- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
കൊച്ചി: വേമ്പനാട്ടുകായലിലെ നെടിയതുരുത്ത് ദ്വീപിൽ നിർമ്മിച്ച കാപികോ റിസോർട്ട് പൊളിച്ചുമാറ്റാൻ സർക്കാർ നടപടികൾ തുടങ്ങി. സുപ്രീംകോടതി വിധിക്കെതിരേ ഉടമകൾ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്. ആദ്യ നടപടിയായി പാരി സ്ഥിതിക ആഘാതപഠനം നടത്താൻ സമിതിയെ നിയോഗിക്കും. റിസോർട്ട് ജനവാസ മേഖലയിലല്ല എന്നതിനാൽ പൊതുവെ വെല്ലുവിളികൾ കുറവാണ്. അതേസമയം, മത്സ്യസമ്പത്ത് അടക്കം അതീവ ജൈവ പരിസ്ഥിതി മേഖലയായ വേമ്പനാട്ട് കായലിൽ നിലകൊള്ളുന്ന റിസോർട്ട് പൊളിക്കൽ അത്രക്ക് എളുപ്പമാകണമെന്നില്ല.
ജസ്റ്റിസ് റോഹിൻടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് ചേംബറിലാണു റിവ്യൂ ഹർജി പരിഗണിച്ചത്. തീരനിയമം പാലിക്കാതെയും കായൽ കൈയേറ്റം നടത്തിയും നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന 2013-ലെ ഹൈക്കോടതി വിധി 2020 ജനുവരിയിൽ സുപ്രീംകോടതി ശരിവച്ചിരുന്നു. ഇതിനെതിരേയാണ് ഉടമകൾ റിവ്യൂഹർജി നൽകിയത്. പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിപ്പകർപ്പ് വിശദമായി പരിശോധിച്ചശേഷമേ നടപടികളുമായി മുന്നോട്ട് പോകൂവെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. വിധിപ്പകർപ്പ് കിട്ടിയതായി കലക്ടർ എം. അഞ്ജനയും വ്യക്തമാക്കി. ഇതുസംബന്ധിച്ച് റവന്യൂമന്ത്രിയുമായി കലക്ടർ പ്രാരംഭ ചർച്ച നടത്തി.
റാംസർ മേഖലയിൽപെട്ട ഇവിടെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും മറ്റും എതിർപ്പ് വകവെക്കാതെ എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് റിസോർട്ട് നിർമ്മിച്ചത്. അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സാധ്യമാക്കിയ ഈ നിർമ്മിതിക്കെതിരെ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി സ്നേഹികളും ഒറ്റക്കെട്ടായി നടത്തിയ നിയമപോരാട്ടത്തിന്റെ അന്തിമ വിജയമായിരുന്നു സുപ്രീംകോടതി വിധി. പാണാവള്ളി പഞ്ചായത്തിൽപെടുന്ന നെടിയതുരുത്തിൽ 24 ഏക്കറിലാണ് സപ്തനക്ഷത്ര സൗകര്യങ്ങളോടെ റിസോർട്ട് പണിതത്. ഇത് പൊളിച്ച് ദ്വീപ് പൂർവസ്ഥിതിയിലാക്കാനാണ് ജനുവരി 10ന് സുപ്രീംകോടതി വിധി ഉണ്ടായത്.
54 വില്ലകളും കോൺഫറൻസ് ഹാളുകളുമടക്കം 72 കെട്ടിടങ്ങളുണ്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകൾക്ക് 40 അടി വരെ താഴ്ചയുണ്ട്. പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതംകൂടി പഠിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. ഈ സമിതിയുടെ റിപ്പോർട്ട് അതിനിർണ്ണായകമാണ്. ഇവരെ സ്വാധീനിച്ച് പൊളിക്കൽ അട്ടിമറിക്കാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. എന്നാൽ സുപ്രീംകോടതിയുടെ ഉറച്ച് നിലപാട് ഇതിനെല്ലാം തടസ്സമായി മാറും.
