള്ളത്
കന്യക ടാക്കീസ്- ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തെയും തിയറ്റർ സമരത്തെയും നേരിട്ട് റമദാൻ നോമ്പുകാലത്തും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രം. തിയറ്ററിൽ സാധാരണ പ്രേക്ഷകർക്കു മുന്നിലെത്താൻ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയ ശ്രമങ്ങളൊന്നും വെറുതെയായില്ല എന്ന് ഈ ചിത്രത്തിന്റെ വിജയം തെളിയിക്കുന്നു. ചലച്ചിത്രോത്സവത്തിൽ പ്രദർശി
കന്യക ടാക്കീസ്- ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തെയും തിയറ്റർ സമരത്തെയും നേരിട്ട് റമദാൻ നോമ്പുകാലത്തും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രം. തിയറ്ററിൽ സാധാരണ പ്രേക്ഷകർക്കു മുന്നിലെത്താൻ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയ ശ്രമങ്ങളൊന്നും വെറുതെയായില്ല എന്ന് ഈ ചിത്രത്തിന്റെ വിജയം തെളിയിക്കുന്നു.
ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചാൽ 'അവാർഡു ചിത്ര'മെന്ന ലേബൽ പതിപ്പിച്ചു മാറ്റി നിർത്തുന്ന വിഭാഗക്കാർക്കും സൂപ്പർ താര ചിത്രങ്ങൾക്കു മാത്രം പ്രാധാന്യം നൽകുന്ന തിയറ്റർ ഉടമകൾക്കും വിതരണക്കാർക്കും ചുട്ട മറുപടി കൊടുത്തുകൊണ്ടാണ് കന്യക ടാക്കീസ് ഇപ്പോൾ മുന്നേറുന്നത്.
രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മികച്ച ചിത്രങ്ങൾക്കു പലതിനും തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അവസരം ലഭിക്കാതെ കടുത്ത അവഗണന നേരിടുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളത്. മറ്റു ഭാഷകളിൽ നിന്നുള്ള ഇത്തരം ചിത്രങ്ങൾ പോലും കേരളത്തിൽ റിലീസ് ചെയ്യുമ്പോഴാണ് മലയാള ചിത്രങ്ങളുടെ ദയനീയാവസ്ഥ. എങ്കിലും ഇത്തരം പ്രതിസന്ധികളെല്ലാം മറികടന്ന് തിയറ്ററുകളിൽ മൂന്നാഴ്ച പിന്നിടുകയാണ് കന്യക ടാക്കീസ്. ചിത്രം തീയറ്ററിലെത്തിക്കാൻ ഏറെ കടമ്പകളാണ് അണിയറ പ്രവർത്തകർക്കു കടക്കേണ്ടി വന്നത്. പിന്നിട്ട വഴികളെക്കുറിച്ച് കന്യക ടാക്കീസിന്റെ സംവിധായകൻ കെ ആർ മനോജ് മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു.
- 2013ൽ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് കന്യക ടാക്കീസ്. തിയറ്ററുകളിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞത് രണ്ടു വർഷങ്ങൾക്കുശേഷവും. ചിത്രത്തിനു മുന്നിലെ വാതിലുകൾ അടഞ്ഞത് എങ്ങനെയാണ്?
2013 ഓഗസ്റ്റിലാണ് കന്യക ടാക്കീസ് പൂർത്തിയാക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിച്ചു. ഇത്തരം ചിത്രങ്ങൾക്ക് രണ്ടുവർഷത്തോളം റിലീസ് ചെയ്യാൻ സമയം ലഭിക്കും. അതിനാൽ തന്നെ റിലീസിങ് വൈകി എന്നു പറയാനാകില്ല. എന്നാൽ, കേരളത്തിൽ ഇത്തരം സിനിമകൾ റിലീസ് ചെയ്യപ്പെടാതിരിക്കാനുള്ള അന്തരീക്ഷമാണുള്ളത്.
