ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ അഴിമതി ആരോപണം ഉയർത്തിയ മുൻ മന്ത്രിയും എംഎ‍ൽഎയുമായ കപിൽ മിശ്രയെ കയ്യേറ്റം ചെയ്തു. കെജ്രി വാളിനെതിരായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ നിരാഹാരം ഇരിക്കുന്നതിനിടെയായിരുന്നു മർദ്ദനം. കപിലിനെ അക്രമിച്ച യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ഇന്ന് വൈകീട്ടാണ് സംഭവം. ആം ആദ്മി പാർട്ടി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് സിവിൽ ലെയിനിലുള്ള വീടിന് സമീപമാണ് എംഎ‍ൽഎ നിരാഹാര സമരം നടത്തുന്നത്. അങ്കിത് ഭർദ്വാജ് എന്നയാളാണ് കപിലിനെ അക്രമിച്ചതിന് പിടിയിലായത്.

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിൽ നിന്നും കെജ്രിവാൾ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങുന്നത് താൻ നേരിട്ടുകണ്ടിട്ടുണ്ടെന്നാണ് കപിൽ മിശ്ര ആരോപിച്ചിരുന്നത്. ജലവിഭവമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നേതാവാണ് കപിൽമിശ്ര. 'കേജരിവാളിന് സത്യേന്ദ്ര ജെയ്ൻ രണ്ടു കോടി രൂപ കൈക്കൂലി നൽകിയതിനു താൻ സാക്ഷിയാണ്. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് സത്യേന്ദ്ര ജെയ്ൻ പണം നൽകിയത്.' - എന്നായിരുന്നു മിശ്ര പറഞ്ഞത്.

ഇതിനു പുറമേ കേജരിവാളിന്റെ ബന്ധുവിന് വേണ്ടി 50 കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കപിൽമിശ്ര പറഞ്ഞിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പിലെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടിയിൽ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിൽ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കരുതിയിരുന്നത്. രണ്ടു വർഷമായി അദ്ദേഹത്തെ വിശ്വസിക്കുകയാണ്. എന്നാൽ രണ്ടുദിവസം മുമ്പ് വിശ്വാസം ഇല്ലാതായി. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന് എവിടെനിന്നാണു ഇത്രയും പണം. തെറ്റുപറ്റിയതിൽ ക്ഷമ പറയണമെന്ന് താൻ മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടു. പക്ഷെ കേജരിവാൾ നിശബ്ദനായിരുന്നെന്നും കപിൽ മിശ്ര മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിരാഹാരം ആരംഭിച്ചത്.