ഇത് മത്സ്യത്തൊഴിലാളി പോരാട്ടത്തിന്റെ വിജയം
കാപികോ റിസോർട്ട് നിർമ്മിച്ച 17.34 ഏക്കറിൽ 7.26 ഏക്കർ സർക്കാർ പുറമ്പോക്കാണെന്നു രേഖകൾ നേരത്തെ പുറത്തു വന്നിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആലപ്പുഴ കളക്ടറുടെ നിർദ്ദേശപ്രകാരം നടന്ന സർവേയിലാണ് ഇതു കണ്ടെത്തിയത്. പാണാവള്ളി പഞ്ചായത്തിൽപെട്ട വേമ്പനാട്ട് കായലിലെ സ്വകാര്യ ദ്വീപിൽ ചട്ടങ്ങൾ ലംഘിച്ച് പണിതുയർത്തിയ കാപികോ റിസോർട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പിന്നിലെ പ്രധാന ചാലക ശക്തിയായി നിലകൊണ്ടത് സാധാരണക്കാരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. അതിജീവനത്തിനായി അവർ നടത്തിയ നിയമപോരാട്ടമാണ് വിജയം കാണുന്നത്.
ഇതിൽ കാപികോ കേരള റസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മോഹനൻ വെട്ടത്ത് ആർ.ഡി.ഒ.യ്ക്ക് ഹർജി നൽകിയിരുന്നു. ഇതു തള്ളി, സർക്കാർഭൂമി പിടിച്ചെടുക്കാൻ ചേർത്തല അഡീഷണൽ തഹസിൽദാരോട് 2013 ഒക്ടോബർ ആറിന് ആർ.ഡി.ഒ. ഉത്തരവ് നൽകിയിട്ടുള്ളതാണെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കാപികോ ഇതുവരെ കുലുങ്ങാതിരുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുണ്ടെന്ന് ശാസ്ത്ര സമൂഹം ഒരേ പോലെ സമ്മതിക്കുന്ന വേമ്പനാട്ട് കായലിനെ വിഴുങ്ങും വിധമായിരുന്നു നെടിയതുരുത്ത് ദ്വീപിൽ കാപികോ റിസോർട്ട് സമുച്ചയം പണിതുയർത്തിയത്.
2006 ലാണ് പരിസ്ഥിതി സംരക്ഷണത്തിന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ജൈവബദലായ കണ്ടൽകാടുകളും മത്സ്യസമ്പത്തുകൊണ്ട് വേറിട്ട കായൽ ജലാശയവും തീരദേശ പരിപാലന നിയമം നഗ്നമായി ലംഘിച്ച് കൈയേറി നിർമ്മാണം തുടങ്ങിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ ഊന്നിവലകൾ വരെ പരസ്യമായി നശിപ്പിച്ചായിരുന്നു നിർമ്മാണം. നിയമങ്ങൾ കാറ്റിൽ പറത്തി നേടിയെടുത്ത ഭൂമിയിൽ തീർത്ത റിസോർട്ടിന് ചുറ്റും മത്സ്യബന്ധനം പോലും തടയാൻ റിസോർട്ട് അധികൃതർ ധൈര്യപ്പെട്ടു.
ഭരണാനുമതി നൽകിയത് സിപിഎം
എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തിയാണ് വാമിക ഐലൻഡ്- കാപ്പികോ റിസോർട്ടുകൾ പണിതുയർത്തിയത്. നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗമായ ചെമ്മീൻ കൃഷി നടത്തിയിരുന്ന പ്രദേശം നികത്തിയാണ് 2006ൽ കാപ്പികോ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്. ദ്വീപിലെ താമസക്കാരനായിരുന്ന കുഞ്ഞൻപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി റോയ് മാത്യുവും രത്ന ഈശ്വരനും ചേർന്ന് വാങ്ങിയാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കം. സിപിഎം. പാണവള്ളി പഞ്ചായത്ത് ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് പദ്ധതിക്ക് നിർമ്മാണാനുമതി ലഭിക്കുന്നത്. അനുമതി നൽകാൻ അധികാരമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പദ്ധതിക്ക് അനുമതിനൽകുന്നത്.