കെഎസ്എഫ്ഡിസിയിൽ മുമ്പുണ്ടായിരുന്ന മാനേജ്‌മെന്റ്, പ്രത്യേകിച്ച് സിനിമകൾ തിയറ്ററുകളിലേക്ക് ചാർട്ട് ചെയ്തിരുന്നവർ കടുത്ത അവഗണനയാണ് ഇത്തരം ചിത്രങ്ങളോടു കാട്ടിയിരുന്നത്. പ്രമുഖ തിയറ്ററുകൾ ഉടമകളും ഇത്തരം സിനിമകൾ പരിഗണിക്കില്ല. 'അവാർഡു സിനിമകൾ ജനം സ്വീകരിക്കില്ല' എന്ന പഴയ സങ്കൽപ്പം വച്ചുപുലർത്തുന്നവരാണിവർ. ഫെസ്റ്റിവലിൽ പോയ സിനിമകൾ നമുക്കുവേണ്ട എന്ന നിലപാടാണ് ഇത്തരക്കാർക്കുള്ളത്. കുത്തക ചാനലുകൾ പോലും അത്തരത്തിലാണ് ചിന്തിക്കുന്നത്. അവർക്കും ചാനലുകളിൽ പ്രദർശിപ്പിക്കാൻ സൂപ്പർ സ്റ്റാറുകളുടെ പടം മതി. വിതരണക്കാരിലും ഈ മനോഭാവമാണുള്ളത്. പേരുള്ള ബാനറുകളുടെയും മറ്റും ചിത്രങ്ങൾക്കു മാത്രമേ പ്രേക്ഷകരുണ്ടാകൂ എന്ന എന്ന മിഥ്യാധാരണയാണ് ഇവർക്കൊക്കെയുള്ളത്.
എന്നാൽ, കെഎസ്എഫ്ഡിസി കൂടി ഈ ധാരണ വച്ചുപുലർത്തിയപ്പോഴാണ് സ്ഥിതി വളരെ മോശമായത്. സർക്കാർ തലത്തിലുള്ള ഏജൻസ്ി കമേഴ്‌സ്യൽ സിനിമ മാത്രം ചാർട്ടു ചെയ്യുന്ന ഏജൻസിയായി മാറുകയാണുണ്ടായത്.[BLURB#1-VL]
- അന്യഭാഷയിലുള്ള ഇത്തരം ചിത്രങ്ങൾ പോലും സ്വീകരിക്കപ്പെടുമ്പോൾ മലയാളത്തിന് എന്തുകൊണ്ട് സ്വന്തം നാട്ടിൽ അവഗണന?
പിവിആർ പോലുള്ള മൾട്ടിപ്ലക്‌സ് തിയറ്ററുകൾ വരെ ഇത്തരം സിനിമകൾക്കു പ്രത്യേക സ്ലോട്ട് ഉണ്ടാക്കി പ്രദർശനം നടത്തുന്നുണ്ട്. ഇതുകാണാൻ ആളുകളും എത്താറുണ്ട്. ദേശീയ പുരസ്‌കാരം കിട്ടിയ മറാത്തി സിനിമ 'കോർട്ട്' കൊച്ചിയിലെ പിവിആറിലും റിലീസ് ചെയ്തിരുന്നു. എന്നാൽ, ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തു എന്നതു കൊണ്ടു മാത്രം ഇവിടെയുള്ള പരമ്പരാഗത ധാരണക്കാർ കേരളത്തിൽ നിന്നുള്ള ചിത്രങ്ങളെ അവഗണിക്കുകയാണ്. കാണാൻ പ്രേക്ഷകരുണ്ടെന്ന വസ്തുത പോലും പരിഗണിക്കാതെയാണ് സ്ഥാപിത താൽപര്യക്കാർക്കായി ഇത്തരം ചിത്രങ്ങളെ പുറന്തള്ളുന്നത്.
- ഇതിനെതിരായ പ്രതിഷേധങ്ങൾ?
സങ്കുചിത ചിന്താഗതിക്കാരുടെ അവഗണനകൾക്കെതിരെ പലതരത്തിൽ സമ്മർദം ചെലുത്തി. നിരവധി ചലച്ചിരതപ്രവർത്തകർ ഇക്കാര്യത്തിൽ മുൻകൈ എടുത്തു. ഇവിടത്തെ സിനിമ അന്തരീക്ഷം മാറിയാലേ ഇതു വിജയിക്കു എന്നതു വ്യക്തമായിരുന്നു. അതിനാൽ തന്നെ ഇക്കാര്യത്തിൽ കാര്യമായ സമ്മർദം ചെലുത്തുകയായിരുന്നു.
അടൂർ ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ടിൽ പോലും ഇത്തരത്തിൽ ചിത്രങ്ങൾക്കു മികച്ച പരിഗണന നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളൊക്കെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് അധികൃതരെ സമീപിച്ചത്.
മാറിയ കെഎസ്എഫ്ഡിസി മാനേജ്‌മെന്റാണു ഇതിൽ ശരിക്കും ഇടപെട്ടത്. രാജ്‌ാേഹൻ ഉണ്ണിത്താൻ ചെയർമാനായി വന്നശേഷമാണ് പ്രത്യേക താൽപര്യമെടുത്ത് മുഖ്യധാരക്കാർ അവഗണിക്കുന്ന സിനിമകൾക്കു കൂടി പ്രത്യേക പരിഗണന നൽകാൻ നടപടി സ്വീകരിച്ചത.
രാജ്‌മോഹൻ ഉണ്ണിത്താനുമായി മുൻ പരിചയം പോലും ഞങ്ങൾക്കില്ലായിരുന്നു. കെഎസ്എഫ്ഡിസി ചെയർമാൻ എന്ന നിലയിൽ ഞങ്ങൾ നേരിട്ടു പോയി കാണുകയായിരുന്നു. അടൂർ ഗോപാലകുഷ്ണൻ സമിതി റിപ്പോർട്ടിന്റെ കാര്യമുൾപ്പെടെ ചൂണ്ടിക്കാട്ടുകയും ചെയ്തു. റിപ്പോർട്ട് ഇപ്പോഴും സർക്കാരിന്റെ കൈയിൽ ഇരിക്കുന്നതേയുള്ളൂ, നടപ്പിലാക്കിയിട്ടില്ല എന്നു പുതിയ ചെയർമാനോടു പറയുകയും ചെയ്തു.
എന്തായാലും നല്ല കാര്യമാണ്. അതു ഞങ്ങൾ നടപ്പിലാക്കും എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഇക്കാര്യങ്ങളോടു പ്രതികരിച്ചത്. നടപ്പിലാക്കാം എന്നു പറയുക മാത്രമല്ല, അവഗണന അനുഭവിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള നടപടി കൂടി സ്വീകരിച്ചു എന്നയിടത്താണ് കെഎസ്എഫ്ഡിസിയുടെ പഴയ മാനേജ്‌മെന്റും പുതിയ മാനേജ്‌മെന്റും തമ്മിലുള്ള വ്യത്യാസം കാണാനാകുന്നത്. തൊട്ടടുത്ത മാസം മുതൽ തന്നെ ഇത്തരം ചിത്രങ്ങൾക്കുള്ള സ്ലോട്ട് അദ്ദേഹം അനുവദിച്ചു തരികയും ചെയ്തു.
- ന്യൂ ജനറേഷൻ ചിത്രങ്ങളെന്ന വിളിപ്പേരുള്ള ഒരു ഗണം സിനിമകൾക്കിടയിലും, ഒരു പക്ഷേ, അതിനെക്കാൾ ജനപ്രീതിയോടെ കന്യക ടാക്കീസ് തിയറ്ററുകളിൽ ഓടുന്നുണ്ട് എന്നു പറയാം. അതെക്കുറിച്ച്?
തീർച്ചയായും സന്തോഷം പകരുന്ന കാര്യം തന്നെയാണത്. ഇത്തരം സിനിമകൾ കാണാൻ കേരളത്തിൽ ഇപ്പോൾ ജനങ്ങളുണ്ട് എന്നതുറപ്പാണ്. 25 സെന്ററുകളിലെങ്കിലും ഇത്തരം സിനിമകൾ കളിക്കുമെന്നും അവിടെ ഇതു കാണാൻ ആളുകൾ എത്തുമെന്നും ഉറപ്പുണ്ട്. പക്ഷേ, റിലീസ് ചെയ്യാൻ പലരും സമ്മതിക്കില്ല. പ്രത്യേക തരം സ്റ്റാർ റാക്കറ്റിലുള്ള സിനിമകൾ മാത്രമേ പ്രദർശിപ്പിക്കാൻ അനുവദിക്കൂ എന്നു പറഞ്ഞാൽ എന്തു ചെയ്യാനാകും? അല്ലെങ്കിൽ അവർ ചെയ്യുന്നത് ഏറ്റവും മോശം സമയം ഞങ്ങൾക്കു നൽകും. ഒരുതരത്തിലും ആർക്കും രക്ഷപ്പെടാൻ കഴിയില്ല എന്ന രീതിയിലുള്ള സമയമാകും തിയറ്ററുകളിൽ അനുവദിക്കുന്നത്.