നിർമ്മാണാനുമതി ലഭിച്ചതിനെ തുടർന്ന് വലിയതോതിൽ കായൽ നികത്തി കമ്പനി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടെ ജോലി തടസ്സപ്പെട്ട ഊന്നി വലത്തൊഴിലാളികളാണ് ആദ്യമായി പരാതി നൽകിയത്.റിസോർട്ട് മാനേജ്മന്റെുകളെ പ്രതിചേർത്ത് സമർപ്പിക്കപ്പെട്ട ഏഴ് ഹരജികളിൽ 2013 ജൂൺ 25ന് കേരള ഹൈക്കോടതി വിധിപറഞ്ഞത്. തീരപരിപാലന നിയമം ലംഘിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയ കോടതി നിർമ്മാണങ്ങളും നികത്തലുകളും നീക്കി പ്രദേശം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ടു. അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിർമ്മിച്ചു, തണ്ണീർത്തടം നികത്തി നിർമ്മാണപ്രവർത്തനങ്ങൾ നടത്തി, കായൽ കൈയേറി തുടങ്ങിയ ആരോപണങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.
റിസോർട്ട് നിർമ്മാണത്തിനായി 2.04 ഏക്കർ കായൽ നികത്തിയതായി ആലപ്പുഴ ജില്ല കലക്ടർ കണ്ടെത്തിയിരുന്നു. സ്വകാര്യ ദ്വീപ് കേന്ദ്രീകരിച്ച് നടത്തിയ കായൽ കൈയേറ്റം മൂന്നുമാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നെടിയതുരുത്ത് ദ്വീപിൽ റിസോർട്ട് നിർമ്മിച്ചതെന്നു വിലയിരുത്തിക്കൊണ്ടാണ്് റിസോർട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്. ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളുകയായിരുന്നു. റിവ്യൂ ഹർജിയും തള്ളി.
വേമ്പനാട്ട് കായൽ അതി പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയതുരുത്തിൽ പരാതിക്കാർ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുത്തൂറ്റിന്റെ കാപ്പികോ
ഡീലക്സ് ഉൾപ്പടെ 54 വില്ലകളാണ് കാപ്പികോയിൽ ഒരുക്കിയിരുന്നത്. ഡീലക്സ് വില്ലകളിൽ രണ്ട് നീന്തൽക്കുളങ്ങൾ വീതമാണ് ഒരുക്കിയിരുന്നത്. മിനി മുത്തൂറ്റ് ഗ്രൂപ്പിൽനിന്നാണ് കാപികോ ഗ്രൂപ്പായി വികസിക്കുന്നത്. 1996-ൽ തന്നെ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഇവിടെ ഹോട്ടലിനായി പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. 2007-ലാണ് മിനി മുത്തൂറ്റ് ഗ്രൂപ്പ് സിങ്കപ്പൂരിലെ അന്താരാഷ്ട്ര ഹോട്ടൽ വ്യവസായ സംരംഭകരായ ബന്യൻട്രീ, കുവൈത്തിലെ കാപികോ എന്നിവരുമായി കൈകോർത്ത് കാപികോ കേരള റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. 2007 ജൂലായിൽ പുതിയ സംരംഭത്തിന് അനുമതിതേടി. ഗ്രൂപ്പ് ആദ്യം ലക്ഷ്യമിട്ടത് 150 കോടിയുടെ പദ്ധതിയാണെങ്കിലും പൂർത്തിയായപ്പോൾ 350 കോടി കടന്നതായാണ് കണക്കുകൾ. ഇതിനെതിരെയുള്ള നിയമ പോരാട്ടം ആദ്യം മാധ്യമങ്ങൾ വാർത്തയാക്കിയില്ല. ഒന്നും പുറം ലോകത്തുമെത്തിയില്ല. പക്ഷേ കോടതി ഇടപെടലുകൾ നിർണ്ണായകമായി.
കാപികോ റിസോർട്ടിൽ കായൽ കടന്ന് വൈദ്യുതി എത്തിക്കാൻ കേബിൾ ഇട്ടതിന് മാത്രം ഒന്നരക്കോടി രൂപയാണ് ചെലവഴിച്ചത്. വൈദ്യുതി എത്തിച്ചതിനുള്ള ആകെ ചെലവ് രണ്ടുകോടി രൂപയോളം വരും. വേമ്പനാട്ട് കായലിലെ നെടിയതുരുത്തിലേക്ക് കൊല്ലൻകൂമ്പ് ഭാഗത്തുനിന്ന് വൈദ്യുതി എത്തിക്കാൻ ഹൈടെൻഷൻ കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്.1007 മീറ്റർ കായലിലും 165 മീറ്റർ കരയിലുമായാണ് കേബിൾ ഇട്ടിരിക്കുന്നത്. മാക്കേകവലയിലെ സബ്സ്റ്റേഷനിൽ നിന്നും റോഡരികിലൂടെ ഇട്ടിരിക്കുന്ന കേബിൾ വേറെയും. വൈദ്യുതി കണക്ഷൻ ഫീസായി 13 ലക്ഷം രൂപ കെ.എസ്.ഇ.ബി.യിൽ അടച്ചു. വൈദ്യുതി മുടങ്ങാതിരിക്കാൻ 1000 കെ.വി., 250 കെ.വി. തുടങ്ങിയ ജനറേറ്ററുകളും സജ്ജമാക്കിയിരുന്നു.