ഉദാഹരണത്തിന്, കഴിഞ്ഞ കെഎസ്എഫ്ഡിസി മാനേജ്‌മെന്റ് മുന്നോട്ടുവച്ച നിർദ്ദേശം മാർച്ചിൽ എസ്എസ്എൽസി പരീക്ഷാ സമയത്ത് എല്ലാ സിനിമകളും കൂടി ഒരുമിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ എത്തിയ നാലു ചിത്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും പ്രദർശിപ്പിക്കാൻ സജ്ജമാണെന്നും അതു ചെയ്യണമെന്നും അന്താരാഷ്ട്ര ജൂറി നിർദ്ദേശിച്ചിട്ടുപോലും വിമുഖത കാട്ടുന്ന നിലപാടായിരുന്നു അധികൃതർക്ക്. ഈ ചിത്രങ്ങളുടെ പ്രദർശനം ഒരു ബാധ്യതയെന്ന നിലയിലാണ് സർക്കാർ കണ്ടത്.
ക്രൈം നമ്പർ 89, അസ്തമയം വരെ, കന്യക ടാക്കീസ്, സഹീർ ഈ സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ജൂറി ആവശ്യപ്പെട്ടത്. ആ താൽപര്യം ജൂറി പ്രകടിപ്പിച്ചതു കൊണ്ട് ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അധികൃതർ നിർബന്ധിതരായി. അതു കെഎസ്എഫ്ഡിസിക്കും ഒരു ഭാരമായി. അതുകൊണ്ട് അവർ ആ ഭാരമൊഴിക്കാൻ വേണ്ടി പരീക്ഷാസമയത്ത് റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.[BLURB#3-VR]
എന്നാൽ, നാലുസിനിമയും ഒരുമിച്ചു റിലീസ് ചെയ്യാനുള്ള നീക്കത്തെ എതിർക്കുകയാണു ഞാൻ ചെയ്തത്. ഒരു സിനിമയിൽ കൂടുതൽ ഒരു സമയം റിലീസ് ചെയ്യരുതെന്നു ഞാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. അത്തരത്തിൽ ഔദാര്യ റിലീസ് വേണ്ട എന്ന് പറയുകയും ചെയ്തു. ആ സംഭവത്തിനൊക്കെ ശേഷമാണു കെഎസ്എഫ്ഡിസിയുടെ മാനേജ്‌മെന്റ് മാറുന്നതും പുതിയ മാനേജ്‌മെന്റ് വരുന്നതും.
- ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്കൊപ്പം ജൂലൈ പത്തിനാണു കന്യക ടാക്കീസും റിലീസ് ചെയ്തത്. എന്നിട്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞു.
വൻകിട ചിത്രങ്ങൾക്കു വേണ്ടി തിയറ്ററുകൾ ബുക്കു ചെയ്തു വയ്ക്കുന്ന വിതരണക്കാരൊന്നും അധികം തെരഞ്ഞെടുക്കാത്ത ഒരു സമയമായിരുന്നു ഇത്. റമദാൻ മാസവും കനത്ത മഴയും പുറമെ തിയറ്റർ സമരവും നടന്ന സമയമായിരുന്നു അത്. ഇതിനിടെയാണ് ബാഹുബലിയും എത്തിയത്. എങ്കിലും പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് ചിത്രം വിജയമാകുകയായിരുന്നു.