അതീവ പരിസ്ഥിതി ലോല പ്രദേശം, യുനസ്കോയുടെ റാംസർ കൺവൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ചതുപ്പ് നിലംഈ വിശേഷണങ്ങളുള്ള ചേർത്തല നെടിയ തുരുത്തിലാണ് മുത്തൂറ്റ് കാപ്പികോ റിസോർട്ട് കെട്ടിപ്പൊക്കിയത്. 150 കോടി ചെലവിൽ സെവൻ സ്റ്റാർ റിസോർട്ട് പണിതുയർത്താൻ തീരദേശ പരിപാലന നിയമം, മാത്രമല്ല, 1957ലെ ഭൂസംരക്ഷണ നിയമവുംലംഘിച്ച് ഹെക്ടറുകണക്കിന് സർക്കാർ ഭൂമിയും കൈയേറിയെന്നും ആരോപണമുണ്ടായി. മരടിലെ ഫ്ളാറ്റുകളുടെ അതേ വിധി കേരളത്തിലെ മുത്തൂറ്റ്, കുവൈത്തിലെ കാപ്പികോ ഗ്രൂപ്പുകളുടെ ഈ സംയുക്ത സംരംഭത്തെ തേടിയെത്തി..
ചേർത്തലയ്ക്കടുത്ത പാണാവള്ളിയിൽ വേമ്പനാട്ടു കായലിലെ ആൾവാസം കുറഞ്ഞ നെടിയതുരുത്ത് ദ്വീപിനെ കാപ്പിക്കോ കണ്ണു വെക്കുന്നത് തൊണ്ണൂറുകളിലാണ്. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ശരിക്കും ഒറ്റപ്പെട്ട തുരുത്ത്. ഇവിടേക്ക് എത്തിപ്പെടുക അത്ര എളുപ്പവുമല്ല. വൈദ്യുതിയില്ലാത്ത തുരുത്തിൽ കുടിവെള്ളവും പ്രശ്നമായിരുന്നു. അതിനാൽ സ്ഥലം വാങ്ങാൻ റിസോർട്ട് സംഘം എത്തിയപ്പോൾ അവിടെയുള്ള ഏതാനും താമസക്കാർ രണ്ടാമതൊന്ന് ആലോചിച്ചില്ല.
കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി. പോരാത്തത് കൈയേറി, കായൽ കരയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ 50 റിസോർട് ഇവിടെ പണിതുയർത്തി. കാപ്പികോ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തുന്നത് 2012ലാണ്. 2.0939 ഹെക്ടർ സർക്കാർ ഭൂമി റിസോർട്ട് കൈയേറിയെന്ന് സർവേ ഡെപ്യുട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി. തുടർന്ന് ചേർത്തല ഡെപ്യൂട്ടി തഹസിൽദാർ കൈയേറ്റം സംബന്ധിച്ച് നോട്ടീസ് നൽകി. ഇതിനെതിരെ കാപ്പികോ ഹൈക്കോടതിയിൽനിന്ന് അപ്പീൽ നൽകാൻ ഉത്തരവ് നേടി. കൈയേറ്റം നടന്നതായാണ് ആർഡിഒ റിപ്പോർട്ട്. 7.0212 ഹെക്ടർ ഭൂമിയുള്ളതിൽ 2.0397 ഹെക്ടർ സർക്കാർ ഭൂമിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീം കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഒടുവിൽ സുപ്രീം കോടതിതന്നെ പൊളിക്കാനും അനുമതി നൽകി. കെട്ടിപ്പൊക്കിയ നക്ഷത്ര സൗധങ്ങൾ ഒന്നുപോലും തുറക്കാതെ, ഒരു അതിഥിയെപോലും താമസിപ്പിക്കാതെയാണ് മുത്തൂറ്റ് കാപ്പികോ തകർന്ന് വീഴാൻ പോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