പരമ്പരാഗത തിയറ്ററുകൾ അല്ലാതെ പുതുതായി ആരംഭിച്ച മൾട്ടിപ്ലക്‌സുകളുടെ ഉടമകൾ പലരും ഈ ചിത്രം ഏറ്റെടുക്കാൻ തയ്യാറായി. എട്ടു തിയറ്ററിൽ ചിത്രം റിലീസ് ചെയ്യാൻ അവസരവും ലഭിച്ചു. പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. തിയറ്ററുകളിൽ ഇത്തരം ചിത്രങ്ങൾ കൂടുതൽ റിലീസ് ചെയ്തുകൊണ്ടു മാത്രമേ സിനിമാ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന മൂഢധാരണകളെ പൊളിച്ചെഴുതാനാകൂ.
റമദാൻ കാലമായതിനാൽ അടുത്തയാഴ്ച മറ്റു ചിത്രങ്ങൾ വരുമ്പോൾ ഇതിനു തിയറ്റർ വിടേണ്ടി വരുമെന്നു പറഞ്ഞാണ് പല തിയറ്ററുകളും കന്യക ടാക്കീസിനെ സ്വീകരിച്ചത്. പലയിടത്തും രാവിലെ 9.30നുള്ള മോർണിങ് ഷോയ്ക്കു മാത്രമായി ഒതുക്കുകയും ചെയ്തു. രാവിലെ വച്ചാൽ ആളുകയറുമോ എന്ന സംശയത്തിൽ ഷോ നടത്താൻ പോലും മടിച്ച തിയറ്ററുകളും ഉണ്ട്.
എന്നാൽ, കൊട്ടിഘോഷിച്ച് ഇറക്കിയ പല സിനിമകൾക്കും ആളില്ലാതെ വരികയും നമുക്കു കൂടുതൽ ഷോയ്ക്ക് അവസരം നൽകാമെന്നു പറയുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മികച്ച സിനിമയ്ക്ക് പ്രേക്ഷകർ എന്നും ഉണ്ടാകും എന്നതു തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ചിത്രം കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നും അതുമാറ്റി കന്യക ടാക്കീസ് പ്രദർശിപ്പിച്ചോട്ടെ എന്നു ചോദിച്ച തീയറ്റർ ഉടമകളും ഉണ്ടെന്നത് മികച്ച ചിത്രങ്ങൾക്കു പ്രേക്ഷകർ തിയറ്ററുകളിൽ എത്തും എന്നതിന്റെ തെളിവായി വേണം കാണാൻ. കേരളത്തിലെ പ്രേക്ഷകന് മനുഷ്യന്റെ ബുദ്ധിയെ പരിഹസിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ മതി എന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന അബദ്ധധാരണകൾ പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു എന്നു തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്.
ആ അർഥത്തിൽ കെഎസ്എഫ്ഡിസിയുടെ പുതിയ മാനേജ്‌മെന്റ് എടുത്തിട്ടുള്ള തീരുമാനം സന്തോഷം പകരുന്നതാണ്. പുതിയ മൾട്ടിപ്ലക്‌സുകളും ഇക്കാര്യം പോസിറ്റീവായി എടുത്തിട്ടുണ്ട് എന്നതും പ്രശംസനീയമാണ്. ഇതൊരു മാറ്റത്തിന്റെ തുടക്കം എന്നു തന്നെ നമുക്കു കരുതാനാകും.[BLURB#2-H]
സിനിമ എന്ന കലയിൽ പലതരം സൃഷ്ടികൾ വരണം. വൈവിധ്യമുണ്ടെങ്കിൽ മാത്രമേ അതിനു വളർച്ചയുണ്ടാകു. അല്ലെങ്കിൽ ഒരേതരം സൂപ്പർ സ്റ്റാർ സിനിമകൾ കണ്ട് പ്രേക്ഷകരും അതുവഴി സിനിമ തന്നെയും മുരടിച്ചുപോകും. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
- ചിത്രത്തിൽ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. ശബ്ദലേഖനത്തിൽ ദേശീയ പുരസ്‌കാരം നേടിയ ഹരികുമാറാണ് കന്യക ടാക്കീസിലും ശബ്ദലേഖനം?
എന്റെ ഡോക്യുമെന്ററികളിലൊക്കെ സഹകരിച്ച വ്യക്തിയാണ് ഹരികുമാർ. കന്യക ടാക്കീസിൽ ശബ്ദലേഖനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും എനിക്കു ധാരണയുണ്ടായിരുന്നു. ചിത്രത്തിന്റെ കഥയിൽ തന്നെ ശബ്ദത്തിനു പ്രാധാന്യമുണ്ട്. അതുകൊണ്ട് അത്തരം ഒരു ശബ്ദപഥം രൂപീകരിക്കുന്നതിനുള്ള വിഭാഗം ശക്തമായിരിക്കണം എന്നു മുൻകൂട്ടി തീരുമാനിച്ചതു തന്നെയാണ്. അതിനാലാണ് ഹരികുമാറിനെത്തന്നെ ശബ്ദലേഖനത്തിന്റെ ചുമതല ഏൽപ്പിച്ചതും ലൈവ് റെക്കോർഡിങ് നടത്തിയതും.
- പ്രോജക്ടുകളിൽ പുതുമുഖങ്ങൾക്കാണോ പ്രാധാന്യം?
കന്യക ടാക്കീസിലെ കലാകാരന്മാരിൽ പതിനഞ്ചോളം പേർ പുതുമുഖങ്ങളായിരുന്നു. അന്ധമായ ഒരു താരാരാധന വച്ചുപുലർത്തുന്ന ആളല്ല ഞാൻ. സൂപ്പർ താരങ്ങളോടു വിരോധവുമില്ല. അവരൊക്കെ മികച്ച നടന്മാർ തന്നെയാണ്. സിനിമയ്ക്ക് ഉതകുന്നത് ആരാണോ അവരെ സമീപിക്കുക എന്നതാണ് ഉചിതം. താരങ്ങൾക്കു വേണ്ടി സിനിമ തേടാതെ കൈയിലുള്ള സിനിമയ്ക്കു പറ്റുന്ന കലാകാരന്മാരെ തേടുകയാണു വേണ്ടത്.
നിലവിൽ രണ്ട് ഡോക്യുമെന്ററികളുടെ പണിപ്പുരയിലാണ് കെ ആർ മനോജ് എന്ന സംവിധായകൻ. ഏറെ സമയമെടുത്തു ചെയ്യേണ്ട ഒന്നാണ് ഫീച്ചർ ഫിലിം എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹം. രണ്ടുവർഷത്തോളമെടുത്താണ് കന്യക ടാക്കീസ് പൂർത്തിയാക്കിയത്.
മാദ്ധ്യമപ്രവർത്തകനായി ജീവിതം തുടങ്ങി സിനിമയുടെ വഴിയിലേക്കെത്തിയ ഈ പ്രതിഭാധനനു പറയാനുള്ളത് ഇതാണ്: 'മനസിൽ രൂപപ്പെടുന്ന സിനിമകളാണ് എടുക്കേണ്ടത്. നിരന്തരം ഒത്തുതീർപ്പുകൾക്കു വഴങ്ങാതിരിക്കുക. അത്തരത്തിൽ ഒത്തുതീർപ്പുകൾക്കു വഴങ്ങിയാൽ നമ്മുടെ മനസിലുള്ള സിനിമകൾ ആകില്ല പുറത്തുവരിക.
ജീവിത പങ്കാളിയായ രഞ്ജിനി കൃഷ്ണൻ കന്യക ടാക്കീസിന്റെ തിരക്കഥാരചനയിലും മനോജിനെ സഹായിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ഗവേഷകയായ രഞ്ജിനിക്കു പുറമെ മനോജും പി വി ഷാജികുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഷെഹനാദ് ജലാലാണു ക്യാമറ. എഡിറ്റിങ് മഹേഷ് നാരായണൻ.
കേരളത്തിനു പുറത്തുള്ള പ്രേക്ഷകർക്കു വേണ്ടി ഉടൻതന്നെ ഓൺലൈൻ റിലീസ് നടത്താനുള്ള തയ്യാറെടുപ്പിലാണ് മനോജും സംഘവും. ഗ്രാമപ്രദേശങ്ങളിൽ ഡിജിറ്റൽ കേബിൾ നെറ്റ്‌വർക്കു വഴി ചിത്രം റിലീസ് ചെയ്യാനുള്ള ശ്രമവും ഇവർ നടത്തുന്നുണ്ട്.